ഗ്രന്ഥലിപി

എ. ഡി. ഏഴാം നൂറ്റാണ്ടു മുതല്‍ ദക്ഷിണേന്ത്യയില്‍ സംസ്കൃതഗ്രന്ഥങ്ങള്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപിയാണ് ഗ്രന്ഥലിപി. ഗ്രന്ഥാക്ഷരം, ആര്യ എഴുത്ത് എന്നീ പേരുകളും ഈ ലിപിക്കുണ്ട്. തമിഴ് നാട്ടില്‍ കാഞ്ചീപുരം തലസ്ഥാനമാക്കി ഭരിച്ചിരുന്ന പല്ലവരാണ് ഏഴാം നൂറ്റാണ്ടു മുതല്‍ സംസ്കൃത ഗ്രന്ഥങ്ങള്‍ എഴുതാനായി ഈ പ്രത്യേക ലിപി ഉപയോഗിച്ചത്. അങ്ങനെയാണ് ഗ്രന്ഥലിപി എന്ന പേരു വന്നതും തമിഴ് ലിപി (വട്ടെഴുത്ത്) യില്‍ സംസ്കൃതം എഴുതാനുള്ള എല്ലാ അക്ഷരങ്ങളും ഇല്ലാതിരുന്നതു കൊണ്ടാണ് ആ പുതിയ ലിപി ആവശ്യമായി വന്നത്. പിന്നീട് ചോള, പാണ്ഡ്യ കാലത്തും സമീപത്തെ ചാലൂക്യ, ബാണ, യാദവ, വിജയനഗര രാജ്യങ്ങളിലെ പ്രദേശങ്ങളിലും ഗ്രന്ഥലിപി സംസ്കൃതമെഴുതാന്‍ ഉപയോഗിച്ചിരുന്നു. ചോള, പാണ്ഡ്യ മേധാവിത്വം മലബാറിലേക്കും തിരുവിതാംകൂറിലേക്കും വ്യാപിച്ചിരുന്നതുകൊണ്ട് ഗ്രന്ഥലിപി ഈ പ്രദേശങ്ങളിലേക്കും പ്രചരിച്ചു.

പാണ്ഡ്യ - വിജയനഗരകാലത്ത് തഞ്ചാവൂര്‍, മധുര, ആര്‍ക്കാട് പ്രദേശങ്ങളില്‍ പൂര്‍വഗ്രന്ഥലിപിയും മലബാറില്‍ പശ്ചിമഗ്രന്ഥലിപിയും വെവ്വേറെ വളര്‍ന്നു വികസിച്ചു. പശ്ചിമഗ്രന്ഥലിപി വളര്‍ന്ന് തുളു, മലയാളം ഭാഷകള്‍ എഴുതാന്‍ ഉപയോഗിച്ചു. “മലയാളത്തില്‍ ഉപയോഗിക്കുന്നതും വട്ടെഴുത്തില്‍ ഉള്ളവയുമായ റ, ള, ഴ, റ്റ എന്നീ അക്ഷരങ്ങളൊഴികെ മറ്റെല്ലാ മലയാള അക്ഷരങ്ങളും നേരിട്ട് പശ്ചിമ ഗ്രന്ഥലിപി അഥവാ തുളു - മലയാളം അഥവാ ആര്യ എഴുത്തില്‍ നിന്ന് കടമെടുത്തിട്ടുള്ളവയാണ്” വര്‍ഗാക്ഷരങ്ങള്‍ എല്ലാമുള്ള ഗ്രന്ഥലിപി ഉപയോഗിച്ച് മലയാളം എഴുതാനുള്ള കാരണം മലയാളത്തില്‍ വര്‍ഗാക്ഷരങ്ങളെല്ലാം ഉള്ളതാണ്. ബ്രാഹ്മിലിപിയില്‍ നിന്നാണ് ഗ്രന്ഥലിപിയുടെയും ഉദ്ഭവം.