കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതിനായി കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളസര്‍ക്കാറിന്റെ സാംസ്കാരികവകുപ്പിന്‍ കീഴില്‍ 1981-ലാണ് സ്ഥാപിക്കപ്പെട്ടത്. തിരുവനന്തപുരത്ത് സംസ്കൃതകോളേജ് കാമ്പസിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.
ഇത്തരത്തില്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകസ്ഥാപനം കൂടിയാണ് കേരളസംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. 1981-ലെ ശിശുദിനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ആദ്യ പുസ്തകം പ്രകാശിതമായി, പ്രശസ്തബാലസാഹിത്യകാരനായ പി.നരേന്ദ്രനാഥിന്റെ നമ്പ്യൂര്യച്ചനും മന്ത്രവും.
മുതിര്‍ന്നവര്‍ക്കായി എഴുതുന്ന പലരും കുട്ടികള്‍ക്കായും രചനകള്‍ നടത്താറുണ്ട്. ടി. പത്മനാഭന്‍, മാധവിക്കുട്ടി, സക്കറിയ, എന്‍.പി. മുഹമ്മദ്, സി.വി. ശ്രീരാമന്‍, സേതു തുടങ്ങിയവര്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയ പുസ്തകങ്ങള്‍ ഇതിനകം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. മഹാഭാരതം, പഞ്ചതന്ത്രകഥകള്‍, അറബിക്കഥകള്‍, ആന്‍ഡേഴ്സണ്‍ കഥകള്‍, ഗ്രിം കഥകള്‍ എന്നിങ്ങനെ ഇന്ത്യയിലെയും വിദേശത്തെയും മഹത്കഥകള്‍ ഏതാണ്ട് പൂര്‍ണ്ണരൂപത്തിലും മൂലകൃതിയോടു നീതിപുലര്‍ത്തുന്ന തരത്തിലും പ്രസിദ്ധീകരിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍കൈയെടുത്തിട്ടുണ്ട്.
ഭാരതീയചിത്രകലയുടെ നെടുംതൂണുകളായ രാജാ രവിവര്‍മ്മ, ജാമിനീറോയി, അമൃതാ ഷെര്‍ഗില്‍, എം.എഫ്. ഹുസൈന്‍ എന്നിവരെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന പുസ്തകപരമ്പരയും ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുണ്ട്.
1995-ല്‍ കേരളസംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ഏറെ പരിഷ്കാരങ്ങളോടെ തളിര് മാസിക പുറത്തിറക്കി.
കേരളസംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.