നാടകത്തിന്റെ വസന്തം

മലയാള നാടകസാഹിത്യചരിത്രമാകെ പരിശോധിക്കുമ്പോള്‍ നാല്പതുകളും അമ്പതുകളും ഉള്‍പ്പെട്ട രണ്ടു ദശകങ്ങള്‍ സാക്ഷ്യം വഹിച്ചത് കലാപരവും ഘടനാപരവുമായ മികവുള്ള നാടകങ്ങളുടെ സൃഷ്ടികള്‍ക്കാണ്. മുപ്പതുകളുടെ അവസാനംതന്നെ ഇത്തരം നാടകങ്ങള്‍ രംഗപ്രവേശം ചെയ്തിരുന്നു. കൈനിക്കര പത്മനാഭപിള്ളയുടെ 'കാല്‍വരിയിലെ കല്പപാദപം' ഇതിനുദാഹരണം.

പാശ്ചാത്യ സ്വാധീനതയുടെ പുതിയൊരു ഘട്ടമാണ് 40-കളില്‍ ഉണ്ടായത്. സ്വീഡിഷ് നാടക കൃത്തായ ഹെന്റിക് ഇബ്‌സനാണ് ലോകനാടകവേദിക്കൊപ്പം മലയാള നാടകത്തെയും അപൂര്‍വ്വവും സ്ഥായിയായതുമായ ചലനങ്ങള്‍ക്കു വിധേയമാക്കിയത്. മാര്‍ക്‌സിസം, സോഷ്യലിസം, ഹ്യൂമനിസം തുടങ്ങിയ ദര്‍ശനങ്ങള്‍ ലോകമാകെ മനുഷ്യ മനസ്സിനെ പുതിയ ചക്രവാളത്തിലേക്ക് എത്തിക്കുന്ന പശ്ചാത്തലവും കൂടി ഇതോടൊപ്പം കാണേണ്ടതുണ്ട്. ഇബ്‌സന്‍ തുടങ്ങി പാശ്ചാത്യ നാടകകൃത്തുക്കള്‍ നാടകത്തെ കൂടുതല്‍ ഗൗരവത്തോടെ വീക്ഷിക്കാന്‍ നമ്മുടെ എഴുത്തുകാരെയും പ്രേരിപ്പിച്ചുവെന്നു പറയുമ്പോള്‍ ആദ്യം പറയേണ്ടത് എന്‍. കൃഷ്ണപിള്ളയെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ ഭഗ്നഭവനം, കന്യക, ബലാബലം, അനുരഞ്ജനം തുടങ്ങിയവ ഉദാഹരണങ്ങള്‍.

എന്‍. കൃഷ്ണപിള്ള തുറന്ന പാതയിലൂടെ നീങ്ങിയ ഒട്ടേറെ നാടകകൃത്തുക്കള്‍ പിന്നീടുണ്ടായി. ജി.ശങ്കരപിള്ള (സ്‌നേഹദൂതന്‍), സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ (നഷ്ടക്കച്ചവടം), കെ.ടി. മുഹമ്മദ്, തോപ്പില്‍ഭാസി, കെ. സുരേന്ദ്രന്‍ (ബലി), കൈനിക്കര കുമാരപിള്ള (പ്രേമ പരിണാമം), കെ. സുരേന്ദ്രന്‍ (ബലി), പുളിമാന പരമേശ്വരന്‍ പിള്ള (സമത്വവാദി), കൈനിക്കര പത്മനാഭപിള്ള (യവനിക, അഗ്നിപഞ്ജരം), സി.ജെ. തോമസ് (ആ മനുഷ്യന്‍ നീ തന്നെ, അവന്‍ വീണ്ടും വരുന്നു), ടി. എന്‍. ഗോപിനാഥന്‍ നായര്‍ (പൂക്കാരി, പ്രതിധ്വനി, അകവും പുറവും), ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ (കൂട്ടുകൃഷി), എം. ഗോവിന്ദന്‍ (നീ മനുഷ്യനെ കൊല്ലരുത്), എസ്. എല്‍. പുരം സദാനന്ദന്‍ (ഒരാള്‍ കൂടി കള്ളനായി), ഏരൂര്‍ വാസുദേവ് (ജീവിതം അവസാനിക്കുന്നില്ല), തിക്കോടിയന്‍ (ജീവിതം), പി. കേശവദേവ്, ചെറുകാട്, പൊന്‍കുന്നം വര്‍ക്കി, കാരൂര്‍ നീലകണ്ഠപ്പിള്ള, നാഗവള്ളി ആര്‍. എസ്. കുറുപ്പ് തുടങ്ങി അനേകം പേര്‍ നാടകത്തിന്റെ നവ്യസരണികളിലൂടെ നീങ്ങിയവരാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉദയം ചെയ്ത കേരളാ പീപ്പിള്‍സ് തിയേറ്റര്‍ ആര്‍ട്ട്‌സ് ക്ലബ് (കെ. പി. ഏ. സി.) മലയാളനാടകവേദിക്ക് അനന്യമായ സംഭാവന നല്‍കിയിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം കെ.പി.ഏ.സി. രംഗത്തവതരിപ്പിച്ചപ്പോള്‍ അതൊരു ചരിത്ര സംഭവമായി മാറുകയായിരുന്നു.