കവിത്രയത്തിന്റെ പ്രഭാവം ഇന്നലെകളുടേതാക്കി തീര്‍ത്തു കൊണ്ട് മലയാള സാഹിത്യത്തിനു നവീനമായ ഒരദ്ധ്യായം എഴുതിച്ചേര്‍ത്ത കവികളില്‍ പ്രധാനിയായിരുന്നു ജി. ശങ്കരക്കുറുപ്പ്. എന്നാല്‍ വള്ളത്തോളിന്റെയും ഉള്ളൂരിന്റേയും കുമാരനാശാന്റെയും കാവ്യങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചിരുന്നുവെന്ന് ശങ്കരക്കുറുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്. റൊമാന്റിക് ഭാവുകത്വവും മാര്‍ക്സിയന്‍ സാഹിത്യ ദര്‍ശനവും ഒരുപോലെ മലയാള സാഹിത്യത്തെ സ്വാധീനിച്ചിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ജി. കാവ്യസപര്യ സമാരംഭിക്കുന്നത്.
കാലടിക്കടുത്തുള്ള നായത്തോട് എന്ന ചെറു ഗ്രാമത്തില്‍ 1901 ജൂണ്‍മാസം 3-ാം തീയതിയായിരുന്നു ശങ്കരക്കുറുപ്പ് ജനിച്ചത്. പിതാവ് നെല്ലിക്കാപ്പിള്ളി വാര്യത്ത് ശങ്കരവാര്യര്. മാതാവ്, വടക്കിനി വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മ. ശങ്കരക്കുറുപ്പിന് അഞ്ചു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. അമ്മയുടെ കഠിനമായ അധ്വാനമാണ് കുടുംബത്തെ രക്ഷിച്ചത്. അമ്മാവന് ഗോവിന്ദക്കുറുപ്പിന്റെ ശിക്ഷണത്തിലാണ് ജി വളര്‍ന്നത്. കളിക്കാന്‍ പോകുന്നതിനോ കൂട്ടുകൂടി നടക്കുന്നതിനോ അദ്ദേഹം ജിയെ അനുവദിച്ചിരുന്നില്ല. അങ്ങനെ വന്നു ചേര്‍ന്ന ഏകാന്തത പ്രകൃതിയുമായി കൂടുതല്‍ സല്ലപിക്കുവാന്‍ ആ ബാലനെ സഹായിച്ചു. ജിയെ മിസ്റ്റിക് കവി എന്നു കൂടി നാം വിളിക്കാറുണ്ടല്ലോ ഒരു പക്ഷെ പ്രകൃത്യുപാസനയിലൂടെ അനുക്രമം വികസിച്ചു വന്നതാവാം അദ്ദേഹത്തിന്റെ രചനകളിലെ യോഗാത്മക ഭാവം. സംസ്കൃത പണ്ഡിതനും ജ്യോതിഷിയുമായിരുന്ന അമ്മാവന് തന്നെയായിരുന്നു ജിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ എഴുത്തിനിരുത്തിയത്. പിന്നീടങ്ങോട്ട് സംസ്കൃതത്തിന്റെ ആദ്യപാഠങ്ങള്‍ മുതല്‍ രഘുവംശത്തിലെ ഏതാനും പദ്യങ്ങള്‍ വരെ അമ്മാവന് പഠിപ്പിച്ചു. നായത്തോടു ഗ്രാമത്തിലെ പ്രൈമറി സ്കൂളിലായിരുന്നു നാലാം ക്ലാസ്സു വരെ ജി പഠിച്ചത്. തുടര്‍ന്ന് പെരുമ്പാവൂരിലുള്ള മലയാളം സ്കൂളില്‍ ചേര്‍ന്ന് ഏഴാം ക്ലാസ്സ് ജയിച്ചു. അക്കാലത്ത് ഏഴാം ക്ലാസ്സ് പാസ്സായാല്‍ പ്രൈമറി ക്ലാസ്സിലെ അധ്യാപകനാകാനുള്ള യോഗ്യതയായി. എന്നാല്‍ ജി മൂവാറ്റുപുഴയിലുള്ള സ്കൂളില്‍ വെര്‍ണ്ണാക്കുലര്‍ ഹയര്‍ പരീക്ഷയ്ക്കു പഠിക്കുവാന്‍ ചേരുകയാണുണ്ടായത്. വി.എച്ച്. ജയിച്ച ശേഷം പണ്ഡിത പരീക്ഷയ്ക്കു പഠിക്കുകയും നല്ല വിജയം നേടുകയും ചെയ്തു. അവിടം കൊണ്ടും അവസാനിച്ചില്ല പഠിക്കുവാനുള്ള ജിയുടെ അഭിലാഷം. അടുത്തത് വിദ്വാന് പരീക്ഷയായിരുന്നു ലക്ഷ്യം. അതും വൈകാതെ നേടി.
