കൊടുങ്ങല്ലൂര്‍ക്കളരി

മലയാള കവിതയുടെ ഗുണകരമായ മാറ്റത്തിന് വഴി തെളിച്ചവരാണ് 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ 20-ാം നൂറ്റാണ്ടിന്റെ തുടക്കം വരെയുളള കാലത്ത് കൊടുങ്ങല്ലൂര്‍ കോവിലകം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘം കവികള്‍. വെണ്മണി അച്ഛന്‍ നമ്പൂതിരി (1817 - 1891), വെണ്‍മണി മഹന്‍ നമ്പൂതിരി (1844 - 1893), കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1865 - 1913), കൊച്ചുണ്ണി തമ്പുരാന്‍ (1858 - 1926) എന്നിവരാണ് ഈ പ്രസ്ഥാനത്തിന്റെ നായകത്വം വഹിച്ചവര്‍. നടുവത്ത് അച്ഛന്‍ നമ്പൂതിരി (1841 - 1913), ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (1857 - 1916), ശീവൊളളി നാരായണന്‍ നമ്പൂതിരി (1869 - 1906), കാത്തുളളില്‍ അച്ചുതമേനോന്‍ (1851 - 1910), കുണ്ടൂര്‍ നാരായണ മേനോന്‍ (1862 - 1936), കൊട്ടാരത്തില്‍ ശങ്കുണ്ണി (1855 - 1937) തുടങ്ങിയ കവികളും ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു സഹായം നല്‍കി. ഇവരില്‍ വ്യാസന്റെ മഹാഭാരതം 872 ദിവസം കൊണ്ട്‌ വിവര്‍ത്തനം ചെയ്ത കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പ്രമുഖ സ്ഥാനത്തു നില്ക്കുന്നു.

സംസ്കൃത ഭാഷയ്ക്ക് പ്രാമുഖ്യമുണ്ടായിരുന്ന കവിതാശൈലിയെ മലയാളവത്ക്കരിക്കുകയാണ് കൊടുങ്ങല്ലൂര്‍കളരിക്കാരായ കവികള്‍ ചെയ്തത്. പുരാണ സന്ദര്‍ഭങ്ങളേക്കാള്‍ സാധാരണ ജീവിതാനുഭവങ്ങള്‍ വിഷയമാക്കി അവര്‍ പച്ചമലയാളത്തില്‍ കവിതകളെഴുതി.