കഥകളിദീര്‍ഘ കാലത്തെ പരിശീലനം ആവശ്യമുള്ള ഒരു ശാസ്ത്രീയ കലാരൂപമാണ് കഥകളി. അനുഷ്ഠാനകലകളിലെ പല അംശങ്ങളും സമന്വയിപ്പിച്ച് കൊട്ടാരക്കരത്തമ്പുരാന്‍ തുടങ്ങിവച്ച രാമനാട്ടമാണ് കഥകളിയായി പരിണമിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്.

കഥകളിയിലെ കഥാപാത്രങ്ങള്‍ സംസാരിക്കാറില്ല. പശ്ചാത്തലത്തിലെ പാട്ടുകള്‍ക്കനുസരിച്ച് അഭിനയിക്കുന്നു. അതുകൊണ്ട് തന്നെ കഥകളി സംഗീതത്തിലെ സാഹിത്യത്തിനു വലിയ പ്രാധാന്യമുണ്ട്. ആട്ടക്കഥാ സാഹിത്യമെന്നാണതിനു പറയുന്നത്. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം തുടങ്ങിയവയാണ് കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങള്‍. മറ്റു ഭാരതീയ നൃത്ത രൂപങ്ങള്‍ക്കെന്ന പോലെ തന്നെ കഥകളിയുടെയും അടിസ്ഥാനം ഭരത മുനിയുടെ നാട്യ ശാസ്ത്രമാണ്. പക്ഷെ കഥകളിയില്‍ ഉപയോഗിക്കുന്ന ഹസ്ത മുദ്രകള്‍ക്ക് അടിസ്ഥാനം ഹസ്ത ലക്ഷണ ദീപിക എന്ന പുരാതന ഗ്രന്ഥമാണ്.

കഥകളിക്ക് അനേകം ചടങ്ങുകളുണ്ട്. കേളി, അരങ്ങുകേളി, തോടയം, വന്ദനശ്ലോകം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി എന്നിവയാണ് അവ.

ഒരു കഥ പൂര്‍ണ്ണ രൂപത്തില്‍ അവതരിപ്പിക്കുവാന്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ വേണ്ടി വരും. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കഥകളിയുടെ വേഷവിധാനങ്ങളാണ്. കഥാപാത്രങ്ങളുടെ സ്വഭാവം അനുസരിച്ചാണ് മുഖത്തെഴുത്തും, വേഷവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു പുരുഷ കഥാപാത്രത്തിന്റെ മുഖത്തെഴുത്ത് പൂര്‍ത്തിയാക്കാന്‍ 3 മണിക്കൂര്‍ മുതല്‍ 5 മണിക്കൂര്‍ വരെ സമയം വേണ്ടി വരും.

കുറഞ്ഞത് നാലഞ്ചു വര്‍ഷത്തെയെങ്കിലും പരിശീലനം ആവശ്യമുള്ള കലാരൂപമാണ് കഥകളി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നാശോന്മുഖമായിരുന്ന ഈ കലാരൂപത്തിന്റെ തിരിച്ചു വരവിനു കാരണം കലാമണ്ഡലത്തിന്റെ രൂപീകരണമാണ്. മഹാകവി വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ആണതിന് വേണ്ടി പ്രയത്‌നിച്ചത്.

ഹിന്ദു പുരാണങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നുമാണ് ആട്ടക്കഥാ സാഹിത്യ രചനയ്ക്കുള്ള കഥകള്‍ തെരഞ്ഞെടുക്കുക. കോട്ടയത്തു തമ്പുരാന്‍, ഉണ്ണായി വാരിയര്‍, ഇരയിമ്മന്‍ തമ്പി, വയസ്കര മൂസ് തുടങ്ങിയവര്‍ ആണ് പ്രമുഖ ആട്ടക്കഥാ രചയിതാക്കള്‍. കല്യാണ സൗഗന്ധികം, നളചരിതം, ബാലി വധം, ഉത്തരാ സ്വയംവരം, സന്താന ഗോപാലം ഇവയൊക്കെയാണ് പ്രധാന ആട്ടക്കഥകള്‍.