കേരള കലാമണ്ഡലം

പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനത്തോടെ നാമാവശേഷമായിത്തീര്‍ന്ന കഥകളിക്കും മോഹിനിയാട്ടത്തിനും സമാനങ്ങളായ പാരമ്പര്യകലകള്‍ക്കും നവജീവന്‍ നല്‍കിയത് മഹാകവി വള്ളത്തോള്‍ നാരായണന്‍മേനോനും അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന മണക്കുളം മുകുന്ദരാജയുമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന  ഇവരുടെ കഠിനപരിശ്രമത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലശ്രുതിയാണ് തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തി ഗ്രാമത്തില്‍ ഭാരതപ്പുഴയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കേരള കലാമണ്ഡലം. 1930 നവംബര്‍ 9-ന്  കക്കാട് കാരണവപ്പാടിന്റെ കുന്ദംകുളത്തുള്ള മഠപ്പാട്ടില്‍ വെച്ച് കലാമണ്ഡലത്തിന് ആരംഭം കുറിച്ചു. വൈകാതെ തൃശ്ശൂര്‍ജില്ലയിലെ മുളങ്കുന്നത്തുകാവിനടുത്ത് അമ്പലപുരംഗ്രാമത്തിലെ ശ്രീനിവാസം ബംഗ്ലാവിലേക്ക് കലാമണ്ഡലത്തിന്റെ ആസ്ഥാനം മാറി. 1936-ലാണ് ചെറുതുരുത്തിയിലെ നിളാതീരത്തുള്ള സ്വന്തം സ്ഥലത്ത് കലാമണ്ഡലത്തിന്റെ കളരികളും ഭരണകേന്ദ്രവും സജീവമാകുന്നത്.  

കൊച്ചിസര്‍ക്കാരിന്റെയും കേരളസര്‍ക്കാരിന്റെയും തണലില്‍ പല കാലങ്ങളിലായി പുലര്‍ന്നുപോന്ന കലാമണ്ഡലം ഇപ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ സാംസ്കാരികവകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കലാസ്ഥാപനമാണ്. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, ചുട്ടി, ചമയം, മൃദംഗം, മിഴാവ്, കര്‍ണാടകസംഗീതം, കേരളീയവാദ്യങ്ങള്‍ എന്നിങ്ങനെ പ്രധാനകലാവിഷയങ്ങള്‍ കലാമണ്ഡലത്തില്‍ പഠിപ്പിച്ചുവരുന്നു. അതോടൊപ്പം കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള കലാസംഘങ്ങളും കലാമണ്ഡലത്തിന് സ്വന്തമായുണ്ട്.

കേരള കലാമണ്ഡലത്തിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക