പൈതൃക സ്മാരകങ്ങള്‍

ഒരു ജനതയുടെ ചരിത്രമെന്നാല്‍ അവര്‍ വസിക്കുന്ന ദേശത്തിന്റെയും ചരിത്രമെന്നര്‍ത്ഥം. ആ ജനതയുടെ രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, മതപരം, സാംസ്കാരികം തുടങ്ങിയ സമസ്ത മേഖലകളുടെയും പ്രാരംഭം മുതല്‍ വളര്‍ച്ച, പരിണാമ ഘട്ടങ്ങളിലൂടെയുള്ള വര്‍ത്തമാനകാലത്തിലെത്തി നില്‍ക്കുന്നതുവരെയുള്ള ചരിത്രം അതില്‍പെടും. ഐതിഹ്യവും മിത്തുമൊക്കെ അതില്‍ ഇടം കണ്ടെത്തും. മേല്‍ പറഞ്ഞ മേഖലകളിലൊക്കെയും തനതു വ്യക്തിത്വം പുലര്‍ത്തുന്ന ഒരു പ്രദേശമാണ് കേരളം. ഇന്നലെകളുടെ ഗരിമ ഉദ്‌ഘോഷിച്ചു കൊണ്ട് ഇന്നു ശേഷിക്കുന്നതെന്തും സ്മാരകങ്ങളാണ്. ഇവിടെ അത്തരം പൈതൃക സ്മാരകങ്ങളിലൂടെയൊരു പ്രദക്ഷിണം സാധ്യമാക്കുന്നു.

കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴില്‍ 170 സംരക്ഷിത സ്മാരകങ്ങള്‍ ഉണ്ട്. വകുപ്പിന്റെ ഒരു പ്രധാന ലക്ഷ്യം കൂടിയാണ് വിവിധ കാലഘട്ടത്തിലെ സ്മാരകങ്ങൾ കണ്ടെത്തി സംരക്ഷിച്ചു പോകുക  എന്നത്. ഇതില്‍ സംസ്ഥാനത്തെ  പ്രധാന കൊട്ടാരങ്ങള്‍, കോട്ടകള്‍, ശിലാ ഗുഹകള്‍, ശവകുടീരങ്ങള്‍, ആരാധനാലയങ്ങള്‍, കേരളത്തിന്റെ തനതു വാസ്തുശൈലി മന്ദിരങ്ങള്‍ തുടങ്ങി പുരാതന സംസ്കാരത്തിന്റെ ബാക്കി പത്രങ്ങള്‍ വരെ ഉണ്ട്.