എടത്വാ പെരുന്നാള്‍

ആലപ്പുഴ ജില്ലയിലെ കുട്ടനാടു താലൂക്കില്‍പ്പെട്ട എടത്വാപട്ടണം, അവിടത്തെ സെന്റ് ജോര്‍ജ് ഫൊറോനാപ്പള്ളിയുടെയും എടത്വാ പെരുന്നാളെന്നു പേരു കേട്ട ആണ്ടുത്സവത്തിന്റെയും പേരില്‍ ചരിത്രപ്രസിദ്ധമാണ്. 1800-മാണ്ടിന്റെ ആരംഭത്തിലാണ് പള്ളി നിര്‍മ്മിക്കപ്പെട്ടത്. മധ്യകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്രൈസ്തവ ആരാധനാകേന്ദ്രമായ എടത്വാപ്പള്ളിയിലെ പെരുന്നാള്‍ ദിനത്തില്‍ പുണ്യാളന്റെ സ്വര്‍ണ്ണാങ്കിതമായ തിരുസ്വരൂപം പള്ളിയങ്കണത്തിന്റെ മധ്യത്തില്‍ ഘോഷയാത്രയായി കൊണ്ടു വന്നു സ്ഥാപിക്കുന്നത് ദര്‍ശിക്കുവാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരും. ഉത്സവദിനങ്ങളില്‍ വിവിധയിനം കലാവിരുന്നുകളും കതിനാവെടിയും ഉണ്ടാവും.