കൂത്തമ്പലം

ഭരതമുനിയുടെ നാട്യശാസ്ത്രവിധിപ്രകാരം രംഗമണ്ഡപമുള്‍പ്പടെ, പ്രത്യേകം സജ്ജമാക്കപ്പെട്ട നാട്യഗൃഹമാണ് കൂത്തമ്പലം. കേരളത്തെ സംബന്ധിച്ചിടത്തോളം കൂത്തും കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും പാരമ്പര്യാനുസാരിയായി അവതരിപ്പിച്ചുപോരുന്ന പവിത്രസ്ഥലിയാണിത്. തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തിലും ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലും മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും പാരമ്പര്യവിധിപ്രകാരമുള്ള കൂത്തമ്പലമുണ്ട്. ഇവയില്‍ നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ട് കലാമര്‍മ്മജ്ഞനും എഞ്ചിനീയറുമായിരുന്ന ഡി. അപ്പുക്കുട്ടന്‍നായര്‍ രൂപകല്പന ചെയ്തതാണ് കേരള കലാമണ്ഡലത്തിന്റെ കൂത്തമ്പലം.

1976-ല്‍ പണി പൂര്‍ത്തിയായ കൂത്തമ്പലത്തിന്റെ അകവും പുറവും കളിക്കാര്‍ക്കും കാണികള്‍ക്കും വശ്യമനോഹരമായ ഒരനുഭവമാണ്. കൂത്തമ്പലത്തിനുള്ളിലെ കരിങ്കല്‍ത്തൂണുകളില്‍ 108 നൃത്തകരണങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. നാട്യശാസ്ത്രത്തില്‍ അനുശാസിക്കും പ്രകാരമാണ് ഈ കരണങ്ങളുടെ രൂപകല്‍പ്പന. തേക്കും ഈട്ടിയുമാണ് കൂത്തമ്പലത്തിന്റെ നിര്‍മ്മിതിയില്‍ ഉപയോഗിച്ചിട്ടുള്ളത്. അരങ്ങിനു പിന്നിലായി രണ്ട് അണിയറകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂത്തമ്പലത്തിന്റെ സുഖശീതളിമയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത് മഹാഭാഗ്യമാണെന്ന് ഉന്നതരായ കലാകാരന്മാരും കലാകാരികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സദസിനെ സംബന്ധിച്ച് ഇവിടെ കലകള്‍ക്കഭിമുഖമാവുക ഉദാത്തമായൊരു അനുഭൂതിവിശേഷമാണ്.

കാലപ്പഴക്കം കൊണ്ട് മേല്‍ക്കൂരയിലും മറ്റുമുണ്ടായ കേടുപാടുകള്‍ തീര്‍ത്ത് കൂത്തമ്പലത്തിന്റെ പഴയ പ്രൗഢി നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. കലാമണ്ഡലത്തിന്റെ വിവിധ കലാപരിപാടികള്‍ കൂടാതെ ക്ഷണിതാക്കളുടെ നൃത്തവും നാട്യവും സംഗീതവും കൂത്തമ്പലത്തില്‍ അവതരിപ്പിക്കപ്പെട്ടുപോരുന്നു.