കോഴിക്കോട് ജില്ലയില്‍ ഇരിങ്ങല്‍ മൂറാട് നദീ തീരത്ത് ഇരുപതേക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഒരു പ്രദേശം. ഇവിടെയാണ് കേരളത്തിന്റെ കരകൗശല പൈതൃകം നക്ഷത്ര ശോഭയില്‍ വിളങ്ങുന്ന സര്‍ഗ്ഗാലയം എന്ന ഇരിങ്ങല്‍ കരകൗശല ഗ്രാമം. അതിവിസ്തൃതമായ വളപ്പില്‍ സ്ഥിതി ചെയ്യുന്ന അറുപതോളം സ്റ്റാളുകളിലായി അനേകം കരകൗശല വസ്തുക്കളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കേരള കരകൗശല ഗ്രാമം സ്ഥാപിച്ചത് ടൂറിസം വകുപ്പാണ്. സന്ദര്‍ശകരുടെ മനം കവരുന്ന കലാ വസ്തുക്കളുടെ നിര്‍മ്മാണത്തിനു പിന്നിലെ സര്‍ഗ്ഗ വൈഭവത്തെ നേരില്‍ അറിയുവാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്.
ഇവിടത്തെ മറ്റൊരു സവിശേഷത കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ക്ലാസ്സിക്കല്‍ കലകളെയും നാടോടി കലകളെയും കൂടി അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട് എന്നതാണ്. ചിരട്ട, തൊണ്ട്, മുള, കയര്‍, തെങ്ങോല, കൈതോല എന്നിങ്ങനെ നിരവധി പ്രകൃതിദത്തമായ അസംസ്കൃതവസ്തുക്കള്‍ കൊണ്ട് അതീവ ചാരുതയോടെ നിര്‍മ്മിച്ച ഒട്ടേറെ കലാരൂപങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സര്‍ഗ്ഗാലയയില്‍ പ്രവര്‍ത്തിക്കുന്ന കരകൗശല നിര്‍മ്മാണ വികസന കേന്ദ്രത്തില്‍ ഏറ്റവും മികച്ച പരിശീലനമാണ് കലാകാരന്മാര്‍ക്കു നല്‍കുന്നത്.
കലാഭിജ്ഞര്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും കേരളത്തിന്റെ കരകൗശല വിദ്യയുടെ മികവും സൗന്ദര്യവും അടുത്തറിയാന്‍ മാത്രമല്ല അവ വില നല്‍കി സ്വന്തമാക്കുവാനും ഇവിടെ അവസരമുണ്ട്.