കോല്‍ക്കളി

കോലുകൊണ്ടുള്ള കളിയാണ് കോല്‍ക്കളി. മെയ്യും കയ്യും മനസും ഒരു ജോടി കോലില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് കളി. വിവിധ ജാതിക്കാരും മതക്കാരും കോല്‍ക്കളി അവതരിപ്പിക്കാറുണ്ട്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കോല്‍ക്കളി പ്രചാരത്തിലുണ്ട്. കോലടിക്കളി, കമ്പടിക്കളി, കോലുകളി, കോലാട്ടം എന്നീ പേരുകളിലും കോല്‍ക്കളി അറിയപ്പെടുന്നു. പ്രാദേശിക വ്യത്യാസങ്ങള്‍ കളിയില്‍ പ്രകടമാണ്. പദഭംഗിയും താളാത്മകതയും കോല്‍ക്കളി പാട്ടുകളുടെ പ്രത്യേകതകളാണ്. ചുരുങ്ങിയത് പതിനാറ് കളിക്കാരെങ്കിലും വേണം  മെയ്യും കണ്ണും കോലും ഒത്തിണങ്ങിയാലെ കളി നന്നാവൂ.

കളരിയഭ്യാസവുമായും പൂരക്കളിയുമായും അഭേദ്യ ബന്ധം കോല്‍ക്കളിക്കുണ്ട്. കളിയില്‍ പ്രയോഗത്തിലുള്ള ചുവടുകളും മെയ്യഭ്യാസമുറകളും കളരിയില്‍ നിന്നും പകര്‍ത്തിയതാണെന്നു പറയാം. കോല്‍ക്കളിയില്‍ പ്രചാരത്തിലുള്ള വന്ദനം, കളി തൊഴല്‍, ചിന്ത് തുടങ്ങിയ രീതികള്‍ പൂരക്കളിയിലും പ്രയോഗത്തില്‍ ഉള്ളവയാണ്. അങ്കക്കളരിയിലെ വായ്ത്താരിയും അവയുടെ താളവും കോല്‍ക്കളിപ്പാട്ടുകളേയും താളക്രമങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.  

അരയില്‍ മഞ്ഞ പട്ടും തലയില്‍ ചുവന്ന പട്ടുമാണ് കളിക്കാരുടെ വേഷം. ചന്ദനക്കുറി തൊടും. മുസ്ലിംങ്ങള്‍ കൈലിമുണ്ടും ബനിയനും ധരിച്ചു കളിക്കാറുണ്ട്.  

കളിക്കാര്‍ നിലവിളക്കിന് ചുറ്റും നിന്നു കൊണ്ടാണ് കളിക്കുന്നത്. ഓരോ കളിക്കാരന്റെ കൈയിലും രണ്ടു കോലുകള്‍ വീതം കാണും. കൈയിലുള്ള കോലു കൊണ്ട് അന്യോന്യം അടിക്കുകയും തടുക്കുകയും ചെയ്തു കൊണ്ടാണ് കളി മുന്നേറുന്നത്. കളരി മുറകളോടു് സാമ്യമുള്ള  മെയ്യഭ്യാസം കളിയിലുടനീളം പ്രകടമാണ്.

