ഏഴാമത്തുകളി

സംഘക്കളിയുമായി ബന്ധമുള്ള അനുഷ്ഠാന കലാരൂപമാണ് ഏഴാമത്തുകളി. ഏഴാമത്തുക്കളി, ഏഴാമടുകളി, ഏഴാമുത്തിപ്പുറപ്പാട് എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നുണ്ട്. പ്രാചീനകേരളത്തിലെ 64 ഗ്രാമങ്ങളിലും ഈ കളി പ്രചാരത്തിലുണ്ടായിരുന്നു എന്നാണ് വിശ്വാസം. അതില്‍ ആദ്യമായി കളി തുടങ്ങിയത് ഏഴാമത്തെ ഗ്രാമത്തിലായിരുന്നുവത്രെ.

രാത്രിയാണ് ഏഴാമത്തുകളി ആരംഭിക്കുന്നത്. കത്തിച്ചുവെച്ച നിലവിളക്കിനു ചുറ്റും കളിക്കാര്‍ ഇരിക്കും. ചോദ്യരൂപത്തിലുള്ള ഗാനങ്ങള്‍ കളിയില്‍ പങ്കെടുക്കുന്ന ഇരുവിഭാഗങ്ങളും പാടികൊണ്ടാണ് കളി പുരോഗമിക്കുന്നത്. 

ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങല തുടങ്ങിയ വാദ്യങ്ങള്‍ ഈ കലാരൂപത്തില്‍ ഉപയോഗിക്കാറുണ്ട്. പാട്ടിനൊപ്പം പലവിധ വേഷക്കാരും കളിയുടെ ഭാഗമായി രംഗത്തുവരും. കാണികളെ രസിപ്പിക്കാനായുള്ള ഹാസ്യകഥാപാത്രങ്ങളാണ് ഇതില്‍ മിക്കതും. കളിയുമായി ബന്ധപ്പെട്ട രസകരമായ മറ്റൊരു കാര്യം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാത്ത സംഘമാണ് ഇത്തരം ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുന്നത്. കളിയുടെ ഭാഗമായി സംഘത്തലവന്‍, സംഘാംഗങ്ങള്‍ക്ക് പരിഹാസപ്പേരുകള്‍ നല്‍കാറുണ്ട്. വാലാട്ടി, കാക്ക തുടങ്ങിയ പേരുകള്‍ ഇത്തരത്തില്‍പ്പെടും.