ഗദ്ദിക

വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങളിലൊന്നാണ് അടിയോര്‍ (അടിയാന്മാര്‍). അച്ചുകുന്ന്, കുപ്പത്തോട്, പയ്യമ്പള്ളി, തൃശ്ശിലേരി എന്നിവയാണ് ഇവരുടെ ഗ്രാമങ്ങള്‍. മന്ത്രവാദത്തില്‍ വിശ്വസിക്കുന്ന അടിയോരുടെ ഇടയില്‍ ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടപ്പിലുണ്ട്. രോഗം മാറ്റാനും ദുരിതങ്ങള്‍ അകറ്റാനും അടിയോര്‍ നടത്തുന്ന മന്ത്രവാദ ചടങ്ങണ് ഗദ്ദിക. നാട്ടുകാരേയും വീട്ടുകാരേയും ബാധിക്കുന്ന പ്രേതബാധ നീക്കാനും ഗദ്ദിക നടത്തും. രോഗവും ദുരിതങ്ങളും ദൈവകോപം മൂലമാണെന്നു വിശ്വസിക്കുന്നവരാണ് ഇവര്‍.

പ്രധാന കാര്‍മ്മികനായ ഗദ്ദികക്കാരന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടത്തുന്നത്. പ്രത്യേകവേഷം ധരിച്ച് ചുവന്ന പട്ടും ചൂടി വാദ്യമേളങ്ങളോടെ നാടുചുറ്റുന്ന പതിവും ഉണ്ട്.  നാടിന്റെ നന്മക്ക് വേണ്ടി നാട്ടുഗദ്ദികയും നടത്തും.  അടിയോര്‍ ഭയഭക്തിയോടെയാണ് ഗദ്ദികക്കാരനെ കാണുന്നത്. തങ്ങളുടെ ദുരിതാനുഭവങ്ങള്‍ ഇവര്‍ ഗദ്ദികക്കാരനോട് പറയുന്നു. ഗദ്ദികക്കാരന്‍  ഉറഞ്ഞു തുള്ളുകയും അരുളപ്പാടുകള്‍ നടത്തുകയും ചെയ്യും. എല്ലാറ്റിനും ശമനമുണ്ടാക്കാനുള്ള വഴികള്‍ ഗദ്ദികക്കാരന്‍ നിര്‍ദ്ദേശിക്കും. നാടിന്റെ മുഴുവന്‍ ഐശ്വര്യത്തിനായി ചെയ്യുന്ന ചടങ്ങാണ് നാട്ടുഗദ്ദിക.

ഗദ്ദികസംഘങ്ങള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാടുചുറ്റുന്ന പതിവും ഉണ്ട്. സാധാരണ വര്‍ഷത്തിലൊരിക്കലാണ് ഗദ്ദിക നടത്തുന്നത്. ഗദ്ദിക സമയത്ത് അടിയോര്‍ അവരുടെ ഓരോ ദൈവത്തേയും സ്തുതിച്ചു പാടുന്നുണ്ട്. ചുവാനി, സിദ്ധപ്പന്‍, മലക്കാരി തുടങ്ങിയ ദൈവങ്ങളെ വാഴ്തുന്നവയാണ് ഇത്തരം പാട്ടുകള്‍. പാട്ട് പാടുന്നതിനിടയില്‍ ഗദ്ദികക്കാരന്‍ ഉറഞ്ഞുതുള്ളും. കര്‍മ്മങ്ങള്‍ക്കിടയിലും ഗദ്ദികക്കാരന്‍ ഉറഞ്ഞു തുള്ളുകയും അട്ടഹസിക്കുകയും ചെയ്യും.

അടിയോരുടെ മൂപ്പനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പി.കെ. കാളന്‍ ഗദ്ദിക പുറത്തുള്ള വേദികളില്‍ അവതരിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തു. വിശ്വാസത്തിന്‍റെ ഭാഗമായി മാത്രം അവതരിപ്പിച്ചു പോരുന്ന ഗദ്ദിക അതിന്‍റെ കലാമൂല്യങ്ങളോടുകൂടി കേരളത്തിനകത്തും പുറത്തുമുള്ള പൊതുവേദികളില്‍ അവതരിപ്പിച്ചത് കാളന്റെ നേതൃത്വത്തിലായിരുന്നു.