കലാസാംസ്കാരിക പര്യടനങ്ങള്‍

മഹാകവി വള്ളത്തോളിന്റെ ജീവിതകാലത്തുതന്നെ കലാമണ്ഡലത്തിന്റെ കഥകളി-മോഹിനിയാട്ട സംഘങ്ങള്‍ മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തി. 1960-നു ശേഷം കലാമണ്ഡലത്തിന് നിരന്തരം വിദേശയാത്രകളായിരുന്നു. യൂറോപ്പ്, അമേരിക്ക, കാനഡ, ആസ്ത്രേലിയ, ബ്രിട്ടണ്‍, ചൈന, റഷ്യ, സൗത്ത് ആഫ്രിക്ക, മെക്സിക്കോ, തായ് ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ കലാമണ്ഡലത്തിന്റെ കലാസംഘം വീണ്ടും യാത്രകള്‍ നടത്തി. കഥകളിയും കൂടിയാട്ടവും അവയുടെ വാദ്യവിശേഷങ്ങളും സംഗീതവും വിദേശികളായ കലാസ്വാദകരെ ഭ്രമിപ്പിച്ചു. ഇന്ത്യാ സന്ദര്‍ശനവേളകളില്‍ വിദേശികള്‍ കേരളവും കലാമണ്ഡലവും സന്ദര്‍ശിക്കാന്‍ ഉത്സുകരായി. ലോകപ്രശസ്തങ്ങളായ നൃത്ത-നാട്യ സംഗീതോത്സവങ്ങളില്‍ കലാമണ്ഡലവും അതിന്റെ പ്രശസ്ത കലാകാരന്മാരും സംബന്ധിച്ചു. ലോകസാംസ്കാരിക ഭൂപടത്തില്‍ കേരളത്തിന്റെ കാഴ്ചയും നാദവുമായി കേരള കലാമണ്ഡലം വിളങ്ങി.