ചുവര്‍ ചിത്രകലാ മ്യൂസിയം, തൃശ്ശൂര്‍

കൊല്ലങ്കോട് രാജാവിയിരുന്ന വാസുദേവരാജ 1904-ല്‍ പണികഴിപ്പിച്ച കൊല്ലങ്കോട് ഹൗസിലാണ് ചുവര്‍ ചിത്രകലാ മ്യൂസിയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേരളീയ വാസ്തുശില്‍പ്പ ശൈലിയുടെ വടക്കന്‍ മാതൃകയിലുള്ള മനോഹരമായ ഒരു കൊട്ടാരമാണിത്.

1975-ലാണ് ഈ കൊട്ടാരം സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്. പഴയ വെങ്ങുന്നാട് സ്വരൂപമാണ് കൊല്ലങ്കോട് രാജവംശം എന്ന് അറിയപ്പെടുന്നത്. വെങ്ങുന്നാട് നമ്പിടി എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.പാലക്കാടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ തെന്‍മലയുടെ താഴ്‌വരയുള്‍പ്പെട്ട ദേശത്തിന്റെ അധിപന്‍മാരായിരുന്നു നമ്പിടിമാര്‍. മൈസൂര്‍ രാജാവായിരുന്ന ഹൈദരാലിയാണ് ഇവര്‍ക്ക് 'രാജ' സ്ഥാനം കല്‍പ്പിച്ചു നല്‍കിയത്. ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെ നമ്പിടിമാരുടെ അധികാരങ്ങള്‍ നഷ്ടമായി.

പുരാവസ്തു വകുപ്പിന്റെ ചുവര്‍ ചിത്രകലാ വിഭാഗത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ ഈ സ്ഥാപനത്തില്‍ കേരളത്തിലെ അപൂര്‍വ്വമായ ചുവര്‍ ചിത്രങ്ങളുടെ തനതായ പുന:സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. മട്ടാഞ്ചേരി കോവിലകം, പുണ്ഡരീകപുരം ക്ഷേത്രം, കാഞ്ഞൂര്‍ പള്ളി എന്നിവിടങ്ങളിലെ ചുവര്‍ ചിത്രപാളികളില്‍ നിന്നും പകര്‍ത്തിയിട്ടുള്ളതാണ് ഈ അപൂര്‍വ്വ ചിത്രങ്ങളിലധികവും. ബദരീനാഥ്, രാമേശ്വരം, കാശി, കന്യാകുമാരി എന്നീ പുണ്യസ്ഥലങ്ങളുടെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് വരച്ച രേഖാചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഇപ്പോള്‍ ഈ മന്ദിരത്തില്‍ പുരാവസ്തു വകുപ്പിന്റെ ജില്ലാ പൈതൃക മ്യൂസിയവും ആരംഭിച്ചിട്ടുണ്ട്. 

പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ

പ്രവേശന നിരക്കുകള്‍

മുതിര്‍ന്നവര്‍   10.00 രൂപ
കുട്ടികള്‍ (5-12 വയസ്സ്)   02.00 രൂപ
ക്യാമറ   50.00 രൂപ
വീഡിയോ ക്യാമറ  250.00 രൂപ