ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയ്ക്ക് രണ്ട് കി. മീ. അടുത്തുള്ള കണ്ടിയൂര്‍ ശിവക്ഷേത്രത്തിലെ രണ്ട് ശിലാശാസനങ്ങള്‍. പഴയ ഓടനാടിന്റെ തലസ്ഥാനമായിരുന്നു കണ്ടിയൂര്‍ മറ്റം. ഓടനാട് രാജാവിന്റെ വകയായ കണ്ടിയൂര്‍ ക്ഷേത്രസ്ഥാപനത്തോടനുബന്ധിച്ചാണ് കണ്ടിയൂര്‍ ശബ്ദം എന്ന വര്‍ഷം ആരംഭിച്ചത്.
എ.ഡി. 946 ലേതാണ് വട്ടെഴുത്തിലുള്ള ഒരു ശാസനം. ഇടനാട് നാരായണന്‍ ചന്ദ്രശേഖരന്‍ ക്ഷേത്രത്തിനു നല്‍കിയ വസ്തുവകകളില്‍നിന്ന്, ക്ഷേത്രകാര്യങ്ങള്‍ നോക്കി നടത്തുന്ന തൃക്കുന്നപ്പുഴ രാമന്‍ താത്തനും കൊടിക്കുളം ഇരവികുമാരനും നെല്ല്, നെയ്യ് തുടങ്ങിയവ യഥാകാലം ക്ഷേത്രത്തിലെത്തിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ ശാസനം. രണ്ടാം ശാസനം എ.ഡി. 1219 ലേതാണ്. വേണാട്ടടികളായ രവി കേരളവര്‍മ്മ (1215-1240) യുടെ നിര്‍ദ്ദേശപ്രകാരം ഓടനാട്ടു രാജാവായ രാമന്‍കോതവര്‍മ്മന്‍ കണ്ടിയൂര്‍ക്ഷേത്രം പുതുക്കിപ്പണിയിച്ചതിനെക്കുറിച്ചാണ് ഈ ശാസനം. കൊല്ലവര്‍ഷം 319 തുലാം 17ന് ആരംഭിച്ച പുതുക്കിപ്പണിയല്‍ 393 മേടം 8 ന് പൂര്‍ത്തിയായി. വേണാട്ടടികളുടെ ഭാര്യ ഉണ്ണിയച്ചിയെയും ഈ ശാസനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഓടനാട് ഇക്കാലത്ത് വേണാടിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നിരിക്കണം.