ഭക്ഷ്യവിഭവങ്ങള്‍



ഒരു നാടിന്റെ ഭക്ഷണരീതി നിശ്ചയിക്കുന്നത് ആ നാടിന്റെ സംസ്കാരം, കാലാവസ്ഥ, ഭൂമിശാസ്ത്രം എന്നിവയെ ആസ്പദമാക്കിയാണ്. ആഹാരത്തെ രണ്ടായി തിരിക്കാം. സസ്യാഹാരവും, മാംസാഹാരവും. മാംസാഹാരവിഭവങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങളും മറ്റു മസാലകളും ധാരാളമായി ചേര്‍ക്കുന്നു എങ്കില്‍ സസ്യാഹാര വിഭവങ്ങളില്‍ അവയുടെ അളവ് വളരെ കുറവാണ്.

ആയുര്‍വേദമെന്ന ആയുസ്സിന്റെ ശാസ്ത്രത്തിന് ഗണ്യമായ സംഭാവന നല്‍കുവാന്‍ കഴിഞ്ഞ കേരളം, ഭക്ഷണത്തിന്റെ കാര്യത്തിലും പണ്ടുമുതല്‍ക്കേ ആയുര്‍വേദ ദര്‍ശനങ്ങള്‍ പിന്തുടര്‍ന്നിട്ടുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ആഹാരത്തിന്റെ പങ്ക് കണക്കിലെടുത്താണ് കേരളീയ ഭക്ഷണപാചകരീതി രൂപപ്പെട്ടിട്ടുള്ളത്. വിരുദ്ധാഹാരം വിഷത്തിനു സമമാണ് എന്ന ആചാര്യമതം നിഷ്കര്‍ഷയോടെ പാലിക്കും വിധമാണ് കേരളീയ വിഭവങ്ങളുടെ ചേരുവകള്‍ പോലും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഉദാഹരണത്തിന് പാലിനോട് മത്സ്യമോ നാരങ്ങയോ ഒരു സമയത്ത് ചേര്‍ത്ത് കഴിക്കുവാന്‍ പാടില്ല. തൈരിനോടൊ, മോരിനോടൊ ചേര്‍ത്ത് പഞ്ചസാര, വെളുത്തുള്ളി എന്നിവ ഉപേയാഗിക്കാന്‍ പാടില്ല എന്നിങ്ങനെ പോകുന്നു അവ. ആധുനിക കാലത്ത് ഇതിനൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കാം.