ഗോത്രസമൂഹം അത്യന്തം ഉത്കണ്ഠയോടെ കണ്ടിരുന്ന പ്രതിഭാസമാണ് മരണം. അതുകൊണ്ടുതന്നെ മരണത്തെക്കുറിച്ച് വിചിത്രവും വ്യത്യസ്തവുമായ സങ്കല്പങ്ങള്‍ ഓരോ സാമൂഹ്യക്കൂട്ടായ്മയും പുലര്‍ത്തുന്നതായി കാണാം. സംസ്കാരക്രിയ, പരേതര്‍ക്കുള്ള ശേഷക്രിയ, പുല, മരണാനന്തര ജീവിതവിശ്വാസം, പുനര്‍ജന്മവിശ്വാസം തുടങ്ങിയവയെല്ലാം മരണത്തോട് മനുഷ്യന്‍ പ്രകടിപ്പിച്ചിരുന്ന മനോഭാവത്തെയും അവരുടെ വിശ്വാസപ്രക്രിയയെയും വിശദീകരിക്കുന്ന ഘടകങ്ങളാണ്.
'കണ്ണോക്ക്' എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉണ്ട്. 'കണക്ക്+ഒഴുക്കല്‍'- എന്ന അര്‍ത്ഥത്തിലാണ് ഈ പദം രൂപപ്പെട്ടതെന്നാണ് ഒരു നിഗമനം. മരിച്ചവരുടെ വീട്ടിലേക്ക് ബന്ധുക്കള്‍ മരണാനന്തര ദിവസങ്ങളിലെ ആവശ്യങ്ങള്‍ക്കായി അരി, പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ കൊണ്ടുവരുന്ന പതിവ് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഇതിനെ 'കണക്ക്' കൊണ്ടുപോകല്‍ എന്നാണ് പറഞ്ഞിരുന്നത്. മരിച്ചവരുടെ ജാതകമടക്കം നദിയിലോ കടലിലോ ഒഴുക്കി അവരുമായുള്ള എല്ലാ ബന്ധങ്ങളും തീര്‍ക്കുന്ന (കണക്കു തീര്‍ക്കല്‍) ചടങ്ങില്‍ നിന്നായിരിക്കണം ഇങ്ങനെ ഒരര്‍ത്ഥം കല്പിച്ചത്.
അത്യുത്തര കേരളത്തില്‍ 'കണ്ണോക്കുപാട്ട്' എന്ന പേരില്‍ ഒരു ഗാനശാഖയുണ്ടായിരുന്നു. മരിച്ചവരുടെ ബന്ധുക്കളും ചുറ്റുമുള്ളവരും പാടിയിരുന്ന പാട്ടായിരുന്നു ആദ്യകാലത്ത് കണ്ണോക്ക്പാട്ട്. ഗോത്രഘടനയില്‍ നിന്നും സമൂഹം അടിമത്ത വ്യവസ്ഥയിലേക്കും ജാതിസമൂഹത്തിലേക്കും പരിണമിച്ചതനുസരിച്ച് കണ്ണോക്ക് പാട്ടിന്റെ ഘടനയിലും മാറ്റം വന്നു. ക്രമേണ 'കണ്ണോക്ക്' പാടാന്‍ കൂലിക്ക് ആളെ കൊണ്ടുവരുന്ന പതിവ് നിലവില്‍ വന്നു. സമൂഹത്തില്‍ താഴേക്കിടയിലുള്ള ജാതിയില്‍പ്പെട്ട സ്ത്രീകളായിരുന്നു ഉയര്‍ന്ന ജാതിക്കാരുടെ മരണവീടുകളില്‍ ഇത്തരം ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.
മരിച്ചവരുടെ സ്വാഭാവവിശേഷങ്ങളും, ചെയ്ത നല്ല കാര്യങ്ങളും ബന്ധുക്കള്‍ പങ്കിടുന്ന അതിയായ ദുഃഖാവസ്ഥയും പാട്ടിലെ വിഷയങ്ങളായിരുന്നു. അലമുറയിട്ടുകൊണ്ടായിരുന്നു 'പാട്ടുകാര്‍' കണ്ണോക്കുപാട്ട് അവതരിപ്പിച്ചിരുന്നത്. കുറച്ചുകാലം മുമ്പുവരെ വടക്കന്‍ കേരളത്തില്‍ ഈ രീതി നിലനിന്നിരുന്നു.
ആദിവാസി ഊരുകളിലും കുടികളിലും ഇന്നും മരണാനന്തര ചടങ്ങുകളുടെ ഭാഗമായി പാട്ടും നൃത്തവും നടക്കാറുണ്ട്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായിത്തന്നെ പല കൂട്ടായ്മകളും ഇത്തരം ചടങ്ങുകളെ കാണുന്നു.
മരിച്ച ആളുടെ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കാന്‍ കാസര്‍കോട് ജില്ലയിലെ ആദിവാസികളായ മലങ്കുടിയന്മര്‍ നൃത്തമാടുന്ന ചടങ്ങ് ഇപ്പോഴും നിലവിലുണ്ട്. ചെണ്ട, തുടി, ഇലത്താളം, കുഴല്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ ചടങ്ങില്‍ പാട്ടില്‍ ഉപയോഗിക്കുന്നു. അട്ടപ്പാടിയിലെ മുഡുഗര്‍ ഒരാള്‍ മരിച്ചാല്‍ കൂടാരം തീര്‍ത്ത് ശവശരീരം അതില്‍വെച്ച് ആടുകയും പാടുകയും ചെയ്യാറുണ്ട്. ശവമെടുക്കുമ്പോള്‍ കുഴലിലാണ് ഈ പാട്ടുവായിക്കുന്നത്. ഈ പാട്ടുമായി ബന്ധപ്പെട്ട വിചിത്രമായ മറ്റൊരു കാര്യമുണ്ട്. മരിച്ചയാളെ അനുനയിച്ച് ശ്മശാനത്തിലേക്ക് നയിക്കാനാണത്രേ ഈ പാട്ടുപാടുന്നത്. പലതരം പൂക്കളുള്ള മനോഹരമായ മലകളിലോക്കും താഴ്വരകളിലേക്കും വരൂ.... എന്നാണ് പാട്ടില്‍ പറയുന്നത്. ആദിവാസി സമൂഹത്തിന്റെ മരണത്തെക്കുറിച്ചുള്ള മനോഹരമായ വ്യാഖ്യാനമാണിവിടെ പാട്ടായ് രൂപം കൊള്ളുന്നത്.