കണ്യാര്‍കളി

പാലക്കാട് ജില്ലയില്‍ പ്രചാരമുള്ള ഉര്‍വരാരാധനാ അനുഷ്ഠാനമാണ് കണ്യാര്‍കളി. പഴയ വെങ്ങനാട് സ്വരൂപത്തിന്റേയും കുരൂര്‍ നമ്പിടി സ്വരൂപത്തിന്റേയും അധീന പ്രദേശങ്ങളിലാണ് കണ്യാര്‍കളിയുടെ സ്വാധീനം. ഈ പ്രദേശങ്ങളില്‍ തന്നെ വ്യത്യസ്ത പേരുകളിലാണ് കളി അറിയപ്പെട്ടിരുന്നത്. ദേശത്തെക്കളി, ലാലാക്കളി, മരുത്തുകളി എന്നീ പേരുകളില്‍ കണ്യാര്‍കളി അറിയപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കളിയില്‍ അവതരിപ്പിക്കപ്പെടുന്ന പൊറാട്ടുകളുടെ പേരിലും കണ്യാര്‍കളി അറിയപ്പെടാറുണ്ട്. 

പാലക്കാട് ജില്ലയിലെ ഭഗവതിക്കാവുകളിലും വേട്ടക്കൊരുമകന്‍ ക്ഷേത്രങ്ങളിലും തറകളിലുമാണ് കണ്യാര്‍കളി അവതരിപ്പിക്കാറുള്ളത്. ഭഗവതീപ്രീതിക്കു വേണ്ടിയാണ് കളി നടത്തുന്നത്. നായര്‍ സമുദായത്തില്‍പ്പെട്ടവരാണ് സാധാരണ  കണ്യാര്‍കളി അവതരിപ്പിക്കുന്നത്.  

കണ്ണകിയാര്‍കളിയാണ് കണ്യാര്‍കളിയായതെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ കാര്‍ഷികോത്സവമെന്ന നിലയില്‍ കണ്യാര്‍കളിയുടെ ഉത്ഭവത്തെ വിശകലനം ചെയ്ത പഠനങ്ങളും ഉണ്ടായിട്ടുണ്ട്. കണ്യാര്‍കളിയുടെ പഴക്കത്തെപ്പറ്റിയും ഭിന്നാഭിപ്രായങ്ങളുണ്ട്. കൊല്ലവര്‍ഷത്തിന് 500 വര്‍ഷം മുമ്പത്തെ ചരിത്രം ഈ കലാരൂപത്തിന് അവകാശപ്പെടുന്നവരുണ്ട്. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തെക്കുറിച്ച് ചില പാട്ടുകളില്‍ പരാമര്‍ശമുണ്ട്. അതുകൊണ്ടുതന്നെ ചേരരാജവംശത്തിന്റെ കാലത്തോളം പഴക്കം ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

സാധാരണ കണ്യാര്‍കളി നാലു ദിവസം നീണ്ടു നില്‍ക്കും. അനുഷ്ഠാനപരമായ വട്ടക്കളിയും വിനോദപരമായ പുറാട്ടുകളിയും അവതരിപ്പിക്കപ്പെടുന്നു. പ്രത്യേകം തീര്‍ത്ത പന്തലിലാണ് കളി നടക്കുന്നത്. പന്തലില്‍ കളി വിളക്കു കത്തിക്കുക, നന്തകംവാള് എഴുന്നെളളിക്കുക എന്നീ ചടങ്ങുകളില്‍ ഗ്രാമക്കാര്‍ കൂട്ടത്തോടെ പങ്കെടുക്കും. കളി 'കുമ്പിട്ടു'കഴിഞ്ഞാല്‍ അഥവാ തുടങ്ങിക്കഴിഞ്ഞാല്‍ കളിക്കാരും കളിയാശാന്മാരും വ്രതം അനുഷ്ഠിക്കും.  

അനുഷ്ഠാനവുമായി ബന്ധപ്പെട്ട 'വട്ടക്കളി'യാണ് ആദ്യം. ദേശത്തെ കാരണവന്മാര്‍ കുത്തുവിളക്ക്, വാള്, ചിലമ്പ്, പീഠം, ഭസ്മപ്പെട്ടി, പട്ട്, കൂറ തുടങ്ങിയവ പന്തലില്‍ കൊണ്ടു വെക്കും.  കളിയാശാനും കളിക്കാരും കൊട്ടുകാരും കൊട്ടിക്കലാശത്തൊടെയാണ് പന്തലിലേക്ക് പ്രവേശിക്കുന്നത്.  അതോടെ വട്ടക്കളി ആരംഭിക്കും.

