ആധുനികശാസ്ത്രസാങ്കേതികവിജ്ഞാനത്തിന്റെ മാധ്യമമായി മലയാളഭാഷയെ വികസിപ്പിക്കുക, ഉന്നതവിദ്യാഭ്യാസം മലയാളത്തിലാക്കുവാന്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുക, കാലാനുസൃതമായി മലയാളഭാഷയെ നവീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളത്തില്‍ 1968 സെപ്റ്റംബര്‍ 16-ന് കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. 1980 നവംബര്‍ 1-ന് കോഴിക്കോട് പ്രാദേശികകേന്ദ്രം ആരംഭിച്ചു. വിജ്ഞാനശബ്ദാവലിയും മാനവികശബ്ദാവലിയും ഉള്‍പ്പെടെ 16 ശബ്ദാവലികളാണ് ആദ്യം തയ്യാറാക്കിയത്. ശാസ്ത്രസാങ്കേതികപദാവലികള്‍ക്കായുള്ള ഒരു സ്ഥിരംസമിതിയുടെ മാര്‍ഗനിര്‍ദേശത്തിലാണ് കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് ശബ്ദാവലികള്‍ തയ്യാറാക്കിയിരുന്നത്.
1996-ല്‍ കംപ്യൂട്ടര്‍ ഗ്രന്ഥപരമ്പര എന്ന് സ്കീം ആരംഭിച്ചപ്പോള്‍ ശബ്ദാവലിനിയമം കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് തിരുത്തി. പ്രശസ്ത സാഹിത്യകാരരുടെ സമ്പൂര്‍ണ്ണ കൃതികളുടെ സമഗ്രപഠനഗ്രന്ഥങ്ങളും കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു വരുന്നു. മലയാളം ചുരുക്കെഴുത്ത് മാനുവല്‍ പരിഷ്കരിച്ചതും കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു.
ഇംഗ്ലീഷു ഭാഷയിലേതു പോലെ മലയാളത്തിലും ഡിക്റ്റേഷന്‍ രേഖപ്പെടുത്താനുള്ള സംവിധാനം, വിവര്‍ത്തകര്‍ക്കായുള്ള വര്‍ക്ക് ബഞ്ച്, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങള്‍, വിജ്ഞാനകൈരളി മാസിക തുടങ്ങിയവ മൊബൈല്‍ ഫോണില്‍ നല്‍കാനുള്ള സംവിധാനം, ഭാഷാ പഠനത്തിനുള്ള സി.ഡി.യും ട്യൂട്ടറിങ് സിസ്ററം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കാന്‍ ആലോചിക്കുന്നു.
കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.