വി.എച്ച്. പരീക്ഷ ജയിച്ചപ്പോള്‍ തന്നെ ശങ്കരക്കുറിപ്പിന്റെ ഔദ്യോഗിക ജീവിതവും ആരംഭിച്ചിരുന്നു. കൊറ്റമത്ത് കോണ്‍വെന്റ് സ്കൂളിലെ അഞ്ചാം ക്ലാസ്സ് ഹെഡ്മാസ്റ്റര് പദവിയില്‍ നിയമിതനാവുമ്പോള്‍ ജിക്ക് പതിനാറു വയസ്സ്. തുടര്‍ന്നങ്ങോട്ട് നിരവധി സ്കൂളുകളില്‍ ജി സേവനം അനുഷ്ഠിച്ചു. 1921-ല്‍ തിരുവില്വാമല ഹൈസ്കൂളില്‍ മലയാളം പണ്ഡിതര്‍. 1927-ല്‍ തൃശ്ശൂര്‍ ട്രെയിനിംഗ് സ്കൂളില്‍ അധ്യാപകന്. 1931-ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ലക്ചര്‍. ഒടുവില്‍ 1956-ല്‍ പ്രൊഫസറായി വിരമിക്കുകയും ചെയ്തു.
1923-ലാണ് ജി. ശങ്കരക്കുറുപ്പിന്റെ ആദ്യ കാവ്യ സമാഹാരമായ 'സാഹിത്യ കൗതുകം' പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതില്‍ 1917 മുതല്‍ 1922 വരെയുള്ള കവിതകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ രണ്ടാം ഭാഗം 1925-ലും മൂന്നാംഭാഗം 1927-ലും നാലാം ഭാഗം 1930-ലും പുറത്തിറങ്ങി. കൈനിക്കര കുമാരപിള്ളയുടെ അവതാരികയോടെ 1946-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'സൂര്യകാന്തി' ശ്രദ്ധേയമായ ഒരു കൃതിയാണ്. പൂജാപുഷ്പം, നിമിഷം, നവാതിഥി, ഇതളുകള്‍, പഥികന്റെ പാട്ട്, മുത്തുകള്‍, അന്തര്‍ദ്ദാഹം, ചെങ്കതിരുകള്‍, ഓടക്കുഴല്‍, വിശ്വദര്‍ശനം, മധുരം സൗമ്യം ദീപ്തം, സന്ധ്യാരാഗം തുടങ്ങിയവ ജിയുടെ പ്രധാന കൃതികളാണ്. ഇതില്‍ 'ഓടക്കുഴല്‍' 1965-ല്‍ ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹമായി. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഓടക്കുഴല്‍ 'ബാംസുരി' എന്ന പേരില്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി ജിയുടെ പ്രധാനപ്പെട്ട ചില കവിതകള്‍ 'തെരഞ്ഞെടുക്കപ്പെട്ട കാവ്യങ്ങള്‍' (Selected Poems) എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രകാശനം ചെയ്തിട്ടുണ്ട്. ജിയുടെ നിരവധി കവിതകള്‍ റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജി. രചിച്ച 'മേഘച്ഛായ' കാളിദാസന്റെ മേഘസന്ദേശത്തിന്റെ വിവര്‍ത്തനമാണ്. 'വിലാസലഹരി' പേര്‍ഷ്യന്‍ കാവ്യമായ റുബായിയത്തിന്റെ വിവര്‍ത്തനവും. ടാഗോറിന്റെ 'ഗീതാഞ്ജലി' ബംഗാളിയില്‍ നിന്ന് കവി നേരിട്ടു വിവര്‍ത്തനം ചെയ്തതാണ്.
ഗദ്യോപഹാരം, ലേഖനമാല, രാക്കുയിലുകള്‍ എന്നിവ ജി.യുടെ ലേഖന സമാഹാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ബാലസാഹിത്യ മേഖലയിലും കവിഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സാഹിത്യ പരിഷത്തിന്റെ ത്രൈമാസികത്തിന്റെ പത്രാധിപത്യച്ചുമതലയും കുറേക്കാലം ജി. വഹിച്ചിട്ടുണ്ട്. പില്ക്കാലത്ത് തിലകം എന്ന പേരില്‍ ഒരു ആനുകാലികം ജി. തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1977 ജൂണ്‍ 22-ലെ മനോരാജ്യം വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ 'അന്തിവെണ്‍മുകിലാ'ണ് ജി. എഴുതിയ അവസാനത്തെ കവിത. മലയാള ഭാഷയെയും സാഹിത്യത്തെയും അതിധന്യമാക്കിത്തീര്‍ത്ത ആ മഹല്‍ ജീവിതം 1978 ഫെബ്രുവരി 2ന് അവസാനിച്ചു.