സാംസ്‌കാരിക സ്ഥാപനങ്ങള്‍


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സ്ഥാപനം. 1998-ല്‍ സ്ഥാപിതമായി. ഇന്ത്യയില്‍ ആദ്യമായി സംസ്ഥാനതലത്തില്‍ ചലച്ചിത്ര അക്കാദമി സ്ഥാപിച്ചത് കേരളത്തിലാണ്. പുതിയ തലമുറകളുടെ സാംസ്കാരികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് പ്രേരകമാകേണ്ട കലാമാധ്യമമായ ചലച്ചിത്രത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താനും സര്‍ക്കാരിനും ഈ മേഖലയ്ക്കിയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാനുമാണ് അക്കാദമി സ്ഥാപിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ നടത്തുന്ന അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവം മുന്‍കൈയെടുത്തു നടത്തുന്നത് അക്കാദമിയാണ്. പ്രധാനമായും മൂന്നു ചലച്ചിത്രോത്സവങ്ങളാണ് അക്കാദമി സംഘടിപ്പിക്കുന്നത്. കേരള അന്താരാഷ്ട്രചലച്ചിത്രോത്സവം, ദേശീയ ചലച്ചിത്രോത്സവം, അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേള.

സംസ്ഥാനചലച്ചിത്രഅവാര്‍ഡുകള്‍, സംസ്ഥാനടെലിവിഷന്‍ അവാര്‍ഡുകള്‍, ജെ.സി.ഡാനിയല്‍  അവാര്‍ഡ്, എന്നിവ അക്കാദമി നല്‍കിവരുന്നു.

സിനിമാസ്വാദകര്‍ക്ക് ക്ലാസിക് സിനിമകള്‍ കാണുന്നതിന് ഹോം തീയേറ്റര്‍, നല്ല സിനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഡിജിറ്റല്‍ സ്ക്രീനിങ് സംവിധാനങ്ങളോടുകൂടി പ്രത്യേകം സജ്ജീകരിച്ച രണ്ടുവാഹനങ്ങളിലായി ടൂറിങ് ടോക്കീസ്, ഫിലിം സൊസൈറ്റികള്‍ക്ക് പ്രോത്സാഹനം എന്നിവ അക്കാദമിയുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. ലോക- ഇന്ത്യന്‍ സിനിമാക്ലാസ്സിക്കുകള്‍ ശേഖരിക്കുക, പ്രിന്‍റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയൊരുക്കുക, ഓഡിയോ-വിഷ്വല്‍ മാധ്യമങ്ങളില്‍ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടി ആര്‍ക്കൈവ്സും ലൈബ്രറിയും അക്കാദമിയിലുണ്ട്.

മലയാളസിനിമയുടെ നാഴികകല്ലുകള്‍, ആര്‍ക്കൈവ്സ് എന്നിവ കൂടി ഉള്‍പ്പെടുത്തിയ ഫിലിം മ്യൂസിയം ലോകസിനിമകളാല്‍ സമ്പന്നമാണ്. ചലച്ചിത്രസംബന്ധമായ ഡോക്യുമെന്ററികള്‍, പുസ്തകങ്ങള്‍, സി.ഡി. റോമുകള്‍ തുടങ്ങിയവയും അക്കാദമി നിര്‍മ്മിക്കാറുണ്ട്.

കേരളസംസ്ഥാനചലച്ചിത്രഅക്കാദമിയെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.