സാംസ്‌കാരിക സ്ഥാപനങ്ങള്‍


ഗുരു ഗോപിനാഥ് നടനഗ്രാമം

ഗുരു ഗോപിനാഥിന്റെ സ്മരണാര്‍ത്ഥം 1995ല്‍ സ്ഥാപിക്കപ്പെട്ട ഒരു കലാസ്ഥാപനമാണ് ഗുരു ഗോപിനാഥ് നടനഗ്രാമം.  സംഗീതം, നൃത്തം, വാദ്യസംഗീതം തുടങ്ങിയ കലാരൂപങ്ങള്‍ക്ക് മികച്ച ശിക്ഷണം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മഹാകലാകാരന്റെ പേരില്‍ നടനഗ്രാമം സ്ഥാപിതമായത്. കേരളസര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ സ്ഥിതി ചെയ്യുന്നു.

കേരള നടനമുള്‍പ്പെടെയുള്ള നൃത്തയിനങ്ങളുടെ പരിശീലനവും പ്രചാരണവുമാണ് നടനഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. നാട്യോത്സവം, പ്രതിമാസ നൃത്തപരിപാടികള്‍, മറ്റു സംസ്ഥാനങ്ങളിലെ പാരമ്പര്യനൃത്തമുള്‍പ്പെടെയുള്ള കലാരൂപങ്ങളുടെ അവതരണം, എന്നിവയ്ക്കു പുറമേ, കേരളനടനം ശില്പശാല, നൃത്തസംബന്ധിയായ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കുക, ശാസ്ത്രീയ സംഗീതം, വാദ്യോപകരണങ്ങള്‍, ഓട്ടന്‍ തുള്ളല്‍ എന്നിവയില്‍ പരിശീലനം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഈ കലാലയം നടത്തുന്നുണ്ട്.

കേരളനടനം, ഭരതനാട്യം,മോഹിനിയാട്ടം, എന്നിവ രംഗത്തവതരിപ്പിക്കുന്ന മികച്ച ട്രൂപ്പ് നടനഗ്രാമത്തിനുണ്ട്.

കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെ മറ്റു പ്രദേശങ്ങളിലെയും നൃത്തരൂപങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ നാഷണല്‍ ഡാന്‍സ് മ്യൂസിയം ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണമാണ്.

ഓപ്പണ്‍ എയര്‍ തീയറ്ററായ ചിലമ്പൊലി ആംഫിതിയെറ്റര്‍ നടനഗ്രാമത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്.

കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക