ഖസാക്കിന്റെ ഇതിഹാസം

മലയാള ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള ഉജ്ജ്വലമായ സാഹിത്യകൃതികളിലൊന്നാണ് ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. പ്രസിദ്ധീകരിച്ച കാലം മുതല്‍ നിരന്തരം വായിക്കപ്പെടുന്ന ഈ നോവല്‍ ഭാഷയ്ക്കു പുതിയ മാനങ്ങള്‍ നല്‍കിയ കൃതിയാണെന്ന ഖ്യാതിയും നേടിയിട്ടുണ്ട്. 

കേന്ദ്രകഥാപാത്രമായ രവിയുടെ ജീവിതയാത്ര പാലക്കാട്ടെ ഖസാക്കിലവസാനിക്കുന്നതു വരെയുള്ള കഥയാണ് നോവല്‍ പറയുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഖസാക്കില്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ രവിയുടെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും. ഉന്നത വിദ്യാഭ്യാസവും ഗവേഷണവും പാതിവഴിയിലുപേക്ഷിച്ച ജില്ലാ ബോര്‍ഡിന്റെ പുതിയ പദ്ധതിയായ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായി ചേരുന്നതിനാണ് രവി ഖസാക്കിലെത്തുന്നത്. ഋജ്ജുരേഖാത്മകമായ ഒരാഖ്യാനരീതിയോ, കഥാതന്തുവോ നോവലിനില്ലെങ്കിലും ഖസാക്കില്‍ രവിയോട് അടുക്കുന്ന ഓരോ മനുഷ്യന്റേയും കൂടി കഥയാണ് ഖസാക്കിന്റെ ഇതിഹാസമായി വികസിക്കുന്നത്. ഖസാക്കെന്ന ഗ്രാമത്തിന്റെ വഴിയോരങ്ങളിലെ കാഴ്ചകളുടെ പുതുമ ഒരിക്കലും ആവര്‍ത്തിച്ചു കാണുന്നതു കൊണ്ട് മങ്ങുന്നില്ല. അനേകം മനുഷ്യര്‍, വൈവിധ്യങ്ങളേറെയുള്ളവര്‍ പക്ഷെ ഖസാക്കിന്റെ ഗ്രാമ്യമായ ഏകതാനതയും ഭംഗമേല്‍പ്പിക്കുന്നുമില്ല. അപ്പുക്കിളി, അള്ളാപ്പിച്ചാമൊല്ലാക്ക, കുപ്പുവച്ചന്‍, മാധവന്‍ നായര്‍, മൈമുന, ഖാലിയാര്‍ എന്നിങ്ങനെ പോകുന്നു വ്യത്യസ്തമായ വ്യക്തിത്വം പേറുന്നവരായ അനേകം ഖസാക്കുകാര്‍. എന്നാല്‍ അന്ധവിശ്വാസവും മിത്തുകളും പ്രാദേശിക ഐതിഹ്യങ്ങളുമൊക്കെ ഏവരെയും ഒരു പോലെ ഖസാക്കിന്റെ സ്വത്വം പേറുന്നവരാക്കുന്നുണ്ട്. 

അറുപതുകളുടെ അവസാനത്തോടെ മലയാള നോവലെഴുത്തിലും വ്യത്യസ്തമായൊരു ഭാവുകത്വം പ്രകടമായിരുന്നു. ആധുനികത (മോഡേണിസം) യായിരുന്നു അത്. 

പാശ്ചാത്യ ആധുനികതയില്‍ നിന്ന് നിരവധി അംശങ്ങള്‍ സ്വീകരിച്ച് പ്രമേയതലത്തിലും രൂപതലത്തിലും മാറ്റങ്ങള്‍ കൈവരുത്തുകയായിരുന്നു മലയാള നോവല്‍ പ്രസ്ഥാനവും. സ്വത്വ പ്രതിസന്ധി, വിഷാദാത്മകത, അസ്തിത്വത്തിന്റെ കാരണം തേടല്‍ ഒക്കെയും ആധുനികതയുടെ മുഖമുദ്രകളായിരുന്നു. ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' ആധുനികാനന്തരമായ ഒരു ഭാവുകത്വത്തെയും പ്രകാശിപ്പിച്ച കൃതിയാണ്. 

ഖസാക്കിന്റെ ഇതിഹാസത്തിലെ നായകന്‍ രവി നോവലിന്റെ തുടക്കത്തില്‍ ബസ്സിറങ്ങിയ കൂമന്‍കാവില്‍ ബസ്സു കാത്തു നില്‍ക്കുമ്പോള്‍ ഒരു പാമ്പിന്റെ കടിയേറ്റുവാങ്ങി മരണം വരിക്കുന്നതോടെ നോവല്‍ അവസാനിക്കുന്നു.