ചേന, കായ, വന്‍പയര്‍ എന്നിവ കൊണ്ടുള്ള കറി. മൂപ്പെത്തിയ ഏത്തന്‍ കായയാണ് വേണ്ടത്. കപ്പയും, കാച്ചിലും ചിലര്‍ ഉപയോഗിക്കാറുണ്ട്.
ചേന, കായ എന്നിവ തൊലി കളഞ്ഞ് വലിപ്പമുള്ള കഷണങ്ങളായി മുറിക്കുക. വന്‍പയര്‍ കഴുകിയരിച്ച് കഷണങ്ങളും ചേര്‍ത്ത് വേകാന്‍ പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. കഷണവും പയറും വെന്തു കഴിയുമ്പോള്‍ കഷണങ്ങള്‍ തവി കൊണ്ട് അധികം കലങ്ങി പോകാതെ ഉടച്ച് ഉപ്പിട്ട് വയ്ക്കുക.
തിരുമ്മിയ തേങ്ങ, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് അധികം അരഞ്ഞു പോകാതെ അരയ്ക്കുക. ജീരകം, വെളുത്തുള്ളി, കുരുമുളക് എന്നിവയും അരയ്ക്കണം. അരപ്പ് കലക്കിയൊഴിച്ച് വീണ്ടും കഷണം തിളപ്പിക്കുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകു വറുത്ത് ഒരു പിടി ഉഴുന്നു പരിപ്പും തിരുമ്മിയ തേങ്ങയും കൂടെ മൂപ്പിച്ചു കോരുക. വെന്തു പാകമായ കറിയില്‍ വറുത്തു കോരിയിട്ട് കഴിക്കുക.
വന്‍പയറിനു പകരം ചെറുപയറും ഉപയോഗിക്കാം.