കാവടിയാട്ടം

സുബ്രഹ്മണ്യനെ ആരാധിക്കുന്ന രീതിയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാരൂപമാണ് കാവടിയാട്ടം. സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും ഈ അനുഷ്ഠാനത്തിന് പേരുണ്ട്. കമാന ആകൃതിയിലുള്ള കാവടി ചുമലില്‍ വെച്ചുകൊണ്ടാണ് ആട്ടം നടത്തുന്നത്. മരം കൊണ്ടാണ് പ്രധാനമായും കാവടിയുണ്ടാക്കുന്നത്. മയില്‍പ്പീലി, വര്‍ണ്ണവസ്തുക്കള്‍ ഇവകൊണ്ട് കാവടിയെ ആകര്‍ഷകമായ രീതിയില്‍ അലങ്കരിക്കും. ആട്ടത്തിന് ഉപയോഗിക്കുന്ന കാവടികള്‍ പലരൂപത്തിലും വലിപ്പത്തിലും ഉണ്ട്. ആട്ടത്തിന് പഞ്ചവാദ്യം, നാഗസ്വരം തുടങ്ങിയ വാദ്യഘോഷങ്ങളും ഉപയോഗിച്ചുവരുന്നു.

പാട്ടിന്റെ താളത്തിനൊത്ത് കാവടി വിവിധ രീതിയില്‍ ചലിപ്പിച്ചുകൊണ്ടാണ് കാവടിയും നടത്തുന്നത്. ഒറ്റക്കും, സംഘം ചേര്‍ന്നും ആട്ടം നടത്തും. കാണികളെ വിസ്മയിപ്പിക്കുന്ന രീതിയില്‍ മെയ് വഴക്കത്തോടെ ആട്ടം അവതരിപ്പിക്കുന്ന കളിക്കാരുണ്ട്. കാവടിയാട്ടത്തോടൊപ്പം നാവ് തുടങ്ങിയ ശരീരഭാഗങ്ങളിലൂടെ ശൂലം (സുബ്രഹ്മണ്യന്റെ ആയുധം) കുത്തിക്കയറ്റുന്ന അനുഷ്ഠാനം ചില പ്രദേശങ്ങളില്‍ നടത്താറുണ്ട്.