കേരളനടനം

കഥകളിയുടെ കാഠിന്യം കുറച്ചും സാഹിത്യം ലഘൂകരിച്ചും ശാസ്ത്രീയത നഷ്ടപ്പെടാതെയും ഗുരു ഗോപിനാഥ് രൂപം നല്‍കിയ നൃത്തരൂപമാണു കേരളനടനം. കഥകളി കലാകാരനായിരുന്ന കലാമണ്ഡലം ഗോവിന്ദപിള്ളയാണ് പില്‍ക്കാലത്തു 'ഗുരുഗോപിനാഥ്' എന്ന പേരില്‍ അറിയപ്പെടുന്നത്.

കലാമണ്ഡലത്തില്‍ പഠിച്ചിരുന്ന ചമ്പക്കുളത്തുകാരന്‍ ഗോവിന്ദപ്പിള്ള ഗോപി എന്നാണ് അറിയപ്പെട്ടിരുന്നത്. അവിടെ നൃത്തം പഠിക്കാന്‍ യു.എസില്‍ നിന്നെത്തിയ രാഗിണിദേവി എന്ന കലാകാരി, പഠനം കഴിഞ്ഞു ബോംബെയ്ക്കു മടങ്ങിയപ്പോള്‍ ഗോപിയെ കൂടെക്കൊണ്ടുപോകാന്‍ താത്പര്യപ്പെട്ടു. സ്വന്തം നൃത്തസംഘത്തിനു രൂപം നല്‍കാന്‍ മറ്റു ചില കലാകാരന്മാരെയും അവര്‍ ഒപ്പം കൊണ്ടുപോയി.

കഥകളിയുടെ ശാസ്ത്രീയ അടിത്തറ നിലനിര്‍ത്തിക്കൊണ്ടുതന്നെ കുറേക്കൂടി  ലളിതനായൊരു നൃത്തരൂപം ചിട്ടപ്പെടുത്താന്‍ ഗോപിക്കു പ്രേരണയായതു രാഗിണിദേവിയാണ്. അങ്ങനെ കേരളനടനമെന്ന പേരൊന്നുമില്ലാതെ ബോംബെയിലെ ഓപ്പറ ഹൗസില്‍ ഗോപിയും രാഗിണുദേവിയും ചേര്‍ന്നു രാധാകൃഷ്ണനൃത്തം അവതരിപ്പിച്ചു. ഗോപിയെ ഗോപിനാഥനെന്നു പേരു മാറ്റിയാണ് രാഗിണിദേവി മടക്കി അയച്ചത്. ഗോപിനാഥ് തിരികെ വന്നു കലാമണ്ഡലത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരത്തു നൃത്തകലാലയം ആരംഭിക്കുമ്പോഴാണ് കേരളനടനം എന്ന പേരില്‍ തന്റെ കലാരൂപം പരിശീലിപ്പിക്കാന്‍ തുടങ്ങിയത്.

അവതരണം

കഥകളിയേക്കാള്‍ ചുവടുകളില്‍ കൃത്യതയും മുദ്രകളില്‍ കുറേക്കൂടി ലാളിത്യവും ഗുരുഗോപിനാഥ് കേരളനടനത്തില്‍ വരുത്തിയിരുന്നു. ചമയഭാരം കൊണ്ടുകൂടിയാവാം. കഥകളിയില്‍ കളിക്കാര്‍  വേദിയില്‍ നീങ്ങുന്നതു കുറവാണ്. എന്നാല്‍ കേരളനടനത്തില്‍ കുറേക്കൂടി ചടുലമായ നീക്കങ്ങളുണ്ട്. കഥകളിയില്‍ പ്രധാനമായി പുരാണകഥകള്‍ അവതരിപ്പിച്ചുവന്നപ്പോള്‍ കേരളനടനത്തില്‍ സാമൂഹികവിഷയങ്ങളും ഹൈന്ദവമല്ലാത്ത മതകഥകളുമൊക്കെ ആദ്യം മുതലേ അവതരിപ്പിച്ചിരുന്നു. ഹിന്ദിയില്‍പോലും  കേരളനടനം അവതരിപ്പിച്ചു. കഥകളി സംഗീതത്തില്‍ നിന്നു വ്യത്യസ്തമായി കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീതങ്ങളും കേരളനടനത്തില്‍ ഉപയോഗിച്ചു ഉപകരണസംഗീതം മാത്രം പശ്ചാത്തലത്തമാക്കിയും ഗുരുഗോപിനാഥ് കേരളനടനം അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റയ്ക്കും രണ്ടുപേര്‍ ചേര്‍ന്നും സംഘമായുമൊക്കെ അദ്ദേഹം കേരളനടനം അവതരിപ്പിച്ചിരുന്നു. കേരളനടനം ശൈലിയില്‍ ഇരുന്നൂറോളം നൃത്തരൂപങ്ങള്‍ ഗുരുഗോപിനാഥ് ചിട്ടപ്പെടുത്തിയിട്ടുണ്ട്.

കഥകളിക്ക് ചെണ്ട, ചേങ്ങില, മദ്ദളം എന്നിവയാണ് പിന്നണിയെങ്കില്‍ അവ നിലനിര്‍ത്തിക്കൊണ്ടുതന്നെ കുറേക്കൂടി വാദ്യവൈവിധ്യം കേരള നടനത്തില്‍ വരുത്തി. മൃദംഗം, തബല, പുല്ലാങ്കുഴല്‍, വയലിന്‍, ഡോലക്, സിംബല്‍, സാരംഗി തുടങ്ങിയ ഉപകരണങ്ങളും കേരളനടനത്തില്‍ ഉപയോഗിക്കാറുണ്ട്.