ആയോധനകലകള്‍


കളരിപ്പയറ്റ്

കേരളത്തിന്റെ ആയോധനാ കലാരൂപമാണ് കളരിപ്പയറ്റ്. കേരളത്തിലെ മിക്കവാറും കലാരൂപങ്ങളില്‍ കളരിപ്പയറ്റിന്റെ സ്വാധീനം കാണാം. പണ്ട് കാലത്ത് കളരി സാമാന്യ ജനജീവിതത്തിന്റെ ഭാഗമായിരുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ബാല്യത്തില്‍ തന്നെ കളരിയില്‍ ചേര്‍ത്ത് മെയ്യഭ്യാസം പരിശീലിപ്പിക്കുന്ന രീതി പഴയ കാലത്ത് കേരളത്തിന്റെ പല പ്രദേശങ്ങളിലുമുണ്ടായിരുന്നു. സാമൂഹ്യ ജീവിതത്തില്‍ വന്ന മാറ്റത്തിന്റെ ഭാഗമായി കളരികള്‍ ഇന്ന് സമൂഹത്തില്‍ വഹിക്കുന്ന പങ്കിലും മാറ്റം വന്നു. കളരിപ്പയറ്റ് ഇന്ന് ഒരു പ്രദര്‍ശനകലയായി രൂപാന്തരപ്പെട്ടു എന്നു കാണാം. കളരിചികിത്സക്കും അതിന്റെ ഭാഗമായുള്ള മര്‍മ്മചികിത്സക്കും ഇന്ന് പ്രിയം കൂടി വരികയാണ്.  

മെയ്യ്പ്പയറ്റ് (മെയ്യ്ത്താരി), വടിപ്പയറ്റ് (കോല്‍ത്താരി), വാള്‍പ്പയറ്റ് (അങ്കത്താരി), വെറും കൈ പ്രയോഗം എന്നിങ്ങനെ വിവിധ അഭ്യാസമുറകള്‍ കളരിപ്പയറ്റിലുണ്ട്. ഇതിന് പുറമെ കളരി ചികിത്സയും പാഠ്യപദ്ധതിയുടെ ഭാഗമാണ്. കളരിയില്‍ ആദ്യം പരിശീലിക്കുന്നത് മെയ്യ് അഭ്യാസമാണ്. ശരീരത്തില്‍ എണ്ണ തേച്ച് തിരുമ്മിയതിന് ശേഷമാണ് പരിശീലനം ആരംഭിക്കുന്നത്. ശരീരത്തെ പയറ്റ് അഭ്യാസത്തിനായി പാകപ്പെടുത്തലാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. വായ്ത്താരിയിലൂന്നിയ താളക്രമത്തോടെയുള്ള ശരീരചലനങ്ങളും ഇതിന്റെ ഭാഗമായി അഭ്യസിക്കും. വിവിധ ഘട്ടങ്ങളിലായി എട്ടു മുതല്‍ പതിനാറു വരെ പയറ്റുകള്‍ മെയ്യ്പ്പയറ്റിലുണ്ട്. മെയ്യ്പ്പയറ്റിന് ശേഷം കോല്‍പ്പയറ്റ് അഭ്യാസം തുടങ്ങും. പല നീളത്തിലുള്ള വടികള്‍ ഉപയോഗിച്ചുള്ള അഭ്യാസപരിശീലനമാണിത്. വടി കൊണ്ടുള്ള ആക്രമണവും പ്രത്യാക്രമണവും ഇതിന്റെ ഭാഗമായി അഭ്യസിക്കും. വായ്ത്താരിക്കനുസരിച്ച് തന്നെയാണ് അഭ്യാസമുറകള്‍ ചെയ്യുന്നത്. നീളമുള്ള വടി കൊണ്ടുള്ള കെട്ടുകാരിപ്പയറ്റ്, മുച്ചാണ്‍വടിപ്പയറ്റ്, ഒറ്റപ്പയറ്റ് തുടങ്ങി പല അഭ്യാസങ്ങളും വടിപ്പയറ്റിലുണ്ട്.  

