ഇടയ്ക്ക



പഞ്ചവാദ്യം, സോപാനസംഗീതം തുടങ്ങിയ കലാരൂപങ്ങളില്‍ ഉപയോഗിക്കുന്ന വാദ്യമാണ് ഇടയ്ക്ക (എടയ്ക്ക). താളവാദ്യമെന്നതിലുപരി ഗാനവാദ്യം എന്ന നിലയിലാണ് ഇടയ്ക്കയെ പരിഗണിക്കുന്നത്. നടരാജന്‍ നേരിട്ട് ഭൂമിയിലേയ്ക്കയച്ച വാദ്യമാണ് ഇടയ്ക്ക എന്നാണ് സങ്കല്‍പം.

ഒന്നരയടി നീളവും മധ്യത്തില്‍ നാലിഞ്ചും അഗ്രങ്ങളില്‍ ആറിഞ്ചും വ്യാസമുള്ള കുറ്റിയില്‍ ഇരുവശത്തും തോല്‍ പൊതിഞ്ഞ് തോല്‍വട്ടങ്ങള്‍ ചരടുകൊണ്ട് ബന്ധിപ്പിച്ചാണ് ഇടയ്ക്ക  നിര്‍മ്മിക്കുന്നത്. കുറ്റിയേക്കാള്‍ വലിപ്പം കൂടിയതാണ് വട്ടങ്ങള്‍. കുറ്റിയുടെ ഇരുഭാഗത്തും നടുക്കായി ഈരയോ കുതിരവാലോ ഇരുവരിയായി കെട്ടും. തോലുകള്‍ക്ക് കുറ്റിയുടെ മുഖത്തേക്കാളും വലിപ്പമുള്ളതിനാല്‍ ചരടുകള്‍ അയയാതിരിക്കാന്‍ കുറ്റിയുടെ ഇരുവശങ്ങളിലും നീണ്ട മരക്കട്ടകള്‍ വയ്ക്കുന്നു. നേര്‍ത്ത തോലാണ്  ഇടയ്ക്കയിലുള്ളത്. രണ്ടുമുഖങ്ങളും ഒരുപോലെ വായിക്കാവുന്ന തരത്തിലാണ് സംവിധാനം. എങ്കിലും ഒരു മുഖം മാത്രമാണ് വായിക്കുന്നത്. അതീവമൃദുലമായ നാദം ഉതിര്‍ക്കാന്‍ ഇടയ്ക്കയ്ക്ക് കഴിയും.  കുറ്റിയുടെ മധ്യഭാഗത്ത് ചരടുകളെ ചുറ്റി ഒരു നാട കെട്ടിയിട്ടുണ്ട്. ഇതിനെ ഇടംകൈകൊണ്ട് പിടിച്ച് വലംകൈ കൊണ്ട്  കോല്‍ പ്രയോഗിച്ചാണ് വായിക്കുന്നത്. ചരട് മുറുക്കിയും അയച്ചും ചരടുകളുടെ മര്‍ദ്ദം വ്യത്യാസപ്പെടുത്താം. തന്നിമിത്തം നാദങ്ങള്‍ക്കും വ്യത്യാസം വരുന്നു. ഇങ്ങനെ സപ്തസ്വരങ്ങളും ഇടയ്ക്കയില്‍ വായിക്കാം. പാട്ടുകള്‍ ഇടയ്ക്കയിലൂടെ അവതരിപ്പിക്കാനുമാകും. അതുകൊണ്ട് തന്നെയാണ് ഇടയ്ക്കയെ ഒരു ഗാനവാദ്യമായി കണക്കാക്കുന്നതും.

മംഗളവാദ്യങ്ങളില്‍ ഏറ്റവും ദൈവീകതയുള്ളത് ഇടയ്ക്കയ്ക്കാണ്. ശിവന്റെ കയ്യിലെ കടുന്തുടിയുടെ ആകൃതിയാണ് ഇടയ്ക്കയ്ക്ക്. ഉപയോഗം കഴിഞ്ഞ് തറയില്‍ വയ്ക്കരുതെന്നാണ് ചട്ടം. ശ്രീകോവിലിന്റെ അരികിലായി തൂക്കിയിടുകയാണ് വേണ്ടത്. സോപാനസംഗീതം പോലുള്ള കൊട്ടിപ്പാടി സേവയില്‍ പക്കവാദ്യമെന്ന നിലയിലാണ് ഇടയ്ക്ക ഉപയോഗിക്കുന്നതെങ്കിലും ഗീതത്തിനു തുല്യമായ പ്രാമാണ്യം ഇടയ്ക്കവാദനത്തിനുമുണ്ട്.

ഉര്‍ദുവിലെ "ഢക്കാ"യാണ് മലയാളത്തില്‍ ഇടയ്ക്കയായത്. രാമചരിതത്തില്‍ "മരണിഴാണം" എന്നാണ് ഇടയ്ക്കയെക്കുറിച്ച് പറയുന്നത്. ഗംഗാനദി ഡക്കയുടെ നാദത്തിലാണ് ഒഴുകുന്നതെന്നും സങ്കല്‍പ്പമുണ്ട്. ഈ അര്‍ത്ഥത്തില്‍ ഢക്കാനാദചലജല എന്നൊരു വിളിപ്പേരും ഗംഗയ്ക്കുണ്ട്.