കോല്‍ക്കളിയില്‍ ആദ്യം വന്ദനക്കളിയാണ്. വന്ദനം കഴിഞ്ഞാല്‍ മറ്റു സമ്പ്രദായത്തിലുള്ള കളികള്‍ കളിക്കും. ഇരുന്നുകളി, തടുത്തുകളി, താളക്കളി, കൊടുത്തൊ പോന്ന കളി, തടുത്തു തെറ്റിക്കോല്‍, ഒരു മണി മുത്ത്, ചുറഞ്ഞു ചുറ്റല്‍, ചിന്ത് തുടങ്ങിയ വിഭാഗങ്ങളിലും ഉപവിഭാഗങ്ങളിലുമായി അറുപതില്‍പ്പരം ഇനങ്ങള്‍ കോല്‍ക്കളിയില്‍ പ്രചാരത്തിലുണ്ട്. ഒരോ കളിക്കും പ്രത്യേക താളവട്ടങ്ങളുണ്ട്. താളങ്ങള്‍ക്കനുസരിച്ച ഗാനങ്ങളാണ് പാടുന്നത്. വൈവിധ്യമാര്‍ന്ന താളങ്ങളുടെ സമ്മിശ്രമാണ് കോല്‍ക്കളിപ്പാട്ടുകള്‍. ഭക്തിരസ പ്രധാനമായ കഥകളോടൊപ്പം പ്രാദേശിക ദേവതമാരുടെ വിശദമായ വിവരണങ്ങളും അടങ്ങുന്നവയാണ് ഈ പാട്ടുകള്‍. അതുകൊണ്ടുതന്നെ പ്രാദേശിക ചരിത്രരചനയ്ക്ക് സുപ്രധാനമായ സംഭാവന നല്‍കാന്‍ ഈ പാട്ടുകള്‍ക്ക് കഴിയും.
വന്ദനക്കളിയെ വട്ടക്കോല്‍ എന്നും പറയാറുണ്ട്.

ദിത്തത്തത്ത - ധിന്തത്താ  കിട-ധിത്തൈ ധിമിത്തതില്ലത്തൈ - എന്ന പ്രത്യേക താളക്രമത്തിലാണു വന്ദനക്കളി കളിക്കുന്നത്. ഇരുന്നു കൊണ്ട് കോലടിച്ചാണ് ഇരുന്നു കളി. തടുത്തുകളിയില്‍ ഒരു വട്ടത്തിനുള്ളില്‍ പകുതിഭാഗം കളിക്കാര്‍ അകത്തും മറ്റേ പകുതി ഭാഗം പുറത്തു നിന്നും അന്യോന്യം തടുത്തു കളിക്കുന്നു. വ്യത്യസ്ത താളക്രമത്തിലുള്ള തടുത്തു കളിയാണു താളക്കളി.ഒറ്റക്കളിയണ് ഒരുമണിമുത്ത്. മാപ്പിള (മുസ്ലീം) ഭാഷയുമായും താളവുമായും ഈ കളിക്ക് ബന്ധമുണ്ട്. ഒറ്റയായും ഇരട്ടയായും അവതരിപ്പിക്കുന്ന കളിയാണ് ഒളവും പുറവും. കാലും ശരീരവും ഉപയോഗിച്ചുള്ള ചുറയലും ചുറ്റലും ചവിട്ടി ചുറ്റലിന്റേയും ചുറഞ്ഞുചുറ്റലിന്റെയും പ്രത്യേകതയാണ്. സാവകാശത്തിലുള്ള ചുവടുകളാണ് ചിന്തിന്റെ പ്രത്യേകത. നര്‍ത്തന സ്വഭാവത്തോടെയാണ് ചിന്ത് അവതരിപ്പിക്കുന്നത്.  

താളാത്മകമായ കളിക്കാരുടെ ചുവടുകള്‍ കോല്‍ക്കളിയുടെ സവിശേഷതയാണ്. കളിക്കാരുടെ സ്ഥാനനിര്‍ണ്ണയം കളിയില്‍ പ്രധാനമാണ്. കളിയുടെ ഗതിക്കനുസരിച്ച് അകത്തും പുറത്തുമായി കളിക്കാര്‍ ചുവടു മാറ്റും. കളിക്കാരുടെ സ്ഥാനത്തിനനുസരിച്ച് രണ്ട് വിഭാഗക്കാരായി കാണാവുന്നതാണ്. ഒരു കൂട്ടര്‍ അകവും മറ്റൊരു കൂട്ടര്‍ പുറവും. ഇടക്കിടെ സഥാനം മാറിക്കൊണ്ട് കളിക്കുന്നതിന് കോര്‍ക്കല്‍ എന്നു പറയും. സ്ഥാനം മാറി കളിച്ചാലും കളിയുടെ അവസാനം അതാതു സ്ഥാനത്ത് വന്നെത്തും.

