സമുദ്രനിരപ്പില്‍ നിന്നും 2700 മീറ്റര്‍ ഉയരമുള്ള പശ്ചിമഘട്ടം കിഴക്കും അറബിക്കടല്‍ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന കേരളത്തിലൂടെ ഒഴുകുന്ന 44 നദികള്‍ ഈ നാടിനു നല്‍കുന്നത് വൈവിദ്ധ്യവും മനോഹരവുമായ ഭൂപ്രകൃതിയാണ്. പര്‍വ്വതനിരകളും താഴ്‌വരകളും കായലുകളും കടല്‍ത്തീരങ്ങളും എല്ലാം ഒത്തൊരുമിച്ച സുന്ദരമായ പ്രദേശമാണ് കേരളം. അതുകൊണ്ടു തന്നെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വിശേഷണം ഒട്ടും അതിശയോക്തിയല്ല. അത്യുഷ്ണമുള്ള വേനല്‍ക്കാലവും, നീണ്ട മഴക്കാലവും, ജല-വനസമ്പത്തും. നാല്പതിലധികം നദികളാല്‍ ഹരിതാഭമായ ഭൂപ്രകൃതിയും, നീണ്ട കടല്‍ത്തീരങ്ങളും മറ്റുമായി അനുഗൃഹീതമായ ഈ കേരളത്തെ പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍ നിന്ന് ഉയര്‍ത്തിയെടുത്തു എന്ന ഒരു ഐതിഹ്യം പ്രചരിച്ചിട്ടുണ്ട്.
ഉത്തര അക്ഷാംശം 8o 17" 30" നും 12o 47" 40" നും പൂര്‍വ്വരേഖാംശം 74o 7" 47" നും 77o 37" 12" നും ഇടയിലാണ് കേരളത്തിന്റെ സ്ഥാനം. ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ സാമാന്യമായി മൂന്നായി തിരിക്കാം. സഹ്യാദ്രിയോടു ചേര്‍ന്ന് തെക്കുവടക്കായി നീണ്ടുകിടക്കുന്നതാണ് മലനാട് അല്ലെങ്കില്‍ കിഴക്കന്‍ മലനാട്. ഉഷ്ണമേഖലാനിത്യഹരിതവനങ്ങളും ചോലവനങ്ങളും ഉള്ള ഈ ഭാഗങ്ങളില്‍ വന്യമൃഗങ്ങള്‍ നിറഞ്ഞ വനങ്ങളാണു കൂടുതല്‍. കേരളത്തിലെ മിക്ക നദികളുടെയും ഉദ്ഭവസ്ഥാനവും മലനാടു തന്നെ. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ നിത്യഹരിതവനമാണ് പാലക്കാടുജില്ലയിലെ മണ്ണാര്‍ക്കാടിനടുത്തുള്ള സൈലന്റ്വാലി 2695 മീറ്റര്‍ ഉയരമുള്ള ആനമുടി, കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയും 1869 മീറ്റര്‍ ഉയരമുള്ള അഗസ്ത്യകൂടം, തെക്കേയറ്റത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുമാണ്. ഇവിടുത്തെ രണ്ടു ദേശീയോദ്യാനങ്ങളാണ് സൈലന്റ്വാലിയും ഇരവികുളവും. തെക്കു വടക്കു നീളത്തിലുള്ള പടിഞ്ഞാറന്‍ തീരപ്രദേശം സഹ്യാദ്രിക്കു സമാന്തരമായി സ്ഥിതി ചെയ്യുന്നു. മലനാടിനും, തീരപ്രദേശത്തിനും മദ്ധ്യേയാണ് കുന്നുകളും സമതലങ്ങളും അടങ്ങിയ ഭൂപ്രകൃതിയുള്ള 'ഇടനാട്' എന്ന മൂന്നാമത്തെ ഭാഗം. പടിഞ്ഞാറ് അറബിക്കടലിലേക്കും കായലുകളിലേക്കും ഒഴുകുന്ന 41 നദികളും കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും കായലുകളും തോടുകളും കേരളത്തെ ജലസമ്പന്നമാക്കുന്നു. ആയിരക്കണക്കിന് അരുവികളും തോടുകളും ഒഴുകിച്ചേരുന്നതും ഈ നദികളിലേക്കാണ്. 1974-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്തുവകുപ്പ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടനുസരിച്ച് 15 കിലോമീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളെ നദികളായാണു കണക്കാക്കുന്നത്.
വെള്ളായണിക്കായല്‍ (തിരുവനന്തപുരംജില്ല), ശാസ്താംകോട്ട കായല്‍ (കൊല്ലംജില്ല), ഏനാമാക്കല്‍, മണക്കോടി കായലുകള്‍ (തൃശ്ശൂര്‍ജില്ല), പൂക്കോട് തടാകം (വയനാട്ജില്ല) എന്നിവയാണ് കേരളത്തിലെ ശുദ്ധജലത്തടാകങ്ങള്‍.