കൃഷിയുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട്. മണ്ണിനോടും ജീവജാലങ്ങളോടും ഉള്ള ആരാധനയും വിധേയത്വവും നിഴലിക്കുന്നവയാണ് ഈ അനുഷ്ഠാനങ്ങള്‍.
ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചാണ് കാളവേല അരങ്ങേറുന്നത്. കാളയുടെ രൂപം മരം, തോല്, മുള, മരക്കൊമ്പ്, തുണി, വൈക്കോല്‍ തുടങ്ങിയവകൊണ്ട് രൂപപ്പെടുത്തിയെടുക്കുന്നു. പലതരം അലങ്കാരങ്ങളും ഈ രൂപത്തില്‍ ചെയ്യാറുണ്ട്. പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് കാളയുടെ രൂപത്തിലും അലങ്കാര പണികളിലും വ്യതിയാനങ്ങള്‍ കാണാം. അലങ്കരിച്ച കാളരൂപത്തെ വിവിധ ദേശവാസികള്‍ കെട്ടുകാഴ്ചയായി എഴുന്നള്ളിക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്കൊപ്പം പരിസരപ്രദേശങ്ങളിലേക്കും "കാഴ്ച"കൊണ്ടുപോവും. കെട്ടുകാഴ്ചയോടൊപ്പം വാദ്യമേളങ്ങളും അണിനിരക്കാറുണ്ട്.
കാളവേലയോട് സാമ്യതയുള്ള നിരവധി കലാരൂപങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ മറുതാച്ചിനട, പാലക്കാട് പ്രദേശത്തെ കാളക്കെട്ട്, ഉത്തരകേരളത്തിലെ എരുതുകളി, മൂരിക്കെട്ട് തുടങ്ങിയ കലാരൂപങ്ങള്‍ ഇത്തരത്തിലുള്ളവയാണ്.