കാളീസങ്കല്‍പവുമായി ബന്ധപ്പെട്ട അനുഷ്ഠാന കലയാണ് കാളിയൂട്ട്. തിരുവനന്തപുരം ജില്ലയിലാണ് കാളിയൂട്ടിനു പ്രാധാന്യം. ഇവിടെ കാളീക്ഷേത്രങ്ങള്‍ മുടിപ്പുരകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭദ്രകാളിയുടെ മുടി സൂക്ഷിക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് മുടിപ്പുര എന്ന പേര് വന്നത്.
മുടിപ്പുരകളിലെ പൂജാരിമാരെ 'വാത്തി'മാരെന്നാണ് വിളിക്കുന്നത്. വാത്തിമാരാണ് കാളിയൂട്ടിലെ പ്രധാന കാര്മ്മികര്. ഭദ്രകാളിയുടെ വേഷം കെട്ടിയ വാത്തി കളംകാവല്‍ ചടങ്ങ് നടത്തും. കളംകാവലും അണിയറകെട്ടലും കഴിഞ്ഞതിനു ശേഷമാണ് അനുഷ്ഠാനനാടകം അരങ്ങേറുന്നത്. വിശദമായ ചടങ്ങുകളോടെ നടത്തുന്ന ഉച്ചബലിയാണ് പ്രധാനം. ഭദ്രകാളീയാമത്തില് നടത്തുന്ന ചടങ്ങാണിത്.
48 ദിവസമെടുത്തു പാടിത്തീര്ക്കാനുള്ളതാണ് ഭദ്രകാളിത്തോറ്റം പാട്ട്. എന്നാല്‍ ഉത്സവദിവസങ്ങള്ക്കനുസരിച്ച് ഏറ്റക്കുറച്ചിലോടെ തോറ്റമവതരിപ്പിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ മുടിക്കഭിമുഖമായിട്ട പന്തലിലിരുന്നാണ് തോറ്റം പാടുന്നത്. കുഴിത്താളം (ചിങ്കി) ആണ് മുഖ്യ വാദ്യോപകരണം.
ദേവി ആവേശിച്ച വാത്തി ഉറഞ്ഞു തുള്ളി അരിയും കമുകിന് പൂവും ഭസ്മവും മറ്റും തൂവും. കുരുതിയും നടത്തും. തുടര്‍ന്ന് ദാരികന് അയക്കുന്ന സൈനികന്റെ സങ്കല്പത്തിലുള്ള ഒരാള്‍ ബലിക്കളം അലങ്കോലപ്പെടുത്തും. കാളി ശൂലംകൊണ്ട് വീഴ്ത്തിയ സൈനികനെ പായയില്‍ പൊതിഞ്ഞു കൊണ്ടു പോകും. ഇതോടെ ഉച്ചബലി സമാപിക്കും. തുടര്‍ന്നാണ് ദിക്കുബലി. ഉച്ചബലിക്ക് സമാനമായ ചടങ്ങുകളാണ് ദിക്കുബലിയിലും നടത്തുന്നത്. ദിക്കുബലിക്കു ശേഷം ദാരികനെ തിരഞ്ഞ് വീട് തോറും എത്തുന്ന ഭദ്രകാളിയെ നാട്ടുകാര്‍ നിറപറയോടെ എതിരേല്ക്കും. നാലു ദിക്കിലും ദാരികനെ കണ്ടെത്താനാകുന്നില്ല. തുടര്‍ന്ന് എട്ട് ദിവസം വ്രതാനുഷ്ഠാനങ്ങളോടെയുള്ള നല്ലിരിപ്പ് ചടങ്ങ് നടത്തും. തുടര്‍ന്നുള്ള ചടങ്ങാണ് പറണേറ്റ് ആകാശത്ത് കണ്ടെത്തുന്ന ദാരികനുമായുള്ള ആകാശയുദ്ധം അഥവാ പറന്നുള്ള യുദ്ധം എന്നതുകൊണ്ടാവാം ഈ പേര് വന്നത്. ആകാശ യുദ്ധത്തിന് ശേഷം പോര് ഭൂമിയില്‍ വെച്ചാകുന്നു. ഘോരമായ യുദ്ധ പ്രതീതിയുണ്ടാക്കുന്ന സന്ദര്‍ഭമാണിത്. ഏഴു യുദ്ധങ്ങളുടെ അന്ത്യത്തില്‍ കാളി ദാരികന്റെ തല കൊയ്തെടുക്കുന്നു എന്നാണ് സങ്കല്പം.
ആറാട്ടിനുശേഷം ദേവി മുടിപ്പുരക്കുള്ളിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകള്‍ സമാപിക്കുന്നു. വളരെ ഉയരത്തില്‍ തെങ്ങ് നാട്ടിക്കൊണ്ട് കെട്ടിയുണ്ടാക്കിയ തട്ടില്‍ വെച്ചാണ് കാളിയും ദാരികനും തമ്മിലുള്ള സംവാദവും പോര്‍വിളിയും. ദേവിക്കു വിജയം നേരാന്‍ ഭൂതഗണങ്ങള്‍ നടത്തുന്ന വെള്ളാട്ടംകളിയെന്ന നൃത്തവും ചടങ്ങുകളുടെ ഭാഗമായി നടക്കും. ചില പ്രദേശങ്ങളില്‍ വെള്ളാട്ടംകളിക്കു പകരം 'പപ്പര്കളി'യാണ് നടത്തുന്നത്. ശക്തമായ അനുഷ്ഠാന ധാരകളോടു കൂടിയ നാടോടി നാടകമാണ് കാളിയൂട്ട്. ഒരു ഗ്രാമത്തെ മുഴുവന്‍ വേദിയാക്കി മാറ്റുന്ന ഈ അനുഷ്ഠാന കലാരൂപത്തില്‍ നാടകാംശങ്ങളും അനുഷ്ഠാനാംശങ്ങളും സമഞ്ജസമായി സമ്മേളിക്കുന്നു.