കേരള ഫോക്‌ലോര്‍ അക്കാദമി

കേരളസര്‍ക്കാറിന്റെ സാംസ്കാരികവകുപ്പിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമാണ് കേരള ഫോക്‌ലോര്‍ അക്കാദമി. 1955ലെ ട്രാവന്‍കൂര്‍ - കൊച്ചി ലിറ്റററി, സൈന്‍ഡിഫിക് ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം കേരള സര്‍ക്കാര്‍ 1996-ല്‍ ജി.ഒ. (എം.എസ്സ്) നം. 17/95/സിഎഡി, 28/06/95 അനുസരിച്ച് സ്ഥാപിച്ച ഒരു സാംസ്കാരിക സ്ഥാപനമാണ് കേരള ഫോക്‌ലോര്‍ അക്കാദമി. 

ഫോക്‌ലോര്‍ അക്കാദമി  സമ്പൂര്‍ണ്ണവും വൈവിധ്യ പൂര്‍ണ്ണവുമായ  നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കേരളത്തിലെ  ഫോക്‌ലോറിന്റെ സംരക്ഷണം,   പ്രസാരണം   അതിന്റെ വിവിധ   വിഭാഗങ്ങളെയും   സംരക്ഷിക്കുകയും   നാടന്‍കലാകാരാര്‍ക്ക്   പുരസ്കാരങ്ങള്‍   നല്‍കുകയും നാടന്‍കലകളില്‍ അഭിരുചിയുള്ള കുട്ടികളെ അവര്‍ കൈകാര്യം ചെയ്യുന്ന നാടന്‍കലാരൂപങ്ങള്‍ അഭ്യസിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുകയും, നാടന്‍കലാകാരരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധപതിപ്പിക്കുകയും അവശരായ നാടന്‍കലാകാരര്‍ക്ക് ചികിത്സാധനസഹായം നല്‍കുകയും   ചെയ്യുകയെന്നത്   അക്കാദമിയുടെ   പ്രഖ്യാപിത  ലക്ഷ്യങ്ങളാണ്.   

നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാടന്‍കലാരൂപങ്ങളെയും നാടോടിസംസ്കൃതിയെയും 
അടയാളപ്പെടുത്തിയും രേഖപ്പെടുത്തിയും സൂക്ഷിക്കുകയും അതിനു പര്യാപ്തമാംവിധം കേരള ഫോക്‌ലോര്‍ അക്കാദമിയുടെ മ്യൂസിയം സജ്ജമാക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുകയെന്നതും അക്കാദമി വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളാണ്.