കേരളം - മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്‍റ് ഹെറിറ്റേജ്



കേരളത്തിന്റേതായ ഓര്‍മ്മകളുടെയും ശേഷിപ്പുകളുടെയും - അവ ചിലപ്പോള്‍ വെറും ഒരു തടിയുടെ ചെറു കഷ്ണമോ അല്ലെങ്കില്‍ തീര്‍ത്തും വിചിത്രമായ അസ്ഥിശകലമോ ആകാം - മനോഹരവും അസാധാരണവുമായ ലോകത്തേയ്ക്കുള്ള വാതായനമാണ് 'കേരളം'. ഏഴായിരം ചതുരശ്രഅടി സ്ഥലത്ത് 'പാര്‍ക്ക് വ്യൂ ബംഗ്ലാവ്' എന്ന പേരിലുള്ള പൈതൃക നിര്‍മ്മിതിയില്‍ പരന്നു കിടക്കുന്ന കേരള ചരിത്രം മനസ്സിലാക്കാന്‍ ഇവിടെ എത്തുന്ന ഓരോ സന്ദര്‍ശകനും കഴിയും. കേരളത്തിന്റേതായ പാരമ്പര്യശൈലിയിലും വിദേശ ശൈലിയിലും നിര്‍മ്മിച്ച അനന്യവും അനിതരസാധാരണവുമായ ഇടനാഴികളും വിസ്മയകരമായ തൂണുകളും തടികൊണ്ടുള്ള സോപാന പംക്തികളും സന്ദര്‍ശകരെ വിവിധ കാലഘട്ടങ്ങളിലേക്കു കൂട്ടികൊണ്ടു പോയി കേരളത്തിന്റെ ആത്മാവിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

കേരളത്തിലെ വിനോദ സഞ്ചാര വകുപ്പും സാംസ്കാരിക വകുപ്പും സഹകരിച്ചു നടത്തുന്ന ഈ മ്യൂസിയം പ്രമേയപരമായി പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്ന കേരളത്തിലെ ആദ്യ മ്യൂസിയമാണിത്.

തിരുവിതാംകൂര്‍ രാജ്യഭരണത്തിലെ ചീഫ് സെക്രട്ടറിയുടെ പൈതൃക മഹത്വമുള്ള വസതിയാണ് പിന്നീട് 'കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്‍റ് ഹെറിറ്റേജ്' ആയി രൂപം പ്രാപിച്ചത്. അതി പ്രാചീനകാലം മുതല്‍ നവയുഗം വരെയുള്ള കേരളത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ പലതരം വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അക്കാലത്തെ വെങ്കല ശില്പങ്ങള്‍, പുരാതന നാണയങ്ങള്‍, ചിത്രകലകള്‍, തടിയിലുള്ള ശില്പകലകള്‍, കല്ലിലെ കൊത്തുപണികള്‍, നവീന ശിലായുഗത്തിന്റെ ദൃഷ്ടാന്തങ്ങള്‍, ഇരുമ്പ് യുഗത്തിലെ ശവസംസ്കാര സാമഗ്രികള്‍ എന്നിവ കൂടാതെ കല, ശില്പകല, ജീവിതചര്യ, ശൈലി, പാരമ്പര്യം തുടങ്ങി അന്നത്തെ സാംസ്കാരിക തലങ്ങളിലേക്ക് വെളിച്ചം വീശുന്ന പല വസ്തുക്കളുടേയും വന്‍ ശേഖരം തന്നെ ഇവിടെ കാണാം.

