പഠന കേന്ദ്രങ്ങള്‍ /ഫോക്‌ലോര്‍ വില്ലേജുകള്‍

ഫോക്‌ലോറിന്റെ സന്ദേശം സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗത്തും പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫോക്‌ലോര്‍ വില്ലേജുകള്‍, സബ്ബ് സെന്‍ററുകള്‍ എന്നിവ സ്ഥാപിക്കുന്നതിനായി ഒരു പുതിയ നയം അക്കാദമി വിഭാവനം ചെയ്യുന്നു.

വെള്ളാവൂര്‍ :
കോട്ടയംജില്ലയില്‍ വെള്ളാവൂര്‍ഗ്രാമപഞ്ചായത്ത് നല്‍കുന്ന 2 ഏക്കറോളം സ്ഥലത്ത് തിരുവിതാംകൂര്‍ ഫോക്‌ലോര്‍ വില്ലേജ് രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു. ആദ്യ പടിയായി ബഹു. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി അവര്‍കള്‍ 2013 ഫെബ്രുവരി 2ന് ശിലാസ്ഥാപനകര്‍മ്മം നടത്തുകയും ഫോക്‌ലോര്‍വില്ലേജിന്റെ പ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ എടുക്കുകയും ചെയ്തു. തിരുവിതാംകൂറിലെ 40-ല്‍ അധികം വരുന്ന നാടന്‍ കലാരൂപങ്ങളുടെ സ്ഥിരംപ്രദര്‍ശനത്തിന് ഇവിടെ വേദിയുണ്ടാകും. കേരളത്തിലെ മറ്റു സ്ഥലങ്ങളിലേയും ഇന്ത്യയിലെയും വിദേശത്തെയും നാടന്‍കലാരൂപങ്ങളുടെ പ്രദര്‍ശനത്തിനും ഇവിടെ വഴിയൊരുങ്ങും. ടൂറിസ്റ്റുകള്‍ക്ക് വിനോദത്തിനും വിശ്രമത്തിനും നമ്മുടെ നാടിന്റെ തനിമയ്ക്കൊത്ത സംവിധാനമൊരുക്കും. ഫോക്‌ലോര്‍ മ്യൂസിയം, ആര്‍ട് ഗ്യാലറി, ആര്‍ക്കൈവ്സ്, വിപുലമായ ലൈബ്രറി, ഫോക്‌ലോര്‍ പഠന കേന്ദ്രം എന്നിവ ഇവിടെ സജ്ജീകരിക്കും. നൂറ്റാണ്ടുകളിലൂടെ, തലമുറകളിലൂടെ നാം നേടിയെടുത്ത ആയോധനസിദ്ധികളും, കാര്‍ഷികസാമഗ്രികളും, പാചകവിധികളും ആചാരാനുഷ്ഠാനങ്ങള്‍ക്കായി നാം സ്വീകരിച്ച മാര്‍ഗ്ഗങ്ങളും പ്രായോഗികമായും സിദ്ധാന്തപരമായും ആവിഷ്കരിക്കുന്നതിനുള്ള ഒരു സ്ഥിരം സംവിധാനവും തിരുവിതാംകൂര്‍ ഫോക് ലോര്‍ ഗ്രാമത്തിലുണ്ടാവും.

പാലക്കാട്: 
ക്ഷേത്രകലകളുടെയും വാദ്യകലകളുടെയും പഠനഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പാലക്കാട്ജില്ലയിലെ കല്‍പ്പാത്തിയില്‍ മണിഅയ്യര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ 2013 ജനുവരി 18ന് ബഹു. കേരള സാംസ്കാരികവകുപ്പ് മന്ത്രി ശ്രീ. കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.ടി.പിസി. പാലക്കാടിന്റെ ഉടമസ്ഥതയിലുള്ള മണി അയ്യര്‍ ഓഡിറ്റോറിയം ഫോക്‌ലോര്‍ അക്കാദമിക്ക് സ്വന്തമായി ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു.

കണ്ണപുരം കലാഗ്രാമം:
കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ബൃഹത്തായ പദ്ധതികളില്‍ വൈവിധ്യമാര്‍ന്ന പദ്ധതിയാണ് കണ്ണപുരം കലാഗ്രാമം കേരള ഫോക്‌ലോര്‍ അക്കാദമിക്ക് കീഴില്‍ കണ്ണപുരം വില്ലേജില്‍ ഒരു കലാഗ്രാമം സ്ഥാപിക്കുന്നതിനായി 2009-10ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ 10 ലക്ഷം രൂപ ഗ്രാന്‍റ് അനുവദിച്ചിരുന്നു. കേരള ഫോക്‌ലോര്‍ അക്കാദമിക്ക് 37.65 സെന്‍റ് സ്ഥലം 28/10/2014ന് കണ്ണപുരംഗ്രാമപഞ്ചായത്ത് രജിസ്റ്റര്‍ ചെയ്തു തരികയുണ്ടായി.  കണ്ണപുരംവില്ലേജിലെ തൃക്കോത്തുപറമ്പില്‍ കലാഗ്രാമത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനോദ്ഘാടനവും ആധാരം കൈമാറലും 2014 നവമ്പര്‍ 2ന് ബഹു. സാംസ്കാരികവകുപ്പ് മന്ത്രി ശ്രീ. കെ.സി. ജോസഫ് നിര്‍വഹിക്കുകയുണ്ടായി. പ്രൊജക്ടിന് നിര്‍മ്മിതികേന്ദ്രം തയ്യാറാക്കിയ 5 കോടി 50 ലക്ഷം രൂപയുടെ പ്രൊജക്ടും കൈമാറുകയുണ്ടായി. സ്ഥലം ലഭിച്ചയുടനെ ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ കേരള ഫോക്‌ലോര്‍ അക്കാദമി നിര്‍മ്മിതികേന്ദ്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന കലാഗ്രാമത്തിന്റെ കെട്ടിടത്തിന് 3 നിലകളുണ്ട്.  

കണ്ണപുരംകലാഗ്രാമത്തിന്റെ നിര്‍മ്മാണത്തിലൂടെ കേരള ഫോക്‌ലോര്‍ അക്കാദമി വിഭാവനം ചെയ്യുന്നത് നാടന്‍കലാരംഗത്തും നാടോടിശില്പകലാരംഗത്തും പരമ്പരാഗത കാര്‍ഷികരംഗത്തും പ്രവര്‍ത്തിച്ചു വരുന്ന നിരവധിയായ സംഘങ്ങളുടെ നിര്‍മ്മാണ-നിര്‍മ്മാണേതര സംരഭങ്ങള്‍ക്കു കലാപരവും വ്യവസായികപരമായും അടയാളപ്പെടുത്താതെപ്പോയിട്ടുളള ചെറുകിടസംരഭങ്ങള്‍ക്കും അവ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണന നല്‍കിയും വ്യാവസായികമായും വിപണീകേന്ദ്രീകൃതമായും ഒരു പൊതുധാര വളര്‍ത്തി എടുക്കുന്നതിന് അക്കാദമി ലക്ഷ്യമിടുന്നു.