കേരളസംസ്ഥാന പുരാരേഖാവകുപ്പ്

സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് ഒരു സ്വതന്ത്രവകുപ്പായി നിലവില്‍ വന്നത് 1962ലാണ്. ഇതിന്റെ പ്രാഗ്രൂപമായി തിരുവിതാംകൂറില്‍ ഹുസൂര്‍ വെര്‍ണാകുലര്‍ റിക്കാര്‍ഡ്സ് 1887-ലും കൊച്ചിയില്‍ കേന്ദ്ര റിക്കാര്‍ഡ്സ് 1901-ലും രൂപീകൃതമായി. 1958-ല്‍ ഇ.എം.എസ് സര്‍ക്കാറിന്റെ കാലത്ത് തിരുവന്തപുരത്തു കൂടിയ ഇന്ത്യന്‍ ചരിത്രരേഖാ കമ്മീഷന്റെ 34-മത് സമ്മേളനം എല്ലാ സംസ്ഥാനത്തും സംസ്ഥാന ആര്‍ക്കൈവ്സ് സ്ഥാപിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു കേന്ദ്രീകൃതസ്ഥാപനമായി സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പു രൂപവല്‍ക്കരിക്കപ്പെട്ടത്.

സംസ്ഥാനസര്‍ക്കാരിന്റെയും വിവിധവകുപ്പുകളുടെയും തീര്‍പ്പാക്കപ്പെട്ട ശാശ്വതമൂല്യമുള്ള രേഖകളുടെ സൂക്ഷിപ്പ് സംസ്ഥാനആര്‍ക്കൈവ്സ് വകുപ്പില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു. ഈ രേഖകളുടെ സുരക്ഷിതമായ സൂക്ഷിപ്പ്, ശാസ്ത്രീയമായ സംരക്ഷണപ്രവര്‍ത്തനം, രേഖകളുടെ ഭരണനിര്‍വ്വഹണം, ചരിത്രമൂല്യമുള്ള രേഖകള്‍ സ്വായത്തമാക്കല്‍, രേഖാസംരക്ഷണവും, ഭരണനിര്‍വ്വഹണവും സംബന്ധിച്ച് സാങ്കേതിക ഉപദേശം നല്‍കല്‍, ആര്‍ക്കൈവല്‍ രേഖകളുടെ പ്രസിദ്ധീകരണം, പുരാരേഖാഅവബോധം സൃഷ്ടിക്കാനുതകുന്ന പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, എന്നിവയുടെ സംഘടനം, ചരിത്രഗവേഷണത്തിനും, സര്‍ക്കാരിന്റെ ദൈനംദിന ഭരണത്തിനും ആയി രേഖകള്‍ ലഭ്യമാക്കല്‍ തുടങ്ങിയവയാണ് വകുപ്പിന്റെ പ്രധാനമായ പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ അക്കാദമിക്സമൂഹത്തിന് മൊത്തമായും ചരിത്രഗവേഷണങ്ങള്‍ക്ക് പ്രത്യേകിച്ചും മാര്‍ഗ്ഗം നിര്‍ദേശം നല്‍കാന്‍ പര്യാപ്തമായ സമ്പന്നമായ ചരിത്രത്തിന്റെ അക്ഷയഖനിയാണ് ആര്‍ക്കൈവ്സ്.

കേരളസംസ്ഥാന പുരാരേഖാവകുപ്പിനെ ക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക