മലയാള സിനിമയ്ക്ക് സ്വന്തം മണ്ണില്‍ ഇരിപ്പിടം ഉണ്ടാവണമെന്നും തനതായ സിനിമാസംസ്കാരം വളരണമെന്നും ഉള്ള ലക്ഷ്യത്തോടെയാണ് വച്ചാണ് കേരള ഫിലിം ഡവലപ്പ്മെന്റ് കോര്പ്പറേഷന് സ്ഥാപിക്കപ്പെട്ടത്.
1975 ജൂലായ് 23-ന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് എന്ന പൊതുമേഖലാസ്ഥാപനം കമ്പനീസ് ആക്റ്റ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു.
സ്വയം പര്യാപ്തമായ സ്റ്റുഡിയോ കോംപ്ലക്സ് എന്ന സ്വപ്നം മുന്‍നിര്‍ത്തി ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. റിക്കോര്‍ഡിങ്ങ് തിയ്യേറ്റര്‍, എഡിറ്റിങ്, ഡബ്ബിങ് സൗകര്യങ്ങള്‍, ഔട്ട്ഡോര്‍ യൂണിറ്റ്, ലബോറട്ടറി, ഫിലിം ആര്‍ക്കൈവ്സ്, ഷൂട്ടിങ് ഫ്ളോറുകള്‍, സെറ്റുകള്‍, പൂന്തോട്ടങ്ങള്‍ തുടങ്ങി സിനിമയുടെ ആവശ്യകതയായി മാറിയ എല്ലാക്കാര്യങ്ങളും ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ത്തന്നെ ഉണ്ടായി.
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകള്‍, നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍, ഇന്ത്യന്‍ പനോരമ, വിദേശ ചലച്ചിത്ര മേളകള്‍ എന്നിങ്ങനെ സിനിമയ്ക്ക് അംഗീകാരം നല്കുന്ന എല്ലാ മേഖലകളിലും കഴിഞ്ഞ മൂന്നു ദശകങ്ങളായി ചലച്ചിത്ര വികസന കോര്പ്പറേഷന് നിരന്തര സാന്നിധ്യം അറിയിച്ചു കൊണ്ടേയിരിക്കുന്നു.
ശബ്ദലേഖനത്തിനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് കെ.എസ്.എഫ്.ഡി.സി.ക്ക് ലഭിച്ചത് 'എലിപ്പത്തായം' എന്ന ചിത്രത്തിലൂടെ ആയിരുന്നു. എട്ട് ദേശീയ അവാര്‍ഡുകളും ഇരുപത്തിനാലോളം സ്റ്റേറ്റ് അവാര്‍ഡുകളും വാങ്ങി ഈ മേഖലയിലെ ആധിപത്യം ഇന്നും തുടരുന്നു.
രണ്ട് എഡിറ്റിങ് തിയ്യേറ്ററും മൂന്ന് ഡബ്ബിങ് തിയ്യേറ്ററും സൗണ്ട് മിക്സിങ് തിയ്യേറ്ററും സ്റ്റുഡിയോക്ക് ഉള്ളില്‍ത്തന്നെയുണ്ട്. എറണാകുളം ചിത്രാഞ്ജലി സ്റ്റുഡിയോയിലും വഴുതക്കാട് കെ.എസ്.എഫ്.ഡി.സി. ഓഫീസിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കലാഭവന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയിലും എഡിറ്റിങ്, റിക്കോര്‍ഡിങ് സൗകര്യങ്ങളുണ്ട്. ഏഷ്യയിലെ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ ഷൂട്ടിങ്ങ് ഫ്ളോര്‍ ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്കുള്ളിലുണ്ട്. പോലീസ് സ്റ്റേഷന്, കോടതി, ആശുപത്രി, ഗ്രാമീണ വീട്, ക്ഷേത്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ സിനിമയ്ക്ക് അനുയോജ്യമായ വിധത്തില്‍ ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്കുള്ളില്‍ രൂപകല്പന ചെയ്തിട്ടുണ്ട്. ഇതുകൂടാതെ എ.സി. നോണ്‍ എ.സി. അപ്പാര്‍ട്ട്മെന്റുകളും പാക്കേജ് സ്കീമില്‍ ലഭ്യമാകുന്നു.
1984 -ല്‍ കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ തിയ്യേറ്റര്‍ ആയ കലാഭവന്‍ വഴുതക്കാട് പ്രവര്‍ത്തനം ആരംഭിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി തിരുവനന്തപുരത്തെ കൈരളി, ശ്രീ തിയ്യേറ്റര്‍ സമുച്ചയവും കോഴിക്കോട്ടെ കൈരളി, ശ്രീ തിയ്യേറ്റര്‍, ചേര്‍ത്തലയിലെ ചിത്രാഞ്ജലി തിയ്യേറ്റര്‍ എന്നിവയും നിലവില്‍ വന്നു.
കെ. എസ്. എഫ്. ഡി. സി. യുടെ റിസര്‍ച്ച് ആന്‍ഡ് റഫറന്‍സ് വിഭാഗം 1976-ല്‍ തന്നെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. പബ്ലിക് റിലേഷന്‍സ്, ലൈബ്രറി, ഫെസ്റ്റിവല്‍, ഫിലിം മാര്‍ക്കറ്റിങ്, ഫിലിം ആര്‍ക്കൈവ്സ് എന്നിവയെല്ലാം ഈ വിഭാഗത്തിന്റെ ചുമതലയിലായി. എല്ലാ ഫെസ്റ്റിവലുകളിലും മാര്‍ക്കറ്റിങ് സ്റ്റാളുകള്‍ തുറന്നു. വില്യം ഗ്രീവ്സ് തുടങ്ങിയ വിശ്വപ്രസിദ്ധ ചലച്ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സിന്റെ സഹകരണത്തോടെ ചലച്ചിത്ര ആസ്വാദന കോഴ്സുകള്‍ സംഘടിപ്പിച്ചു. എല്ലാ അന്തര്‍ദേശീയ ചലച്ചിത്രമേളകളിലും കോര്പ്പറേഷന് പങ്കെടുക്കാറുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.