രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്‍മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്‍പാലസ്. ഏകദേശം 50 ഏക്കറോളം വരുന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന 47 കെട്ടിട സമുച്ചയങ്ങള്‍ കേരളത്തിന്റെ തനതായ വാസ്തു ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത്യപൂര്‍വ്വമായ ഔഷധസസ്യങ്ങളും, സുന്ദരമായ ഭുപ്രകൃതിയും നിറഞ്ഞതാണ് ഈ മ്യൂസിയം.
കൊച്ചി രാജാക്കന്മാരുടെ സ്വകാര്യ ശേഖരത്തില്‍പ്പെട്ട എണ്ണച്ചായ ചിത്രങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, കല്ലില്‍ നിര്‍മ്മിച്ച കൊത്തു പണികള്‍, ശിലാശാസനങ്ങള്‍, നാണയങ്ങള്‍, കൈയ്യെഴുത്തു പ്രതികള്‍ എന്നിവ കൂടാതെ പരമ്പരാഗതമായ സിംഹാസനം, മറ്റുപകരണങ്ങള്‍ എന്നിവയും ഈ മ്യൂസിയത്തില്‍ കാണാന്‍ കഴിയും.
ചൈനയില്‍ നിന്നും, ജപ്പാനില്‍ നിന്നും, കൊണ്ടുവന്നതും 200 ലേറെ വര്‍ഷം പഴക്കമുള്ളതുമായ ചീനച്ചട്ടികളും മണ്‍പാത്രങ്ങളും, കുടക്കല്ല്, തൊപ്പിക്കല്ല്, ശിലായുഗത്തില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന കല്ലു കൊണ്ടുള്ള ആയുധങ്ങള്‍, തടികൊണ്ടുള്ള ക്ഷേത്രമാതൃകകള്‍ എന്നിവ ഈ മ്യൂസിയത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കുന്നു. സിന്ധു തട സംസ്കാരത്തിലെ മോഹന്‍ ജോ ദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ സമകാലീന കലകളുടെ ഒരു ശേഖരം തന്നെ ഇവിടെ കാണാം.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍ | 30.00 രൂപ |
കുട്ടികള്‍ (5-12 വയസ്സ്) | 10.00 രൂപ |
ക്യാമറ | 50.00 രൂപ |
വീഡിയോ ക്യാമറ | 2000 രൂപ |