ലൈബ്രറി

25000 ത്തില്‍പ്പരം ഗ്രന്ഥങ്ങളുള്ള കേരള കലാമണ്ഡലത്തിന്റെ ഗ്രന്ഥശാല വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നു.

മൊത്തം ഗ്രന്ഥങ്ങളില്‍ പതിനായിരവും ഭാരതീയ കലകളെയും സംസ്കാരത്തെയും വിശദമായി പ്രതിപാദിക്കുന്നവയാണ്. ഭാരതീയ ലാവണ്യശാസ്ത്രം, തത്വചിന്ത, കലകള്‍ എന്നിവയെ സംബന്ധിക്കുന്ന എണ്ണായിരം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാണ്. മാര്‍ഗി കഥകളി-കൂടിയാട്ട വിദ്യാലയത്തിന്റെ സ്ഥാപകനായ ഡി. അപ്പുക്കുട്ടന്‍നായരുടെ അമൂല്യമായ ഗ്രന്ഥശേഖരം കലാമണ്ഡലത്തിന് ലഭിച്ചു. 175 ലധികം താളിയോല ഗ്രന്ഥങ്ങളും അപ്പുക്കുട്ടന്‍നായരുടെ കയ്യക്ഷരത്തിലുള്ള പ്രൗഢോജ്വലമായ  ലേഖനങ്ങളും ഈ ശേഖരത്തിലുള്ളത് പണ്ഡിതര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്. ഇവ കൂടാതെ റിസര്‍ച്ച് ജേര്‍ണലുകളും മാസികകളും ആഴ്ചപ്പതിപ്പുകളും കൊണ്ട് സമ്പുഷ്ടമാണ് കലാമണ്ഡലം ലൈബ്രറി. 

കലാമണ്ഡലത്തില്‍ ക്ഷണിതാക്കളായി വന്ന് കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ച പ്രശസ്തരുടെ ആവിഷ്ക്കാരങ്ങള്‍ ദൃശ്യാലേഖനം ചെയ്ത് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാംസ്കാരിക വിനിമയ പരിപാടികളുടെ ഭാഗമായി യൂറോപ്പില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും കലാമണ്ഡലത്തിലെത്തുന്ന കലാഗവേഷകരും കലാപണ്ഡിതരും മറ്റും ലൈബ്രറിയിലെ ബൃഹത്തായ ജ്ഞാനശേഖരം ഉപയോഗിച്ചുവരുന്നു.