കഥാപ്രസംഗം

കഥയും പ്രസംഗവും സംഗീതവും ഒത്തുചേരുന്ന കലയാണ് കഥാപ്രസംഗം.  ഹരികഥ, ഹരികഥാകാലക്ഷേപം, കഥാകാലക്ഷേപം, സദ്കഥാകാലക്ഷേപം എന്നീ പേരുകളിലും ഈ  കലാരൂപം അറിയപ്പെടുന്നുണ്ട്. 

പല നാടന്‍ സംസ്കാരങ്ങളിലും വായ്മൊഴി സംസ്കാരത്തിലും കഥയും സംഗീതവും പ്രസംഗവും ചേരുന്ന കലാരൂപങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും കഥാപ്രസംഗത്തിനു സമാനമായ രൂപങ്ങള്‍ നിലവിലുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളുടെ ആദ്യരൂപം വായ്മൊഴിയായി പ്രചരിപ്പിക്കപ്പെട്ടിരുന്ന ഹരികഥാ രൂപങ്ങളായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

കേരളീയ തനതു കലാരൂപങ്ങളായ ചാക്യാര്‍കൂത്ത്, പാഠകം, എന്നിവയുടെ സ്വാധീനം കേരളത്തില്‍ കഥാപ്രസംഗത്തിനുണ്ടായിട്ടുണ്ട്.  മലയാളത്തിലെ ആദ്യകാല കാഥികരില്‍ പ്രമുഖനാണ് സത്യദേവന്‍. അദ്ദേഹം അവതരിപ്പിച്ച 'മാര്‍ക്കണ്ഡേയ ചരിതം' തമിഴ് ഹരികഥകളെ അനുകരിച്ചുകൊണ്ടുള്ളതാണ്.  1920-ല്‍ ആദ്യമായി അവതരിപ്പിച്ച ഈ കഥയിലെ സംസ്കൃത ശ്ലോകങ്ങള്‍ മഹാകവി കുമാരനാശാനാണ് രചിച്ചത്. 

ഭക്തിനിര്‍ഭരമായ കഥകളായിരുന്നു ആദ്യകാലത്തെ കഥാപ്രസംഗകലയിലെ വിഷയങ്ങള്‍. തുടര്‍ന്ന് കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ തുടങ്ങിയ മഹാകവികളുടെ കാവ്യങ്ങളും മറ്റു പ്രശസ്ത സാഹിത്യകാരന്മാരുടെ കൃതികളും പ്രമേയമായി സ്വീകരിച്ചുള്ള കഥകള്‍ അവതരിപ്പിച്ചു തുടങ്ങി. ജോസഫ് കൈമാപ്പറമ്പനും മറ്റും ഇതിന് മുന്‍കൈ എടുത്തു. ചങ്ങമ്പുഴയുടെയും മറ്റും കൃതികള്‍ കഥാപ്രസംഗമായി ജനഹൃദയങ്ങളില്‍ അതിവേഗം സ്ഥാനം പിടിച്ചു. ക്രമേണ സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ സ്വീകരിച്ചു തുടങ്ങി. തുടര്‍ന്ന് ലോകസാഹിത്യത്തിലെ ഇതിവൃത്തങ്ങളും പലരും അവതരിപ്പിച്ചു. 

ഭക്തിപ്രധാനമായ കഥകളിലും ഖണ്ഡകാവ്യങ്ങളിലും ഒതുങ്ങി നിന്നിരുന്ന കഥാപ്രസംഗത്തില്‍ പുതിയ ചെറുകഥകളും വിദേശ നോവലുകളും അവതരിപ്പിച്ചുകൊണ്ട് വി. സാംബശിവന്‍ നടത്തിയ പരീക്ഷണങ്ങള്‍ വന്‍ വിജയമായിരുന്നു. സാമൂഹ്യ രാഷ്ട്രീയ ഇതിവൃത്തങ്ങള്‍ സ്വീകരിച്ചുകൊണ്ട് കെടാമംഗലം സദാനന്ദന്‍ രംഗത്തു വന്നു. ഈ മാറ്റങ്ങളോടെ കഥാപ്രസംഗകല അതിന്റെ സുവര്‍ണ്ണ ദശയിലേക്ക് കടന്നു എന്നു പറയാം.   

ചപ്ലാങ്കട്ടയുമായി ഒറ്റ കലാകാരന്‍ അവതരിപ്പിച്ചിരുന്ന ഹരികഥയില്‍ നിന്ന് കഥാപ്രസംഗകല ഒട്ടേറെ മുന്നോട്ട് പോയി. ഒരു കഥാപ്രസംഗ കലാകാരന്‍/കലാകാരി ബഹുമുഖപ്രതിഭയായിരിക്കണം. അഭിനയത്തോടൊപ്പം ആലാപനശേഷിയും കഥാവതരണശൈലിയും ഉണ്ടായിരിക്കണം.  കഥാപ്രസംഗകലാകാരനോടൊപ്പം ഭാഗവതരും, വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും ചേര്‍ന്ന ഒരു വലിയ സംഘമാണ് ഇന്ന് കഥാപ്രസംഗവേദിയില്‍ അണിനിരക്കുന്നത്. ഹാര്‍മോണിയം, തബല, വയലിന്‍, ക്ലാരനറ്റ്, ഗിറ്റാര്‍ തുടങ്ങിയ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.  

ഒട്ടേറെ കലാകാരന്മാര്‍ കഥാപ്രസംഗ കലയില്‍ അവരുടേതായ സംഭാവനകള്‍ നല്‍കി. കെ.കെ. വാദ്ധ്യാര്‍, ശേഖരന്‍ വാദ്ധ്യാര്‍, സ്വാമി ബ്രഹ്മവ്രതന്‍, എം.പി. മന്മഥന്‍, കേശവപ്പണിക്കര്‍, ജോസഫ് കൈമാപ്പറമ്പന്‍, കെടാമംഗലം സദാനന്ദന്‍, വി. സാംബശിവന്‍,  ചേര്‍ത്തല ഭവാനിയമ്മ, അമ്മിണി ബ്രാഹ്മിണിയമ്മ, തിരുവല്ല പൊന്നമ്മ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. 

കേരളത്തിലെ സാമൂഹ്യമാറ്റങ്ങളില്‍ മറ്റു കലാ-സാഹിത്യ രൂപങ്ങളോടൊപ്പം സുപ്രധാന പങ്കു വഹിച്ച കലാമാദ്ധ്യമമാണ് കഥാപ്രസംഗം. കുറച്ചു കാലം മുന്‍പുവരെ നാടകം കഴിഞ്ഞാല്‍ ഏറ്റവുമധികം ജനപ്രിയമാര്‍ന്ന കലാരൂപമായിരുന്നു കഥാപ്രസംഗം. പുതിയ മാദ്ധ്യമങ്ങള്‍ രംഗത്തുവന്നതോടെ കഥാപ്രസംഗകലക്കുള്ള പ്രചാരം കുറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ അഭിരുചിയിലുള്ള മാറ്റവും മറ്റൊരു കാരണമാണ്. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് കഥാപ്രസംഗകലയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ അങ്ങിങ്ങായി നടക്കുന്നുണ്ട്.