ദൃശ്യ-ശ്രാവ്യ സങ്കേതങ്ങളെ ചാരുതയോടെ സമന്വയിപ്പിക്കുന്ന കലാശില്പമാണു കോല്‍ക്കളി. ഒരോ കളിക്കും പ്രത്യേക താള വട്ടങ്ങളുണ്ട്. താകിടകിടചേം, തകൃതാതില്ലത്തൈ, തിത്താ തിത്താ തിന്തത്താകിട, തക്കിടതില്ലത്തൈ -എന്നിവ കളിയില്‍ ഉപയോഗിച്ചു വരുന്ന ചില താളങ്ങളാണ്. 

ഹിന്ദുക്ഷേത്രങ്ങളെ ചുറ്റിപറ്റിയാണ് കോല്‍ക്കളി നിലനിന്നതും വളര്‍ച്ച പ്രാപിച്ചതും. കോല്‍ക്കളിയുടെ പ്രകടനത്തിലും പ്രചാരണത്തിലും മുസ്ലിംസമുദായവും നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. വ്യത്യസ്തമായ ശൈലികള്‍ മാപ്പിളക്കോല്‍ക്കളിയില്‍ ഉണ്ട്. 'താളക്കളിയും', 'കുരുക്കളുംകുട്ടികളും' ഇത്തരം രണ്ടിനങ്ങളാണ്. ശ്രുതിമധുരങ്ങളായ പാട്ടുകളും ദ്രുതഗതിയിലുള്ള ചലനങ്ങളും താളക്കളിയുടെ പ്രത്യേകതകളാണ്. കോഴിക്കോട് ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയിടയിലാണ് താളക്കളിക്ക് പ്രചാരം. മലപ്പുറം ജില്ലയില്‍ കുരിക്കളും കുട്ടികളും എന്ന ശൈലിക്കാണ് കൂടുതല്‍ പ്രചാരം. ആശാനാണ് കുരിക്കള്‍. ശിഷ്യന്മാര്‍ കുട്ടികളും. താളാത്മകത കുറവാണ് ഈ ശൈലിയില്‍. വീരരസപ്രധാനങ്ങളായ പാട്ടുകളാണ് കൂടുതലും.   

കോല്‍ക്കളിയില്‍ നീണ്ട കാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍. പയ്യന്നൂരിലെ ആനിടില്‍ രാമന്‍ എഴുത്തച്ഛന്‍ ഭക്തിരസപ്രധാനമായ ഒട്ടേറെ കോല്‍ക്കളി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. കലാശപ്പാട്ട് എന്ന കൃതി ഇതില്‍ ശ്രദ്ധേയമാണ്. എതാണ്ടു 150 വര്‍ഷം മുന്‍പ് എഴുതിയ ഈ  കൃതിയിലെ പാട്ടുകള്‍ കോല്‍ക്കളിക്കായി എഴുതിയതാണെന്ന് പാട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സമീപകാലത്ത് മലയാള കവിതകളും മറ്റും കോല്‍ക്കളിക്കനു രിച്ച് ചിട്ടപ്പെടുത്തി പാടാറുണ്ട്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ കാലയളവില്‍ പ്രചരണത്തിനായി ധാരാളം പുതിയ കവിതകളും കോല്‍ക്കളിക്കായി ഉപയോഗിച്ചിരുന്നു.ആകര്‍ഷകമായ രീതിയില്‍ കളി അവതരിപ്പിക്കുന്ന യുവാക്കളുടെ കളിസംഘങ്ങള്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ധരാളമുണ്ട്. 

മുന്‍പു കാലത്ത് സ്ത്രീകളും കോല്‍ക്കളിയില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്ത്രീകള്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി കോലാട്ടമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നര്‍ത്തനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കളികളാണ് കോലാട്ടത്തിന്റെ പ്രത്യേകത. അപൂര്‍വമായി ഇന്നും സ്ത്രീകളുടെ കളി സംഘങ്ങള്‍ ഉണ്ട്.