മലയാളമെഴുതാന്‍ പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ലിപിയാണ് കോലെഴുത്ത്. വട്ടെഴുത്തിനെപ്പോലെ ഇതിലും വര്‍ഗാക്ഷരങ്ങള്‍ ഇല്ലായിരുന്നു. കോല്‍ (എഴുത്താണി) കൊണ്ട് കോറിയുണ്ടാക്കുന്നതു കൊണ്ടോ ഉളിപോലെ മൂര്‍ച്ചയുള്ള വസ്തുക്കള്‍ കൊണ്ട് കൊത്തിയുണ്ടാക്കുന്നതുകൊണ്ടോ ആവാം കോലെഴുത്ത് എന്ന പേരുവന്നത്. “കോലെഴുത്തിന് കൊച്ചിയിലും, മലബാറിലുമാണ് കൂടുതല്‍ പ്രചാരം സിദ്ധിച്ചിരുന്നതെന്ന് ഡോ. കെ. ഗോദവര്‍മ അഭിപ്രായപ്പെടുന്നു. വട്ടെഴുത്തിലും കോലെഴുത്തിലും വളരെയധികം അടുപ്പമുള്ള ലിപിസമ്പ്രദായങ്ങളാണ്”. കേരളമൊട്ടാകെ ഈ ലിപി ഉപയോഗിക്കുകയും ഇതിലുള്ള അനേകം ശാസനങ്ങള്‍ കണ്ടുകിട്ടുകയും ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ മലബാറില്‍ മുഹമ്മദീയര്‍ ഈ ലിപി ഉപയോഗിച്ചിരുന്നു. വര്‍ഗാക്ഷരങ്ങള്‍ ഇല്ലാത്തതിനാല്‍ വട്ടെഴുത്തും കോലെഴുത്തും തമിഴ് ലിപിയും ഒരേ കുടുംബത്തില്‍പ്പെട്ട അക്ഷരമാലയില്‍ നിന്നു തന്നെ വികസിച്ചതാണെന്നു മനസ്സിലാക്കാം.