കാക്കാരിശ്ശി നാടകം



തിരുവിതാംകൂര്‍ പ്രദേശത്ത് പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറില്‍ പ്രചാരമുളള ഗ്രാമീണ കലാരൂപമാണ് കാക്കാരിശ്ശി നാടകം. കാക്കാലച്ചി നാടകം, കാക്കാല നാടകം, കാക്കാ ചരിതം എന്നീ പേരുകളിലും ഇതറിയപ്പെടാറുണ്ട്. കാക്കാലന്‍ എന്ന പേരിലറിയപ്പെടുന്ന 'സഞ്ചാരിവര്‍ഗ്ഗത്തില്‍' പെടുന്ന വിഭാഗക്കാര്‍ കേരളത്തില്‍ പല പ്രദേശങ്ങളിലും ഉണ്ട്. തമിഴ് കലര്‍ന്ന മലയാളമാണ് ഇവര്‍ സംസാരിക്കുന്നത്. ചില പ്രദേശങ്ങളില്‍ തെലുങ്കു ഭാഷയിലെ വാക്കുകളും ധാരാളമായി ഉപയോഗിക്കുന്നതായി കാണാം. കുറവര്‍, കൊറവര്‍, കുറഗര്‍ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നുണ്ട്. പക്ഷിശാസ്ത്രം, ഭാവി പ്രവചിക്കലുമാണ് ഇവരുടെ മുഖ്യതൊഴില്‍.

കാക്കാലന്മാരുടെ പേരിലാണ് ഈ ഗ്രാമീണനാടകം അറിയപ്പെടുന്നതെങ്കിലും ഇവര്‍ക്ക് നാടകവുമായി നേരിട്ട് ബന്ധമൊന്നുമില്ല. നാടകത്തില്‍ താല്പര്യമുള്ള മറ്റ് ആളുകളാണ് നാടകം ഉണ്ടാക്കി അരങ്ങേറുന്നത്. 

കാക്കാരിശ്ശി നാടകത്തിന് ഒരു പ്രത്യേക ഘടനയുണ്ട്. മിക്കവാറും എല്ലാ നാടകങ്ങളിലും സുന്ദരന്‍ കാക്കാനാണ് മുഖ്യനായകന്‍. ഇതിനു പുറമെ കാക്കാത്തിമാര്‍, വേടന്‍ തുടങ്ങിയ പ്രധാനകഥാപാത്രങ്ങളും ഉണ്ടാകും. കാക്കാലവര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം തന്നെയാണ് സുന്ദരന്‍ കാക്കാന്‍. പാട്ടുപാടി ചുവടുവെച്ചുകൊണ്ടാണ് കഥാപാത്രങ്ങള്‍ അഭിനയിക്കുന്നത്. പഴയ സംഗീത നാടകത്തിന്റെ ശൈലിയില്‍ സംഭാഷണവും സംഗീതവും നൃത്തച്ചുവടുകളും ഇഴചേര്‍ത്തുകൊണ്ടുള്ള അഭിനയരീതിയാണ് ഇതിലുള്ളത്. ഹാര്‍മോണിയം, മൃദംഗം, ഗഞ്ചിറ, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. 

വന്ദനഗാനത്തോടെയാണ് നാടകം തുടങ്ങുന്നത്. തുടര്‍ന്ന് കാക്കാലന്‍ പ്രവേശിക്കുന്നു. കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച പന്തവുമായി താളം ചവുട്ടിക്കൊണ്ടാണ് കക്കാലന്റെ വരവ്. ചോദ്യക്കാരനായി വേദിയില്‍ 'തമ്പുരാന്‍'ഉണ്ടാവും. തമ്പുരാന്റെ ചോദ്യവും കാക്കാലന്റെ വിശദീകരിച്ച മറുപടിയുമായാണ് നാടകം മുന്നോട്ടുപോകുന്നത്. പാട്ടും നൃത്തവുമായി അരങ്ങുതകര്‍ത്തുകൊണ്ടാണ് നാടകം പുരോഗമിക്കുന്നത്. 

സാമൂഹ്യവിമര്‍ശനം, ആക്ഷേപഹാസ്യം എന്നിവ കാക്കാരിശ്ശി നാടകത്തിന്റെ മുഖ്യ ഘടകങ്ങളാണ്.