കാണിപ്പാട്ട്

തെക്കന്‍കേരളത്തിലെ വനമേഖലയിലാണ് കാണിക്കാര്‍ അധിവസിക്കുന്നത്. പ്രൊട്ടോ ആസ്റ്റ്റലോയ്ഡ് വംശജരാണ് ഇവര്‍. കാണി എന്നാല്‍ ഭൂമി എന്ന അര്‍ത്ഥം ഉണ്ട്. ഭൂമിയുടെ ഉടമസ്ഥര്‍ എന്ന അര്‍ത്ഥത്തിലാണത്രെ കാണിക്കാര്‍ എന്നു വിളിക്കുന്നത്. മുട്ടുകാണിയാണ് കാണിക്കരുടെ മൂപ്പന്‍. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ കാണിക്കാര്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. എട്ടു വീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അഭയം നല്‍കി സഹായിച്ചവരാണത്രെ കാണിക്കാര്‍. 

വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളുടെ ഉടമകളാണ് കാണിക്കര്‍. മലദൈവങ്ങളും ചാമുണ്ഡിയുമാണ് പ്രധാന ആരാധനാമൂര്‍ത്തികള്‍.  ആചാരത്തിന്റേയും അനുഷ്ഠാനത്തിന്റെയും ഭാഗമായുള്ള നിരവധി പാട്ടുകള്‍ ഇവരുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. കാണിപ്പാട്ട് എന്നാണ് ഇതിന് പൊതുവെ പറയുന്നത്. പ്രത്യേക ഈണത്തിലാണ് പാട്ടുകള്‍ പാടുന്നത്. ഭൂമിയുടെ ഉത്ഭവം, ആത്മാക്കളുടെ പ്രവൃത്തികള്‍ മന:സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ എന്നിവയൊക്കെ കണിപ്പാട്ടിലെ പ്രതിപാദ്യവിഷയങ്ങളാണ്. നല്ല വിളവുണ്ടാകാനും, കാര്‍ഷികാഭിവൃദ്ധിക്കും പാട്ടുപാടാറുണ്ട്. ദൈവങ്ങളെ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകളും ഉണ്ട്. പറയും കൊക്കരയും (കുഴല്‍ വാദ്യം) ആണ് വാദ്യങ്ങളായി ഉപയോഗിക്കുന്നത്.  

മന്ത്രവാദത്തില്‍ വിശ്വസിക്കുന്നവരാണ് കാണിക്കാര്‍. കാണിക്കാരുടെ ഇടയിലുള്ള മന്ത്രവാദപാട്ടുകളാണ് ചാറ്റുപാട്ടുകള്‍. ശുദ്ധി ചെയ്യുക എന്നാണ് കാണിക്കരുടെ ഇടയില്‍ ചാറ്റ് എന്ന വാക്കിന്റെ അര്‍ത്ഥം. പല തരം ചാറ്റാചാരങ്ങള്‍ ഇവരുടെ ഇടയില്‍ നിലവിലുണ്ട്.  ചെറിയ രോഗങ്ങള്‍ മാറ്റാന്‍ നടത്തുന്ന പിണിചാറ്റ്, ഗര്‍ഭിണിയുടെ സൗഖ്യത്തിനുവേണ്ടി ചെയ്യുന്ന തുടിചാറ്റ്, ആപത്തുകളെ ഒഴിവാക്കാന്‍ നടത്തുന്ന രാശിവെട്ടിചാറ്റ്, കരിങ്കാളിയെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന കരിങ്കാളിചാറ്റ് തുടങ്ങി നാനാവിധ ചാറ്റുകള്‍ കാണിക്കാരുടെ ഇടയില്‍ പ്രചാരത്തിലുണ്ട്.  

കാണിപ്പാട്ടുകളില്‍ ഏറ്റവും പ്രധാനപ്പെട്ട കഥയാണ് വീരപ്പനരയന്റേത്. കാണിക്കനായ വീരപ്പനരയന് ആറ്റിങ്ങല്‍ തമ്പുരാനില്‍ നിന്ന് വീരമാര്‍ത്താണ്ഡനരയന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചു. പാണ്ടിനാട്ടിലേക്കുള്ള വെള്ളം തടഞ്ഞ് നിര്‍ത്താനുള്ള അണക്കെട്ടിന് ശക്തി പകരാനായി വീരപ്പനരയന്‍ സ്വന്തം സഹോദരിയെ ബലി കൊടുത്തു. വീരപ്പനരയന്റെ സാഹസിക കൃത്യങ്ങളും സമൂഹത്തിനുവേണ്ടി ചെയ്ത ത്യാഗങ്ങളും പ്രകീര്‍ത്തിക്കുന്ന കഥകളാണ് ഈ പാട്ടുകളിലെ മുഖ്യപ്രമേയം.