കേരളസര്‍ക്കാര്‍ സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു സാംസ്കാരികസ്ഥാപനം. 1958 ഏപ്രില്‍ 26 ന് തൃശ്ശൂരില്‍ സ്ഥാപിതമായി. സംഗീതം, നൃത്തം, നാടകം, ക്ഷേത്രകലകള്‍, അനുഷ്ഠാനകലകള്‍, മാജിക്, കഥാപ്രസംഗം തുടങ്ങിയ കലകളുടെ പരിപോഷണത്തിനും പ്രചാരണത്തിനും വേണ്ടിയാണ് അക്കാദമി ഉണ്ടാക്കിയത്. കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും നിരൂപകനും വിദ്യാഭ്യാസമന്ത്രിയുമായ ജോസഫ് മുണ്ടശ്ശേരിയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച അക്കാദമി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് കേരളത്തിന് സമര്‍പ്പിച്ചത്. സാഹിത്യഅക്കാദമിയോടു ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ച സംഗീതനാടകഅക്കാദമി 1982 മുതല്‍ സ്വന്തം കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. തൃശ്ശൂരിലെത്തുന്ന കലാകാരന്‍മാര്‍ക്ക് താമസിക്കാനായി 1998-ല്‍ അക്കാദമി ആസ്ഥാനത്ത് ഒരു ആര്‍ട്ടിസ്റ്റ്കോട്ടേജ് പണിതു. സാമൂഹ്യപരിഷ്കര്‍ത്താവായ എം.ആര്‍. ബിയുടെ പേരില്‍ ഒരു റഫറന്‍സ് ലൈബ്രറി പ്രവര്‍ത്തിക്കുന്നു. അക്കാദമിയുടെ പ്രവര്‍ത്തനവൈപുല്യം പരിഗണിച്ച് 2006 മുതല്‍ തിരുവനന്തപുരം വൈലോപ്പിള്ളിസംസ്കൃതിഭവനില്‍ ഒരു മേഖലാകാര്യാലയം പ്രവര്‍ത്തിക്കുന്നു.
സംഗീതവിദുഷിയായ മങ്കുതമ്പുരാനായിരുന്നു അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷന്‍ പി.കെ.നമ്പ്യാര്‍ ആദ്യ സെക്രട്ടറിയും. ജി. ശങ്കരപ്പിള്ള, വൈക്കം ചന്ദ്രശേഖര്‍നായര്‍, ടി.ആര്‍ സുകുമാരന്‍നായര്‍, ഡോ.കെ.ജെ.യേശുദാസ്, കെ.ടി.മുഹമ്മദ്, തിക്കോടിയന്‍, കാവാലം നാരായണപ്പണിക്കര്‍, സി.എല്‍.ജോസ്, ഭരത് മുരളി, മുകേഷ് എന്നിവര്‍ തുടര്‍ന്ന് ചെയര്‍മാന്‍ പദവി അലങ്കരിച്ചു.
ജി.ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട, തൃശ്ശൂര്‍, നീലേശ്വരം എന്നിവിടങ്ങളില്‍ നടത്തിയ നാടകക്കളരികള്‍, കാവാലം, അടൂര്‍ ഗോപാലകൃഷ്ണന്‍, ഗോപി, നെടുമുടി വേണു, അരവിന്ദന്‍, ജഗന്നാഥന്‍. പി.കെ.വേണുക്കുട്ടന്‍ നായര്‍, രാമാനുജം, വയലാ വാസുദേവന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നാടകപ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുടെ തൊടുകുറികളാണ്.
1988-ല്‍ ഒരു ജില്ലാകേന്ദ്രകലാസമിതി അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1990-ല്‍ കേരളത്തിലെ നര്‍ത്തകിമാരെ പങ്കെടുപ്പിച്ചു നടത്തിയ മോഹിനിയാട്ടശിബിരം, 1998-ല്‍ നടത്തിയ ദേശീയ സ്ത്രീനാടകപണിപ്പുര, 2006-ല്‍ ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ആദ്യമായി അവതരിപ്പിച്ച അക്കാദമി പരിപാടികള്‍, 2007-ല്‍ തൃശ്ശൂരില്‍ നടത്തിയ നാടോടി ഗോത്രോത്സവം ഇവയൊക്കെ അക്കാദമിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.
മോഡല്‍ റീജിയണല്‍ തീയേറ്റര്‍, തോപ്പില്‍ ഭാസി നാട്യഗൃഹം, മുരളി തീയേറ്റര്‍, ദക്ഷിണാമൂര്‍ത്തി വനജ്യോത്സ്ന തീയേറ്റര്‍, സി.ജെ.തോമസ് കോണ്‍ഫറന്‍സ് ഹാള്‍, എം.ആര്‍. ബി. ലൈബ്രറി എന്നിവയ്ക്കു പുറമേ അക്കാദമിയില്‍ റിഹേഴ്സല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെമ്പൈ ഡിജിറ്റല്‍ ആര്‍ക്കൈവ്സ്, ചെമ്പൈ മ്യൂസിയം, ജോസ് ചിറമ്മല്‍ മ്യൂസിയം സ്ക്വയര്‍ എന്നിവയും അക്കാദമിയിലുണ്ട്.
1963-ല്‍ "കേളി' എന്ന മുഖമാസിക തുടങ്ങി. ശാസ്ത്രീയസംഗീതത്തിന് മഹത്തായ സംഭാവന നല്‍കുന്നവര്‍ക്ക് 1 ലക്ഷം രൂപയുടെ സ്വാതിപുരസ്കാരം, നാടകത്തിന് മഹത്തായ സംഭാവന നല്‍കുന്നവര്‍ക്ക് 1 ലക്ഷം രൂപയുടെ എസ്. എല്‍ പുരം സദാനന്ദന്‍ നാടക പുരസ്കാരം, സംസ്ഥാന അമച്വര്‍ നാടക പുരസ്കാരം, സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, പ്രവാസി അമച്വര്‍ നാടക അവാര്‍ഡ് എന്നിവയും നല്‍കി വരുന്നു.
കേരള സംഗീതനാടക അക്കാദമിയെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.