ശാസനങ്ങള്‍


ഹജ്ജുര്‍ശാസനം

ആയ് രാജാവായ കരുനന്തടക്കന്‍ (AD 857-83) കൊ. വ. 41ല്‍ (866) പുറപ്പെടുവിച്ച ശാസനം. മുഞ്ചിറ സഭക്കാരില്‍നിന്ന് പകരത്തിന് നിലം കൊടുത്ത് ഉഴക്കുടി വിളയില്‍ ഒരു സ്ഥലം വാങ്ങി വിഷ്ണുക്ഷേത്രം നിര്‍മ്മിക്കുകയും അതോടനുബന്ധിച്ച് കാന്തള്ളൂര്‍ ശാലയുടെ മാതൃകയില്‍ 95 വൈദികവിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാന്‍ ഒരു വേദപാഠശാല നിര്‍മ്മിക്കുകയും ചെയ്തതിന്റെ രേഖയാണ്  ഈ ശാസനം. ക്ഷേത്രത്തിന്റെയും പാഠശാലയുടെയും ചെലവിനായി അനേകായിരം കലം പാട് നിലം (ഒരു കലം = പത്തു പറ) ദാനമായി നല്‍കി. വേദാഭ്യാസനം മാത്രമല്ല ആയുധാഭ്യാസവും ഇവിടെ നടന്നിരുന്നതായി ശാസനത്തിലുണ്ട്. അക്കാലത്തെ വിദ്യാപീഠങ്ങളുടെ പ്രവര്‍ത്തനം ഇതില്‍നിന്ന് മനസ്സിലാക്കാനാകും ശ്രീവല്ലഭന്‍, പാര്‍ത്ഥിവശേഖരന്‍ എന്നിങ്ങനെ ബിരുദങ്ങളുള്ള കരുനന്തടക്കന്‍ ഈ സ്ഥലത്തിന് പാര്‍ത്ഥിവശേഖരപുരം എന്ന് പേരിട്ടു. പിന്നീട് ലോപിച്ച് പാര്‍ത്ഥിവപുരമായി. കന്യാകുമാരി ജില്ലയിലെ വിളവംകോട്ട് താലൂക്കിലാണ് പാര്‍ത്ഥിവപുരം വിഷ്ണു ക്ഷേത്രം.

ദക്ഷിണേന്ത്യയില്‍ ദിവസങ്ങളുടെ എണ്ണം പറഞ്ഞ് കലിവര്‍ഷം ഉപയോഗിക്കുന്ന ആദ്യശാസനമാണിത്. കലിയുഗം പിറന്നിട്ട് 14,49,087 ദിവസങ്ങള്‍ കഴിഞ്ഞെന്ന് ശാസനത്തില്‍ പറയുന്നു. 866 ജൂലൈ 7 നാണ് ശാസനം രേഖപ്പെടുത്തിയതെന്ന് കണക്കാക്കിയിട്ടുണ്ട്.