മട്ടാഞ്ചേരി, ചേന്ദമംഗലം, പറവൂര്‍ എന്നിവിടങ്ങളില്‍നിന്ന് കണ്ടെടുത്തിട്ടുള്ള ജൂതശാസനങ്ങള്‍ കേരളരാജാക്കന്മാരുടെ മതസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ്. കുലശേഖരരാജാവായ ഭാസ്കരരവിവര്‍മന്‍ (ഭ. കാ. 962-1021) അദ്ദേഹത്തിന്റെ 38-ാം ഭരണവര്‍ഷത്തില്‍ (AD 1000) പുറപ്പെടുവിച്ച ശാസനമാണ് ഇവയില്‍ പ്രധാനം. മട്ടാഞ്ചേരി ജൂതപ്പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ശാസനം ജൂതപ്പട്ടയം എന്ന പേരിലും അറിയപ്പെടുന്നു. തലസ്ഥാനമായ മഹോദയപുരത്തു വച്ച് ജൂതത്തലവനായ ജോസഫ് റബ്ബാന് പലവിധ ഉടമാവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടുള്ളതാണ് പട്ടയം. ചോളന്മാരുടെ ആക്രമണഭീഷണിക്കെതിരെ സ്വന്തം ദേശത്തെ ജൂതന്മാരുടെ കൂറ് നേടുന്നതിനു വേണ്ടിയാകാം ഭാസ്കരരവിവര്‍മ ആനുകൂല്യങ്ങള്‍ നല്‍കിയതെന്ന് കരുതുന്നു. ചുങ്കവും മറ്റു നികുതികളും സ്വന്തമായി പിരിച്ചെടുത്തു കൊള്ളുക, പല്ലക്കേറുക തുടങ്ങിയ 72 അവകാശങ്ങളോടു കൂടിയ അഞ്ചുവണ്ണസ്ഥാനമാണ് ജോസഫ് റബ്ബാന് അനുവദിച്ചു കൊടുത്തത്. വേണാട്, വെമ്പൊലി നാട്, ഏറാള്‍നാട്, വള്ളുവനാട്, നെടുംപുറയൂര്‍ നാട് എന്നീ നാടുകളുടെ ഉടൈയവര്‍ (നാടുവാഴികള്‍) ജൂതപ്പട്ടയത്തിന് സാക്ഷികളാണ്.