കേരളസര്‍ക്കാര്‍ സാംസ്കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സാംസ്കാരികസ്ഥാപനം. കേരളത്തിന്റെ ലളിതകലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി രൂപം നല്‍കിയത്. 1962-ല്‍ തൃശ്ശൂര്‍ ആസ്ഥാനമാക്കി സ്ഥാപിതമായി. ആദ്യചെയര്‍മാന്‍ വിഖ്യാതചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ മകന് എം.രാമവര്‍മ്മരാജ. ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി, ഗ്രാഫിക്സ്, കാര്‍ട്ടൂണ്‍ തുടങ്ങിയ ലളിതകലകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
പ്രശസ്ത വാസ്തുശില്പി ലാറിബേക്കര്‍ രൂപകല്പന ചെയ്തതാണു കേരള ലളിതകലാ അക്കാദമിയുടെ തൃശ്ശൂരിലെ ഹെഡ് ക്വാര്‍ട്ടേഴ്സ്. 1994-ല്‍ അക്കാദമിക്ക് തൃശ്ശൂരില്‍ സ്വന്തമായി കെട്ടിടം ഉണ്ടായി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊടുങ്ങല്ലൂര്‍, നെടുമ്പാശ്ശേരി, മലമ്പുഴ, മലപ്പുറം, കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട്, മാനന്തവാടി എന്നിവിടങ്ങളില്‍ അക്കാദമിക്ക് ആര്ട്ടുഗ്യാലറികള് ഉണ്ട്.
1962 മുതല്‍ 1997 വരെ വിവിധകാലഘട്ടങ്ങളില്‍ ഏഴിമല, വേളി, പൊന്മുടി, പുലിക്കുന്ന്, കാസര്‍ഗോഡ് തുടങ്ങിയ ദേശീയക്യാമ്പുകളില് ഇന്ത്യാചരിത്രത്തിലെ പ്രമുഖവ്യക്തികള്‍ ഗുലാംമുഹമ്മദ് ഷെയ്ക്, സന്താനരാജ്, കെ.കെ.ഹെബ്ബാര്‍, ഡി.എല്‍.എന്‍.റെഡ്ഡി, റെഡ്ഡപ്പ നായിഡു, സുധീര്‍ പട് വര്ധന്, പരംജിത് സിങ്, എ.രാമചന്ദ്രന്, എസ്.ജി.വാസുദേവ്, അര്പ്പണാകൗര്, മനു പരേഖ്, ആര്.ബി. ഭാസ്കരന്, പ്രഭാകര്‍ കോള്‍ട്ടെ. ജയറാം പട്ടേല്‍, ഭുപന് ഖാക്കര്‍, സുരേന്ദ്രന് നായര്‍, സി.ഡഗ്ലസ്സ് എന്നിവര്‍ വരച്ച ചിത്രങ്ങള്‍ ലളിതകലാ അക്കാദമിയുടെ കലാശേഖരത്തിലുണ്ട്. കെ.സി.എസ്.പണിക്കരുടെ "പൂന്തോട്ടം" പരമ്പരയില്‍പ്പെട്ട ഒരു ചിത്രവും മണ്മറഞ്ഞ ചിത്രകാരി ടി.കെ.പത്മിനിയുടെ ഭൂരിഭാഗം ചിത്രങ്ങളും അക്കാദമിയില്‍ ഉണ്ട്.
അക്കാദമി പ്രശസ്തരായ ചിത്രമെഴുത്തുകാരെക്കുറിച്ചു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതിമാസ ബുള്ളറ്റിനായ ചിത്രവാര്‍ത്ത കൂടാതെ അതേ പേരില്‍ തന്നെ ചിത്രവാര്‍ത്ത എന്നൊരു ത്രൈമാസികവും പ്രസിദ്ധീകരിക്കുന്നുണ്ട്.
സ്വന്തമായി ആര്‍ക്കൈവ്സും ഡോക്യുമെന്റേഷന് സെന്ററുമുണ്ട് അക്കാദമിക്ക് തൃശ്ശൂരില്‍. ചെങ്ങന്നൂരില്‍ ശില്പികള്ക്കായി അന്താരാഷ്ട്രനിലവാരമുള്ള ശില്പനിര്മ്മാണകേന്ദ്രം, ആനക്കര കുമ്പിടി ഡിജിറ്റല്‍ കലാഗ്രാമം, കിളിമാനൂരില്‍ രാജാരവിവര്‍മ്മ സാംസ്കാരികനിലയം, കണ്ണൂര്‍ജില്ലയിലെ ശ്രീകണ്ഠപുരത്തുള്ള കാക്കണ്ണപ്പാറയില് കലാഗ്രാമം, കായങ്കുളത്ത് കാര്‍ട്ടൂണ്‍ മ്യൂസിയം, എന്നിവ അക്കാദമി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.
എല്ലാവര്‍ഷവും പുരസ്കാരങ്ങളും ഫെല്ലോഷിപ്പുകളും നല്കിവരുന്നു. വിഖ്യാതശില്പി ലാറിബേക്കറുടെ പേരില്‍ വാസ്തുശില്പകലയ്ക്ക് പുരസ്കാരവും ആദിവാസി ഗോത്രനാടോടി ചിത്ര- ശില്പകലകള്ക്ക് ജെ.സ്വാമിനാഥന്റെ പേരില്‍ പുരസ്കാരവും നല്കിവരുന്നു. സോണാഭായ് രജ്വാര്‍ പുരസ്കാരം, കെ.സി.എസ്.പണിക്കര്‍ പുരസ്കാരം, പത്മിനി പുരസ്കാരം, കേസരി പുരസ്കാരം, സംസ്ഥാനപുരസ്കാരങ്ങള്‍ എന്നിവയും അക്കാദമി നല്കിവരുന്നു.
കേരള ലളിതകലാ അക്കാദമിയെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.