വാള്‍, പരിച, ഉറുമി, കുന്തം, കഠാരി തുടങ്ങിയ ആയുധമുപയോഗിച്ചുള്ള അഭ്യാസമാണ് അടുത്ത ഘട്ടത്തില്‍. അങ്കത്താരി എന്നു വിളിക്കുന്ന ഈ  ആയോധന മുറയില്‍ രണ്ടോ അതില്‍ കൂടുതല്‍ പേരോ ചേര്‍ന്നാണ് പരിശീലിക്കുന്നത്. തല, നെഞ്ച്, പുറം, വയര്‍ ഇവയും മുട്ടിനു താഴെയുമാണ് ഈ  അഭ്യാസത്തിലെ ലക്ഷ്യസ്ഥാനങ്ങള്‍. 

ആയുധങ്ങളുടെ പിന്‍ബലമില്ലാതെ എതിരാളിയെ നേരിടുന്ന ശൈലിയാണ് വെറുംകൈ പ്രയോഗം. ആയുധധാരിയായ എതിരാളിയെ സധൈര്യം നേരിടാനുള്ള മനക്കരുത്തും മെയ്ക്കരുത്തും ഈ  അഭ്യാസത്തിലൂടെ നേടിയെടുക്കാന്‍ കഴിയുന്നു. മനസ്സിന്റെ ഏകാഗ്രതയും ഗതിവേഗവും വെറും കൈ പ്രയോഗത്തിലൂടെ സാധിച്ചെടുക്കുന്നു.

കളരിപ്പയറ്റിലെ പരിശീലനത്തിലെ സുപ്രധാനഘടകമാണ് വായ്ത്താരി. കളരിയാശാന്‍ പരിശീലകരുടെ ചുവടുകള്‍ വായ്ത്താരിയിലൂടെ നിയന്ത്രിക്കുന്നു. വിവിധ ചുവടുകള്‍ക്കാവശ്യമായ സൂചനകളും വായ്ത്താരിയില്‍ അടങ്ങിയിരിക്കുന്നു. താളത്തിനനുസൃതമായാണ് വായ്ത്താരി പറയുന്നത്. മുതിര്‍ന്ന വിദ്യാര്‍ത്ഥികളും പഠിക്കുന്നവരും ചില സന്ദര്‍ഭങ്ങളില്‍ വായ്ത്താരി പറയാറുണ്ട്.

കളരിയുടേതായ ഒരു ചികിത്സാ സമ്പ്രദായം കേരളത്തില്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ടെന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ആയുര്‍വേദത്തിന്റെ പ്രമാണങ്ങളെ ആധാരമാക്കിയാണെങ്കിലും കളരിചികിത്സക്ക് അതിന്റേതായ ഒരു അടിത്തറയുണ്ട്. പൂര്‍വ്വികരായ കളരി ഗുരുനാഥന്മാര്‍ ചിട്ടപ്പെടുത്തിയെടുത്തതാണ് ഈ ചികിത്സാ പാരമ്പര്യം. മര്‍മ്മ ചികിത്സ, തിരുമ്മല്‍, വ്യായാമചികിത്സ തുടങ്ങി കളരിചികിത്സയില്‍ വ്യത്യസ്ത ശാഖകളുണ്ട്. കളരിചികിത്സയിലെ മര്‍മ്മചികിത്സാ ശാഖ ഒരു രഹസ്യസ്വഭാവം സൂക്ഷിക്കുന്നതായും കാണാം.  മര്‍മ്മസ്ഥാനങ്ങളെക്കുറിച്ചുള്ള അറിവ് ദുര്‍വിനിയോഗം ചെയ്യപ്പെടാതിരിക്കാനായിരിക്കാം ഇത്. കളരിവിദ്യയുടെയും വൈദ്യശാസ്ത്രത്തിന്റെയും സമന്വയം ഇതില്‍ കാണാവുന്നതാണ്. ശരീരത്തിന്റെയും മനസ്സിന്റെയും നവീകരണത്തിന് കളരിയുഴിച്ചല്‍ വളരെയധികം സഹായിക്കുന്നു എന്നതാകാം കളരിചികിത്സക്ക് അടുത്ത കാലത്തുണ്ടായ ജനപ്രീതിക്ക് കാരണം.