കേരളത്തില്‍ പല പ്രദേശങ്ങളിലുമവതരിപ്പിച്ചു വരുന്ന അനുഷ്ഠാനകലാരൂപമാണ് ഐവര്‍കളി. ഐവര്‍നാടകം, പാണ്ഡവര്‍കളി, തട്ടിന്മേല്‍ക്കളി, കണ്ണില്‍കുത്തിക്കളി എന്നീ പേരുകളിലും ഈ കലാരൂപം അവതരിപ്പിച്ചു വരാറുണ്ട്. പരമ്പരാഗതമായി ഐങ്കുടിക്കമ്മാളരായ വിശ്വകര്‍മ്മജരാണ് ഐവര്‍കളി അവതരിപ്പിക്കുന്നത്. ഐങ്കുടിക്കമ്മാളര്‍ അഞ്ചു സമുദായക്കാരാണ്. ആശാരി (ദാരുശില്പി), മൂശാരി (വാര്‍പ്പുശില്പി), കരുവാന്‍ (ലോഹശില്പി), തട്ടാന്‍ (ഹേമശില്പി), കമ്മാളര്‍ (കല്ല്ശില്പി) എന്നിവരാണിവര്‍. തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഐവര്‍കളിക്ക് കൂടുതല്‍ പ്രചാരം.
പതിനെട്ടര കാവുകളിലെ കുംഭ ഭരണി ആഘോഷത്തിനാണ് വിശ്വകര്‍മ്മജര്‍ ഐവര്‍കളി അവതരിപ്പിക്കുന്നത്. സ്ഥിരമായ ഐവര്‍കളി തറകളുള്ള ക്ഷേത്രങ്ങളുണ്ട്. മറ്റു സ്ഥലങ്ങളില്‍ മരപ്പലക വിരിച്ച് തട്ടുകളുണ്ടാക്കും. ഇവിടെ പന്തലുണ്ടാക്കി കുരുത്തോലത്തോരണം തൂക്കും. കത്തിച്ച നിലവിളക്കിനു ചുറ്റം നിന്നുകൊണ്ടാണ് കളിക്കുന്നത്. ആശാന്‍സ്തുതി ഗീതം ചൊല്ലിക്കൊടുക്കും. മറ്റു കളിക്കാര്‍ അത് ഏറ്റുപാടുകയും ചെയ്യും. പാട്ടിനൊത്ത് ചുവടുകളും വെക്കും. പതിഞ്ഞ താളത്തിലും ദ്രുതതാളത്തിലും ഉള്ള ചുവടുകളുണ്ട്. രാവിലെ തുടങ്ങിയ കളി ഉച്ചയോടെ സമാപിക്കും. ഭരണി ആഘോഷത്തിന്റെ ഭാഗമല്ലാതെയുള്ള കളി സന്ധ്യക്കു ശേഷമാണ് അരങ്ങേറുന്നത്.
കുഴിത്താളവും പൊന്തി അഥവാ കോല്‍മണിയുമാണ് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നത്. ആശാന്മാരുടെ കൈയിലാണ് വാദ്യോപകരണങ്ങള്‍. വട്ടക്കളി, പരിചക്കളി, കോല്‍ക്കളി എന്നിങ്ങനെ മൂന്നു വിധത്തില്‍ കളിക്കും. നിലവിളക്കിന് ചുറ്റും നിന്നുള്ള ചുവടുകളാണ് വട്ടക്കളി. വാളും പരിചയും എടുത്തുള്ള കളി പരിചക്കളി. മരം കൊണ്ടുണ്ടാക്കിയ വാളും പരിചയുമാണ് ഉപയോഗിക്കുന്നത്. കോല് (ചെറിയ വടി) കയ്യിലേന്തി ചുവടുവെച്ചുകൊണ്ടുള്ള കളിയാണ് കോല്‍ക്കളി.