പ്രദര്‍ശന വസ്തുക്കളോടൊപ്പം അതിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കൂടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഇതിനോട് അഭിരുചിയുള്ള സന്ദര്‍ശകര്‍ക്ക് ഏറെ സഹായകമാകുന്നു. കൂടാതെ അവരുടെ സൗകര്യാര്‍ത്ഥം മള്‍ട്ടീമീഡിയ സിസ്റ്റം, ടച്ച് സ്ക്രീന്‍ കിയോസ്ക് പോലെയുള്ള മറ്റ് ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍: 

  1. നവീന ശിലായുഗത്തിലെ കല്ലുമഴു.
  2. ഇരുമ്പ് യുഗത്തിലെ ശവസംസ്കാരങ്ങള്‍ക്കുപയോഗിച്ചിരുന്ന ജാറുകളും, പാത്രങ്ങളും.
  3. പണ്ടു തന്നെ കേരളത്തിന് റോമുമായി സമുദ്രവ്യാപര ബന്ധം ഉണ്ടായിരുന്നു എന്നതിനു തെളിവായി സൂക്ഷിക്കുന്ന 'ദിനറി' എന്ന റോമന്‍ വെളളി നാണയം.
  4. പനയോലയിലും ചെമ്പു തളികയിലുമായി മലയാളത്തിലും സംസ്കൃതത്തിലും എഴുതിയ കൈയ്യെഴുത്തുകള്‍
  5. 14-ാം നൂറ്റാണ്ടിലെ തടിയില്‍ കൊത്തിയ ബ്രഹ്മാവിന്റെ രൂപം.
  6. 16-ാം നൂറ്റാണ്ടില്‍ കല്ലില്‍ നിര്‍മ്മിച്ച  ശിവനും ഭൂതഗണങ്ങളും
  7. 16-ാം നൂറ്റാണ്ടിലെ വെങ്കലത്തില്‍ രൂപം നല്‍കിയ താണ്ഡവ നൃത്തം ചെയ്യുന്ന നടരാജ രൂപം.
  8. കോട്ടയം തലയോലപറമ്പിലെ പുണ്ഡരികപുരം ക്ഷേത്രത്തിലെ 17-ാം നൂറ്റാണ്ടിലുള്ള മ്യൂറല്‍ ചിത്രങ്ങള്‍ (ചുവര്‍ ചിത്രങ്ങള്‍)
  9. ടെറാ കോട്ടയിലുള്ള തംബുരു
  10. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.ടി. മാധവറാവുവിന്റെ ഉടവാള്‍.
  11. കേരളത്തിന്റെ തനതായ നാലുകെട്ടും അടുക്കളയും.

സന്ദര്‍ശകരുടെ അറിവിലേക്ക്

  • ഗ്രൂപ്പ് റിസര്‍വേഷന്‍ ആവശ്യമുള്ളവര്‍ റിസപ്ഷനില്‍ ബന്ധപ്പെടുക.
  • വാഹനങ്ങള്‍ നേപ്പിയര്‍ മ്യൂസിയത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
  • മ്യൂസിയത്തിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിച്ചിരിക്കുന്നു.
  • മ്യൂസിയത്തിനുള്ളില്‍ ഭക്ഷണപാനീയങ്ങളും പുകവലിയും അനുവദിക്കുന്നതല്ല.
  • മ്യൂസിയത്തില്‍ വീഡിയോ റിക്കോര്‍ഡിംഗിങ്ങില്‍ നിയന്ത്രണമുണ്ടായിരിക്കും.


ടിക്കറ്റു നിരക്കുകള്‍

മുതിര്‍ന്നവര്‍ക്ക്      20 രൂപ
കുട്ടികള്‍ക്ക് ( 5 മുതല്‍ 12 വയസ്സുവരെ)    10 രൂപ
വിദേശികള്‍ക്ക്          200 രൂപ
വിദേശിയരായ കുട്ടികള്‍ക്ക്   50 രൂപ
സ്റ്റില്‍ ക്യാമറ    25 രൂപ

സന്ദര്‍ശന സമയം: രാവിലെ 10 മുതല്‍  വൈകിട്ട് 5.30 വരെ (ഇടവേള ഉച്ചക്ക്  1 മുതല്‍ 2 വരെ)

അവധി ദിനങ്ങള്‍: തിങ്കളാഴ്ചയും പൊതുഒഴിവു ദിവസങ്ങളും

അഡ്രസ്  
കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്‍റ് ഹെറിറ്റേജ്
പാര്‍ക്ക് വ്യൂ
വികാസ് ഭവന്‍
തിരുവനന്തപുരം - 695033
ഫോണ്‍ - +91 471 2320231