സാംസ്കാരിക കേരളം

തൃക്കാര്‍ത്തികയും അമ്മതിരുവടി പൂരവും

ദിവസം:09-03-2019 to 22-03-2019

കേരളത്തിലെ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ പ്രമുഖമാണ്‌ തൃശൂര്‍ ഊരകത്തുള്ള ഊരകത്തമ്മതിരുവടി ക്ഷേത്രം. അമ്മതിരുവടി ക്ഷേത്രം എന്നറിയപ്പെടുന്ന വാലായാധീശ്വരി ക്ഷേത്രത്തിലെ പ്രധാന അഞ്ചുത്സവങ്ങളാണ്‌ തൃക്കാര്‍ത്തിക, പൂരം, നവരാത്രി, ഇല്ലം നിറ, വാവരാട്ട്‌ എന്നിവ.

അമ്മ തിരുവടിയുടെ ജന്മദിനമായി കണക്കാക്കുന്ന വൃശ്ചികത്തിലെ കാര്‍ത്തിക നാളാണ്‌ തൃക്കാര്‍ത്തിക ഉത്സവമായി ആഘോഷിക്കുന്നത്‌. അലങ്കരിച്ച ആനകളുടെ മുകളിലുള്ള എഴുന്നള്ളത്തും ഭക്തര്‍ക്കു നല്‍കുന്ന സദ്യയുമാണ്‌ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍.

13 ദിവസം നീണ്ടു നില്‌ക്കുന്ന മീനമാസത്തിലെ പൂരാഘോഷമാണ്‌ രണ്ടാമത്തെ പ്രധാന ഉത്സവം. ഈ ക്ഷേത്രത്തില്‍ പൂരോത്സവമില്ല എന്നത്‌ എടുത്തു പറയേണ്ട ഒരു കാര്യമാണ്‌. പെരുവനത്തിലേയും, ആറാട്ടുപ്പുഴയിലേയും പൂരങ്ങളില്‍ ഇവിടുത്തെ ദേവി പങ്കെടുക്കുക മാത്രമാണ്‌ ചെയ്യുക. പൂരങ്ങളുമായി ബന്ധപ്പെട്ട്‌ ഈ ക്ഷേത്രത്തില്‍ പല ചടങ്ങളുകളുമുണ്ട്‌. 5-ാം ദിവസം രോഹിണി വിളക്കും 6-ാം ദിവസം മകയിരം പുറപ്പാടും ഉണ്ടായിരിക്കും. മറ്റു പൂരങ്ങളില്‍ പങ്കെടുക്കുവാന്‍ ഊരകത്തമ്മ പോകുന്നതാണ്‌ മകയിരം പുറപ്പാട്‌.

7-ാം ദിവസം ഊരകം മാമ്പള്ളി ക്ഷേത്രക്കുളത്തില്‍ തിരുവാതിര ആറാട്ടു നട്‌തതും. തുടര്‍ന്ന്‌ പെരുവനം പൂരവും ശ്രീബലരാമന്‍ ക്ഷേത്രത്തില്‍ പുണര്‍തം ആറാട്ടും കഴിഞ്ഞ്‌ 8-ാം ദിവസം തിരിച്ചു വരുമ്പോള്‍ ചാത്തുക്കുടം ശാസ്‌താവിനോട്‌ ഉപചാരം ചൊല്ലി പിരിയുന്നു. 12-ാം ദിവസം അതിരാവിലെ ദേവി ആറാട്ടുപുഴ പൂരത്തിലും കൂട്ടി എഴുന്നള്ളിപ്പിലും (ദേവസംഗമം) ആറാട്ടുപുഴ ശാസ്‌താവിനൊപ്പം പങ്കെടുക്കുകയും തൃപ്രയാര്‍ തേവരോടൊപ്പം മന്ദാരം കാവില്‍ ആറാട്ടു നടത്തുകയും ചെയ്യും. അടുത്ത ദിവസം ഉത്രംപാട്ടും, ബ്രഹ്മിണിപ്പാട്ടും ഉണ്ടായിരിക്കും. അത്തം കൊടിക്കുത്തോടെ പൂരം ഉത്സവം സമാപിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

തൃക്കാര്‍ത്തിക, ഉത്രം പാട്ട്‌, രോഹിണി വിളക്ക്‌

പടങ്ങള്‍

സ്ഥലം

ഊരകം

വേദി
ഊരകത്തമ്മതിരുവടി ക്ഷേത്രം

വിലാസം
ഊരകം പി.ഒ.
തൃശ്ശൂര്‍ 680562
ഫോണ്‍: +91 487 2344795, 9947767187

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മീനമാസത്തിലാണ്‌