കൊമ്പ്

കേരളീയക്ഷേത്രവാദ്യമാണ് കൊമ്പ്. താളമേളങ്ങള്‍ക്ക് മേളക്കൊഴുപ്പ് പകരാന്‍ കൊമ്പിന്റെ കഴിവ് അതുല്യമാണ്. വെങ്കലംകൊണ്ട് അര്‍ദ്ധ വൃത്താകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള വാദ്യോപകരണമാണിത്. ഒരറ്റത്ത് ചെറിയദ്വാരത്തില്‍ തുടങ്ങി ക്രമേണ വ്യാസം  വര്‍ധിച്ച് കോളാമ്പിയുടെ മുഖംപോലെ അവസാനിക്കുന്ന അര്‍ദ്ധവലയാകൃതിയിലുളളതാണ് ഈ വാദ്യോപകരണം. മൂന്നു ഖണ്ഡങ്ങളുണ്ട് കൊമ്പിന്. ഊതാന്‍ നേരം ഇവ മൂന്നും പിരിയിട്ട് മുറുക്കുന്നു.  ഒരു കൈകൊണ്ട്  ഊതുന്ന  മുരടിലും മറുകൈകൊണ്ട് വളഞ്ഞ മധ്യഭാഗത്തും പിടിച്ചാണ് വാദ്യക്കാരന്‍ കൊമ്പ് ഊതുന്നത്. മികച്ച അഭ്യസനവും ശ്വസനനിയന്ത്രണവും കൊമ്പ് വായിക്കാന്‍ ആവശ്യമാണ്.

കൊമ്പ് പ്രമാണവാദ്യമായ കൊമ്പ് പറ്റ് എന്നൊരു വാദ്യ മേളം തന്നെയുണ്ട്. പഞ്ചവാദ്യത്തിലും കൊമ്പിന് സവിശേഷസ്ഥാനമുണ്ട്. പഞ്ചവാദ്യത്തിലെ കൊട്ടിക്കലാശത്തില്‍ കൊമ്പ് വിളി പ്രധാനമാണ്. ആനപ്പുറത്തെഴുന്നളളത്തിന് കൊമ്പൂതുമ്പോഴാണ് ചാമരക്കാരും എഴുന്നേറ്റ് നിന്ന് ആലവട്ടം പിടിച്ച് ചാമരം വീശുന്നത്.

മൃഗങ്ങളുടെ  കൊമ്പിന്റെ ആകൃതിയുളളതിനാലാണ് ഈ വാദ്യത്തിന് കൊമ്പ് എന്ന്  പേരു ലഭിച്ചത്. സര്‍പ്പമുഖവും വ്യാഘ്ര മുഖവുമുള്ള കൊമ്പുകളുണ്ട്. നേപ്പാളില്‍  ഇന്നും ഈ വാദ്യം പ്രചാരത്തിലുണ്ട്. അതുകൊണ്ട് കേരളത്തിലെ ബുദ്ധമത സ്വാധീനകാലത്താണ് ഈ വാദ്യം രൂപം കൊണ്ടതെന്ന് കരുതുന്നു.