കളിക്ക് മുന്നോടിയായി കേളികൊട്ടി അറിയിക്കുന്ന ഏര്‍പ്പാടുണ്ട്. രാത്രി എട്ടു മണിയോടു കൂടിയാണ് പല സ്ഥലങ്ങളിലും കളി ആരംഭിക്കുന്നത്. 'നടവട്ട'മാണ് ആരംഭം.  കളിപ്പന്തലില്‍ ആചാരാനുഷ്ഠാനങ്ങളോടെ പ്രവേശിച്ച് കളി നടത്തുന്നതിനെയാണ് 'നടവട്ടം' എന്നു പറയുന്നത്.  കളിയച്ഛന്‍ ചൊല്ലുന്ന വായ്ത്താരിക്കനുസരിച്ചാണ് കളിക്കുന്നത്.  കത്തിച്ച വിളക്കിന് ചുറ്റുമായി പാട്ടുപാടി ചുവടുകള്‍ വെച്ചു കൊണ്ടാണ് കളി.  കളിക്ക് പ്രത്യേക വേഷമൊന്നുമില്ല. കളിക്കാരുടെ കയ്യില്‍ മണി കെട്ടിയ വടി ഉണ്ടായിരിക്കും.  പാട്ടിന്റെ താളത്തിനനുസരിച്ച് തുള്ളിയും കുമ്പിട്ടുചാടിയും കളിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കലാശത്തോടുടി വട്ടം മുറുകും. അതോടെ നടവട്ടം അവസാനിക്കും. ഒരു വട്ടം കളി കഴിഞ്ഞാല്‍ കോമരം പന്തലില്‍ തുള്ളി വാളും ചിലമ്പും അഴിച്ചു വെക്കും. വട്ടക്കളി ഇങ്ങനെ മൂന്നു വട്ടം കളിക്കും. നടുവട്ടം കളി കഴിഞ്ഞാല്‍ പാട്ടു പാടി കൊണ്ടുള്ള കളിയുണ്ട്. പാട്ടിന്റെ അവസാനം പതിഞ്ഞ മട്ടില്‍ ചുവടുവെച്ച് കളിക്കും. മൂന്നാംവട്ടംകളിയില്‍ ഭഗവതിയെ സ്തുതിച്ചുകൊണ്ടുള്ള പാട്ട് പാടാറുണ്ട്. അക്ഷരശുദ്ധിയോടും അര്‍ത്ഥശുദ്ധിയോടും കൂടിയാണ് പാട്ട് പാടുന്നത്. പാട്ടിന്റെ വായ്മൊഴി പാഠത്തിനു പുറമെ കയ്യെഴുത്ത് ഗ്രന്ഥങ്ങളും അച്ചടി പാഠവും ലഭ്യമാണ്.

കണ്യാര്‍കളിയുടെ അടുത്ത ഭാഗം വിനോദത്തിലൂന്നിയ പൊറാട്ടു കളിയാണ്.  ആദ്യ ദിവസം ഇറവക്കളിയും രണ്ടാം ദിവസം ആണ്ടിക്കൂത്തുമാണ്.  വള്ളോന്‍, മലമക്കളി ഇവ തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കും. കളിയില്‍ പലവിധ വാദ്യോപകരണങ്ങളും ഉപയോഗിക്കും.  ചെണ്ട, മദ്ദളം, ഇടയ്ക്ക, ഉടുക്കു്, ഇലത്താളം, ചേങ്ങല, കുറുങ്കുഴല്‍ ഇവയാണ് പ്രധാനം.

നാല് ദിവസം കളി നടന്നാല്‍ ഒരു അരങ്ങ് പൂര്‍ത്തിയാകും. കളിക്കാര്‍ വട്ടക്കളി കളിച്ച് സ്നേഹാദരവോടെ പിരിയുന്നതോടെ കളി സമാപിക്കുന്നു. അരങ്ങ് പൂര്‍ത്തിയായാല്‍ 'വാരല്‍' ചടങ്ങ് നടക്കും. കണ്യാര്‍കളിയിലെ അവസാനത്തെ ചടങ്ങാണ് പൂവാരല്‍. പൊറാട്ടുകളി കഴിഞ്ഞ് പ്രഭാതത്തിലാണ് പൂവാരല്‍ ചടങ്ങ് നടക്കാറുള്ളത്.  വെളിച്ചപ്പാട് കുളിച്ച് പട്ടുടുത്ത് പന്തലില്‍ വരും.  പൂവാരലിനായി പ്രത്യേകം പാട്ടുണ്ട്.  പാട്ട് കഴിഞ്ഞാല്‍ പൂവാരല്‍ തുടങ്ങും.  വെളിച്ചപ്പാട് ഭസ്മവും പൂവും അരിയും എറിയും.  പൂവിട്ടു പൂജിക്കല്‍ ചടങ്ങില്‍ നാട്ടുകാരെല്ലാവരും പങ്കെടുക്കും. 

അനുഷ്ഠാനാംശങ്ങളും നാടകാംശങ്ങളും കണ്യാര്‍കളിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. സവിശേഷമായ താളവ്യവസ്ഥകള്‍ കണ്യാര്‍കളിയുടെ പ്രത്യേകതയാണ്. കളരി അഭ്യാസത്തില്‍ അധിഷ്ഠിതമായ ശരീരചലനങ്ങളാണ് കളിയുടെ മറ്റൊരു ആകര്‍ഷണീയത. ജാതി സമ്പ്രദായത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ വ്യക്തമാക്കുന്ന കലാപ്രകടനം കൂടിയാണ് കണ്യാര്‍കളി. ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന സാമൂഹ്യക്രമത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും കളിയില്‍ പ്രതിപാദിക്കുന്നുണ്ട്. പാലക്കാടന്‍ ഗ്രാമജീവിതത്തിന്റെ ചൈതന്യം ആവാഹിച്ചെടുത്ത കലാരൂപമാണ് കണ്യാര്‍കളി.